ന്യൂദല്‍ഹി : മൊട്ടേര സ്റ്റേഡിയത്തില്‍വെച്ച് തനിക്ക് ലഭിച്ചത് ഏറ്റവും വലിയ അംഗീകാരമാണ്. എന്നാല്‍ അവിടെ എത്തിയ ആളുകള്‍ എന്നെ കാണാനല്ല മറിച്ച് താങ്കളെ കാണാനാണ് എത്തിയത്. ദല്‍ഹി അഹമ്മദാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
അഹമ്മദാബാദിലെ പരിപാടിക്കിടെ താങ്കളുടെ പേര് പരാമര്‍ശിക്കുമ്പൊഴെല്ലാം ജനങ്ങള്‍ ആര്‍ത്തുവിളിക്കുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ താങ്കളെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നമസ്തേ ട്രംപ് പരിപാടിയില്‍ ഒന്നേകാല്‍ ലക്ഷം ആളുകളാണ് പങ്കെടുക്കാനായി തടിച്ചുകൂടിയതെന്നും ഇത് വലിയ അംഗീകാരം ആണെന്നും ട്രംപ് പറഞ്ഞു. തിരക്കേറിയ സമയമായിട്ടും ഇന്ത്യ സന്ദര്‍ശനത്തിനായി സമയം ചെലവഴിച്ചതിന് ട്രംപിനെ നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ആശ്രമവും സമാധി സ്ഥലമായ രാജ്ഘട്ടും സന്ദര്‍ശിച്ചത് മറക്കാനാവാത്ത മുഹൂര്‍ത്തമാണ്. ലോക പൈതൃക കേന്ദ്രമായ താജ്മഹലില്‍ ചെലവിട്ട ഓരോ നിമിഷവും തനിക്കും ഭാര്യ മെലാനിയയ്‌ക്കും ഏറെ വിലപ്പെട്ടതാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ദല്‍ഹിയില്‍ നടന്ന മോദി ട്രംപ് കൂടിക്കാഴ്‌ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പല മേഖലകളിലും സഹകരണത്തിന് ധാരണയായി. ഇസ്ലാമിക ഭീകരതക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ സ്വന്തം നാട്ടിലെ ഇസ്ലാമിക ഭീകരതയെ തുടച്ചു നീക്കണമെന്നും കൂടിക്കാഴ്‌ച്ചയില്‍ ട്രംപ് അറിയിച്ചു. ഇത് കൂടാതെ ആഭ്യന്തര സുരക്ഷ, ആരോഗ്യ മേഖലയിലെ മരുന്നുകളുടെ ലഭ്യത, ഊര്‍ജ്ജ മേഖലയിലെ ഇന്ധനത്തിന്റെ ലഭ്യത എന്നീ മേഖലകളിലാണ് കരാറുകാര്‍ ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ വിവിധ മേഖലകളില്‍ സഹകരണം വളര്‍ന്നിട്ടുണ്ട്. ഊര്‍ജ്ജമേഖലയില്‍ ഇന്ത്യ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ- യുഎസ് വ്യാപാര ബന്ധവും ഈ കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇസ്ലാമിക ഭീകരതയെ പ്രതിരോധിക്കാനും ഇരുരാജ്യങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനും വേണ്ട നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ്. ഇന്തോ പസഫിക് മേഖലയിലെ അന്താരാഷ്‌ട്ര ഭീഷണികള്‍ ഇല്ലാതാക്കാന്‍ ഇന്ത്യ നേതൃത്വം കൊടുക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ-ജപ്പാന്‍ സംയുക്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹകരണവും നല്‍കുമന്നെും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
സൈബര്‍ രംഗത്തും സമുദ്ര മേഖലകളിലും ഉള്ള ഭീകരതയടക്കം ഇന്തോ പസഫിക് മേഖലയില്‍ നിന്നും തുടച്ചു നീക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ട്രംപും അറിയിച്ചു. സാമ്പത്തിക വ്യാപാര രംഗത്ത് ഇന്ത്യയുമായുള്ള സഹകരണത്തില്‍ 60 ശതമാനത്തിലേറെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതിനൊപ്പം ഊര്‍ജ മേഖലയില്‍ പുതിയ മുന്നേറ്റം തുടരുകയാണ്. വനിതാ ശാക്തീകരണത്തിന് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. വനിതകളുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്നത്ര സഹായം നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: