കാസര്‍കോട്: മാതൃഭാഷാദിനത്തിലും മലയാളത്തെ പടിക്കു പുറത്ത് നിര്‍ത്തുകയാണ് വിദ്യാലയങ്ങള്‍. കാസര്‍കോട് ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലാണു മലയാളത്തെ ക്ലാസില്‍ കയറ്റാതെ അവഗണിക്കുന്നത്. മലയാളം ഇവിടെ പഠിപ്പിക്കില്ല, കന്നഡ പഠിച്ചാല്‍ മതിയെന്നു പരസ്യമായി വെല്ലുവിളിച്ചാണ് എയ്ഡഡ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് വിദ്യാലയങ്ങള്‍ മലയാളത്തെ ആക്ഷേപിക്കുന്നതെന്ന് നാട്ടുകാര്‍ സങ്കടപ്പെടുന്നു.
കേരളം പിറന്ന് 64 വര്‍ഷം കഴിഞ്ഞിട്ടും മലയാളം വായിക്കാനും എഴുതാനും അറിയാത്ത ഒരു വിഭാഗം ഇവിടെ വളരുന്നുണ്ട്. മലയാളം പഠിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നതു മറ്റേതെങ്കിലും സംസ്ഥാനത്തല്ല, കേരളത്തിലാണ് എന്നതാണു വിരോധാഭാസം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 89 വിദ്യാലയങ്ങളില്‍ മലയാളത്തോട് അയിത്തമാണ്.
മലയാളം അറിയാത്തതു മൂലം മറ്റു ജില്ലകളിലേക്കു പോയാല്‍ ബസിന്റെ ബോര്‍ഡുകളും സ്ഥലനാമങ്ങളും മറ്റൊരാളുടെ സഹായത്തോടെ തിരിച്ചറിയേണ്ട ഗതിക്കേടിലാണ് ഇവിടെയുള്ളവര്‍. സര്‍ക്കാര്‍ ജോലികള്‍ക്കും മറ്റ് ഔേദ്യാഗിക ആവശ്യങ്ങള്‍ക്കുമുള്ള അപേക്ഷാഫോം പൂരിപ്പിക്കാനുമറിയില്ല. മിയാപദവിലെ ഒരു സ്കൂളില്‍ മലയാളം പഠിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ ഒരു പറ്റം വിദ്യാര്‍ഥികള്‍ സ്കൂളിനു മുന്നില്‍ ഒത്തുകൂടി പ്രതിഷേധിച്ചത് മലയാള അക്ഷരമാലകള്‍ നെഞ്ചോടു ചേര്‍ത്താണ്. ‘സാറേ ഞങ്ങള്‍ക്കു മലയാളം പഠിക്കണം, ഈ സ്കൂളില്‍ അതിനു സൗകര്യമില്ല, പിന്നെ ഞങ്ങള്‍ എവിടെ പോകും?’–കുട്ടികള്‍ ചോദിക്കുന്നു. പിടിഎ യോഗങ്ങളില്‍ മാതാപിതാക്കള്‍ തന്നെ പണം മുടക്കി അധ്യാപകരെ വയ്ക്കാമെന്നേറ്റിട്ടും സര്‍ക്കാര്‍ ഫണ്ട് കൈപ്പറ്റുന്ന ചില സ്കൂള്‍ അധികൃതര്‍ അതിനും തയാറായിട്ടില്ല. സര്‍ക്കാരാകട്ടെ ഈ സ്കൂളില്‍ മലയാളം അധ്യാപകര്‍ക്കായി പുതിയ തസ്തിക അനുവദിക്കുന്നുമില്ല.
സര്‍ക്കാര്‍–എയ്ഡഡ് വിദ്യാലയങ്ങളില്‍ മലയാളം ഡിവിഷനുകള്‍ അനുവദിച്ചില്ലെങ്കിലും രണ്ടാം ഭാഷയായി മലയാളം പഠിപ്പിക്കാനുള്ള സൗകര്യം വേണമെന്നാണു ഭാഷാസ്നേഹികളുടെ ആവശ്യം. ഇതിനായി 5 വിദ്യാലയങ്ങളുടെ ഒരു ക്ലസ്റ്റര്‍ രൂപീകരിച്ചു പൊതുവായി ഒരു അധ്യാപകനെ മാത്രം സര്‍ക്കാര്‍ നിയമിച്ചാല്‍ കന്നഡ വിദ്യാലയങ്ങളില്‍ കൂടി മലയാളം തുടങ്ങാന്‍ സാധിക്കും.
എസ്എസ്കെയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുകയില്‍ നിന്നു ഫണ്ട് കണ്ടെത്തുകയോ ചെയ്താല്‍ മലയാളം അധ്യാപകനു വേതനം നല്‍കാനും സാധിക്കും. 10 കുട്ടികള്‍ മലയാളം പഠിക്കാന്‍ തയാറായാല്‍ സമാന്തര ക്ലാസുകള്‍ അനുവദിക്കണമെന്നാണു വ്യവസ്ഥ. 2017 ജൂണ്‍ 2ന് കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കണമെന്ന ഉത്തരവിന് ഇവിടെ ഇന്നും പുല്ലുവിലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: