ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രീതിക്ക് പാത്രമാവാന്‍ ഹിന്ദുവിരുദ്ധരാവുക എന്ന നയം സ്വീകരിച്ചവരാണ് കേരളത്തിലെ സാഹിത്യ ബുദ്ധിജീവികള്‍. ഹിന്ദുവിനെതിരെ പറഞ്ഞാല്‍ തങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത എപ്രകാരമൊക്കെയായിരിക്കും എന്ന് അവര്‍ക്ക് തന്നെ വേണ്ടത്ര നിശ്ചയം കാണില്ല. പുരസ്കാരങ്ങളായും സ്ഥാനമാനങ്ങളായും ഈ സാഹിത്യവിശാരദന്മാരെ തേടിയെത്തുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ പ്രഭാ വര്‍മ്മയ്ക്ക് അടുത്തിടെ കിട്ടിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം, യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനുള്ളിലെ ഇടതുപക്ഷ സ്തുതിപാഠകനുള്ളതാണ്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം. പാഴായിപ്പോയ ജന്മമായിരുന്നു തന്റേതെന്ന് പരിതപിക്കുന്ന, ചെയ്തുപോയ കാര്യങ്ങളെയോര്‍ത്ത് കുറ്റബോധത്താല്‍ നീറുന്ന ശ്രീകൃഷ്ണനെയാണ് പ്രഭാവര്‍മ ശ്യാമമാധവത്തിലൂടെ അവതരിപ്പിക്കുന്നത്. എന്നാല്‍, ശ്രീകൃഷ്ണ ഭക്തരുടെ മനസ്സില്‍, ഭഗവാന് നിറയുന്നത് കുറ്റബോധ ഭാരത്താല്‍ ശിരസ്സു താഴ്ന്ന നിലയിലല്ല. കാലത്രയത്തെക്കുറിച്ചും, വരുംവരായ്കകളെക്കുറിച്ചും ഉത്തമബോധ്യമുള്ള ഊര്‍ജസ്വലനായ ദീര്‍ഘദര്‍ശിയാണ് കൃഷ്ണന്.
സാഹിത്യകാരന് കൃഷ്ണനെ വ്യാഖ്യാനിക്കാനും വര്ണിക്കാനുമുള്ള ആവിഷ്കാര സ്വാതന്ത്ര്യമുണ്ട്. അതുചെയ്തവര്‍ മുന്‍പും ഉണ്ടായിട്ടുമുണ്ട്. അത്തരത്തിലുള്ള പുരസ്കാരങ്ങള്‍ നല്കിയ ചരിത്രവുമുണ്ട്. പക്ഷേ, ഇതു ഹൈന്ദവ വിശ്വാസികളെ പിന്നാലെ നടന്നു മനപ്പൂര്‍വം കുത്തിനോവിക്കുന്നതു പോലെയായി. ഭക്തകവിയായ പൂന്താനത്തിന്റെ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിക്കുന്ന കവിത തന്നെ പൂന്താനത്തിന്റെ ജ്ഞാനപ്പാനയുടെ പേരിലുള്ള പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നതിനു പിന്നിലെ ലക്ഷ്യം മറ്റെന്താണ്? ഭക്തരുടെ ഹൃദയത്തില്‍ ആശ്രിതവത്സലനായും വീരപുരുഷനായുമാണ് കൃഷ്ണന് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ആ കൃഷ്ണന്റെ സ്ഥാനത്ത് അമ്പേ പരാജിതനെന്ന് സ്വയം വിലയിരുത്തുന്ന കൃഷ്ണനെ പ്രതിപാദിക്കുന്ന കവിതയ്ക്കാണ് അതേ ഭക്തര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന പണത്തിന്റെ വിഹിതം കൊണ്ടു പുരസ്കാരം നല്‍കുന്നത്.
ഹിന്ദുവിരുദ്ധത സാഹിത്യരംഗത്ത് മാത്രമുള്ള പ്രവണതയല്ല. ഹിന്ദുവിന്റെ ആചാര വിശ്വാസങ്ങള്‍ എതിര്‍ക്കണം, അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണ് എന്ന ചിന്ത ഇടതരുടെയുള്ളില് എങ്ങനെയോ വേരുപിടിച്ചുകിടപ്പുണ്ട്. ശബരിമല വിഷയത്തില്‍, ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടും എന്നറിഞ്ഞിട്ടും, യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു ഇടതു ഭരണകൂടം. എതിര്‍ത്തവരെയൊക്കെ തിരഞ്ഞുപിടിച്ച് അഴിക്കുള്ളിലുമാക്കി. അതേ സര്‍ക്കാര്‍ തന്നെ ചില ക്രിസ്ത്യന്‍ പള്ളികളുടെ കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാതെ മെല്ലെപ്പോക്ക് നയം സ്വീകരിച്ചു. ബീഫ് നിരോധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് അരങ്ങേറിയ പേക്കൂത്തുകള്‍ക്ക് കൈയും കണക്കുമില്ല. കലാലയങ്ങളില്‍ മാത്രമല്ല, ക്ഷേത്രപരിസരത്ത് പോലും ബീഫ് വിളമ്പി പ്രതിഷേധിക്കാനും പ്രതിഷേധക്കാര്‍ മറന്നില്ല. അന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം നിന്ന പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കേരള പോലീസിന്റെ പുതിയ ഭക്ഷണക്രമത്തില്‍ നിന്നു ബീഫിനെ ഒഴിവാക്കി. ഈ വിഷയത്തില്‍ ആര്‍ക്കും ചോദിക്കുകയും വേണ്ട, പറയുകയും വേണ്ട, പ്രതിഷേധിക്കുകയും വേണ്ട.
കാലാകാലങ്ങളായി ഹൈന്ദവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി അവരുടെ ആചാര വിശ്വാസങ്ങള്‍ സമൂഹമധ്യത്തില്‍ ഹനിക്കപ്പെടുന്നു എന്നതാണ്. ഹൈന്ദവ സംഘടനകള്‍ ഇതിനെതിരെ പ്രകോപനം സൃഷ്ടിക്കാതെ പലപ്പോഴും ഒഴിഞ്ഞുമാറി ആത്മസംയമനം പാലിക്കുന്നത്, മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്നത് അതിന്റെ സംസ്കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടാണ്. പക്ഷേ പ്രകോപനം സൃഷ്ടിക്കുന്ന പ്രവണത തുടര്‍ക്കഥയാകുന്നു.
ഹിന്ദു ദേവീദേവന്മാരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നഗ്നരായി ചിത്രീകരിച്ചു. സരസ്വതി ദേവിയെ നഗ്നയായി വരച്ച എം.എഫ്. ഹുസൈന് രാജാരവിവര്‍മ പുരസ്കാരം നല്‍കിയാണ് ഒരിക്കല്‍ കേരള സര്‍ക്കാര്‍ ആദരിച്ചത്. ഹുസൈന് തുടങ്ങിവച്ച ആവിഷ്കാര ശൈലി അദ്ദേഹത്തിന്റെ ഇളമുറക്കാര്‍ തുടര്‍ന്നു. തൃശൂര്‍ കേരളവര്‍മ കോളേജിലെ എസ്എഫ്ഐക്കാര്‍ സരസ്വതി ദേവിയെ വീണ്ടും നഗ്നയാക്കി, അയ്യപ്പ സ്വാമിയെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ പേരില്‍ കേരളത്തില്‍ ഒരിടത്തും സംഘര്‍ഷമുണ്ടായില്ല. ഇതേ കേരളത്തില്‍ തന്നെയാണ് ഒരു കാര്‍ട്ടൂണ്‍ വിവാദം ഏറെ ചര്‍ച്ചയായത്. കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണ്‍ ചിലരുടെ മതവികാരം വ്രണപ്പെടുത്തുകയും മതപ്രതീകങ്ങളെ അവഹേളിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ആക്ഷേപം.
തീരുമാനം പുനപ്പരിശോധിക്കണമെന്നു സര്‍ക്കാരും നിലപാടെടുത്തു. എന്നാല്‍ ഇത്തരത്തിലുള്ള പുനര്ചിന്തയൊന്നും ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് നേരെ കടന്നുകയറ്റമുണ്ടാകുമ്പോള്‍ ആര്ക്കുമുണ്ടാവാറില്ല. മതവികാരങ്ങള്‍ മുറിപ്പെടുത്തിക്കൊണ്ടുള്ള ഒരേര്‍പ്പാടും പ്രോത്സാഹിപ്പിച്ചുകൂടാ. എന്നാല്‍ കേരളത്തില്‍ സംഭവിക്കുന്നത് ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്നതിനെയൊക്കെയും അവമതിക്കുകയും അത്തരം സമീപനങ്ങളെ ചോദ്യം ചെയ്താല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് പ്രശ്നങ്ങളെ ലഘൂകരിക്കുകയുമാണ്. എല്ലാ മതങ്ങളേയും അവരുടെ വിശ്വാസങ്ങളേയും ഒരുപോലെ കാണാന്‍ ഭരിക്കുന്നവര്‍ക്ക് സാധിച്ചെങ്കില്‍ മാത്രമേ മതസൗഹാര്‍ദ്ദവും സാഹോദര്യവും കളങ്കമില്ലാതെ ദൃഢപ്പെടുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: