ന്യൂദല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ നിയമത്തിന്റെ മറവില്‍ നടക്കുന്ന കലാപം അതിരൂക്ഷം. ഗോകുല്‍പുരി ഉള്‍പ്പെടെ പ്രദേശങ്ങളിലേക്ക് കലാപം കത്തിപ്പടരുകയാണ്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലും തീവെപ്പും വ്യാപകമാവുകയാണ്. വീടുകളും കടകളും കൂടാതെ ആരാധാനാലയങ്ങളും തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഇതേത്തുടര്‍ന്ന് ഒരു മാസത്തേക്ക് വടക്കന്‍ ദല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്തിടങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചു മെട്രോ സ്റ്റേഷനുകളും അടച്ചു. അക്രമങ്ങള്‍ രക്തരൂക്ഷിതമായതിനെ തുടര്‍ന്നാണ് ക്രമസമാധാന പാലനത്തിനായി കേന്ദ്ര സേന ഇറങ്ങുന്നത്.
35 കമ്പനി അര്‍ധ സൈനിക വിഭാഗത്തെയാണ് പ്രശ്നങ്ങള്‍ ശാന്തമാക്കാനായി നിയോഗിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ ആക്കുന്നതിനായി സംസ്ഥാന പോലീസ് ശ്രമം നടത്തിയെങ്കിലും പൂര്‍ണ്ണമായി അതിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സേനയെ ഇറക്കാനായി തീരുമാനിച്ചത്. സംസ്ഥാനത്ത് ഒരു വിഭാഗം ആളുകള്‍ മനപ്പൂര്‍വ്വം കലാപങ്ങള്‍ സൃഷ്ടിക്കാനായി ശ്രമം നടത്തുകയാണ്. അതിനിടയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനും ഇതിനിടയില്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ മത മൗലികവാദികളാണ് ആക്രണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
അതിനിടെ കലാപകാരികള്‍ക്കെതിരെയുള്ള നടപടികളെടുക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്രസര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കലാപകാരികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേജ്രിവാള് ഇന്ന് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. അമിത്ഷാ സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ സംസ്ഥാനത്തെ അതിര്‍ത്തികള്‍ അടച്ചുപൂട്ടണമെന്നും കലാപത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളെ കരുതല്‍ തടങ്കലില്‍ ഇടാനും അരവിന്ദ് കെജ്രിവാള് ദല്‍ഹി പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ഒരു പോലീസുകാരനടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പോലീസുകാര്‍ ഉള്‍പ്പടെ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്. അതിനിടെ ആക്രമണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി സ്പെഷ്യല്‍ സെല്‍, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: