മറ്റുമതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഹിന്ദുമതത്തിലെ ആരാധനകള്‍. ഉപാസനയെന്നാണ് ഇതിനര്‍ഥം. ആത്മാവും ഈശ്വരനും തമ്മില്‍ ഐക്യം പ്രാപിക്കുന്നതു വരെ പടിപടിയായി ഈശ്വരനെ സമീപിക്കുകയാണ് ഉപാസനയിലൂടെ. ആന്തരപൂജയാണത്. സാധകന് ഭൗതികവിഗ്രഹത്തില് നിന്നു തുടങ്ങി മാനസരൂപങ്ങളിലൂടെയും ദിവ്യനാമജപത്തിലൂടെയും മുന്നോട്ടു നീങ്ങി ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തില്‍ അവസാനിക്കുന്നു. പടിപടിയായുള്ള നിഷ്ഠകളിലൂടെ ശരീരബോധവും അഹങ്കാരവും ക്രമേണ കുറച്ചു കൊണ്ടുവന്ന് ആത്മാവില്‍ ലീനമായ ദിവ്യത്വം കൂടുതല്‍ പ്രകടമാക്കപ്പെടുന്നു.
ജപമാണ് ആധുനികയുഗത്തിന് അഭികാമ്യമായ ആരാധനാരീതി. ആന്തരാരാധനയുടെ രൂപത്തില്‍ അതു ചെയ്യണം. ആ ഭാവനയില്ലെങ്കില്‍ അത് യാന്ത്രികമായി തീരും. ഇക്കാര്യം പലപ്പോഴും ആളുകള്‍ മറക്കുന്നു. ഉയര്‍ന്ന ഒരു ആരാധനാരീതിയായി ജപം പരിശീലിക്കണം. അത് ഫലപ്രദമായ അധ്യാത്മസാധനയാകുന്നതിന് പ്രേമവും ആരാധനാഭാവവും വേണം. ജപിക്കുമ്പോള്‍ അത് യാന്ത്രികമാണെങ്കില്‍ പോലും അതിനും മൂല്യമുണ്ടെന്നതില്‍ സംശയമില്ല. നാമജപത്തിന് തനതായ ശക്തിയുണ്ടെന്നതാണ് ഇതിനു കാരണം. എന്നാല്‍ ഭക്തിപൂര്‍വമുള്ള ആരാധനയെന്ന നിലയില്‍ ജപിക്കുകയാണെങ്കില്‍ ആത്മാവും മനസ്സും ശരീരവും അതിനോട് അനുകൂലമായി പ്രതികരിക്കും. ജപത്തിലൂടെ അധ്യാത്മജീവിതത്തില്‍ വിജയം നേടാനുള്ള വഴി ഇതാണ്.
മോക്ഷം
എല്ലാ ശോകങ്ങളില്‍ നിന്നും ജീവന് മുക്തമാകുക, സ്വതന്ത്രമാകുക എന്നാണ് മോക്ഷമെന്നതിന് അര്‍ഥം. കേവലശാന്തി എന്ന സ്ഥിതിയാണത്. അധ്യാത്മജീവിതം എന്നാല്‍ ആ പൂര്‍ണമായ സ്വാതന്ത്ര്യത്തിലും ആനന്ദത്തിലും ജീവിക്കുക. അല്ലെങ്കില്‍ അതു പ്രാപിക്കാനുള്ള കഠിനശ്രമത്തിലേര്പ്പെടുക. മരണാനന്തരം പ്രാപിക്കേണ്ട അവസ്ഥയല്ല മോക്ഷം. ഈ ലോകത്തില്‍ തന്നെ പ്രാപിക്കേണ്ടതാണ് മോക്ഷം. ഈ നിത്യസ്വാതന്ത്ര്യം പ്രാപിച്ച വ്യക്തിയാണ് ജീവന്മുക്തന്.
(കടപ്പാട്: പ്രബുദ്ധകേരളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: