ടെഹ്‌റാന്‍: ചൈനയെ ഭീതിയിലാഴ്‌ത്തി 2,500ല്‍ അധികം ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസ് ബാധ ഇറാനിലും പിടിമുറുക്കുന്നു. തിങ്കളാഴ്ച പുറത്തുവന്ന കണക്കനുസരിച്ച് 50 പേരാണ് കൊറോണ ബാധിച്ച് ഇറാനില്‍ മരിച്ചത്. 250 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രോഗം ചൈനയ്‌ക്ക് പുറത്ത് ഭീകരമായ രീതിയില്‍ വ്യാപിക്കുന്നത്.
കഴിഞ്ഞ ദിവസം 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു, 12 പേര്‍ മരിച്ചു. ഈ സാഹചര്യത്തില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് അമ്പത് പേര്‍ മരിച്ചതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. മരിച്ച അമ്പത് പേരും ഖോം നഗരത്തിലുള്ളവരാണ്. മതപഠനത്തിന് പ്രാധാന്യമേറിയ സ്ഥലമാണ് ഖോം. വിവിധ രാജ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്ന നഗരമായതിനാല്‍ സ്ഥിതി ഗുരുതരമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. ഇറാനിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
കൊറോണ പടരുന്ന സാഹചര്യത്തില്‍ ഇറാനിലെ പല നഗരങ്ങളിലെയും സ്‌കൂളുകള്‍ അടച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എത്രപേര്‍ക്ക് രോഗം ബാധിച്ചെന്നോ എത്രപേര്‍ മരിച്ചെന്നോയുള്ള കൃത്യമായ കണക്ക് ആരോഗ്യ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് നഗരങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കുവൈറ്റിലും ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍ നിന്ന് കുവൈറ്റിലെത്തിയ മൂന്നു പേരില്‍ ഒരാള്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. കുവൈറ്റിലെത്തിയ 750 ഇറാന്‍ പൗരന്മാര്‍ നിരീക്ഷണത്തിലാണ്. ഇറാനില്‍ നിന്ന് കാനഡ, ലെബനോണ്‍, യുഎഇ, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലെത്തിയവര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാക്കിസ്ഥാനും തുര്‍ക്കിയും ഇറാനിലേക്കുള്ള യാത്രാ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലും തിങ്കളാഴ്ച ആദ്യ കോറോണ ബാധ സ്ഥിരീകരിച്ചു. കാബൂളില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി ഫിറോസുദ്ദീന്‍ ഫിറോസ് അറിയിച്ചു. കാബൂളില്‍ മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്.
ചൈനയില്‍ മരണം 2,500 കടന്നു
വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,592 ആയി. തിങ്കളാഴ്ച മാത്രം 150 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. 409 പുതിയ കേസുകള്‍ മാത്രമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 77,150 ആയി.
ഹുബയ് പ്രവിശ്യയില്‍ മാത്രം 398 കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. രോഗം പടരുന്നത് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. ആറ് നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു.
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റ് യോഗങ്ങള്‍ മാറ്റിവയ്‌ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈനയില്‍ പാര്‍ലമെന്റ് യോഗം മാറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: