ന്യൂദല്‍ഹി: ബേക്കറികളും എടിഎമ്മുകളും കൊള്ളയടിച്ച് ദല്‍ഹിയിലെ കലാപകാരികള്‍. വടക്കുകിഴക്കന്‍ ദല്‍ഹിയിലെ മൗജ്പൂര് മേഖലയില്‍ കടകള്‍ക്കും ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും കലാപകാരികള്‍ തീയിട്ട ശേഷമാണ് ബേക്കറികളിലേക്ക് തിരിഞ്ഞത്. ബേക്കറികളുടെ പൂട്ടുകള്‍ തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവ കൊള്ളയടിച്ചു. ലഡുവും ജിലേബിയും അടക്കം സൂക്ഷിച്ചിരുന്ന അലമാരകള്‍ കലാപകാരികള്‍ എടുത്തുകൊണ്ട് പോയി. പഴക്കടകളും കലാപകാരികള്‍ കൊള്ളയടിച്ചിട്ടുണ്ട്. പഴവര്‍ഗങ്ങള്‍ ഏടുത്തശേഷം കടകള്‍ക്ക് തീയിടുകയായിരുന്നു.
സ്ഥലത്തെ എടിഎം മെഷിനുകള്‍ കലാപകാരികള്‍ ഇളക്കികൊണ്ടു പോകുകയാണ് ചെയ്തത്. അതേസമയം, ഡല്‍ഹിയിലെ കലാപത്തില്‍ ആറ് നാട്ടുകാരും ഒരു പോലീസ് കോണ്‍സ്റ്റബിളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഹെഡ് കോണ്‍സ്റ്റബിള്‍ രതന് ലാല്‍(42) ആണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സംഘര്‍ഷത്തില്‍ രാജ്യതലസ്ഥാനം സ്തംഭിച്ചിരിക്കുന്നത്. പ്രദേശത്ത് പത്തിടങ്ങളില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫ്രാബാദ് അടങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ പല ഭാഗങ്ങളിലും യുദ്ധസമാന സാഹചര്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: