ബംഗളൂരു: കേരളം തീവ്രവാദത്തിന്റെ ഫാക്ടറി ആയിക്കൊണ്ടിരിക്കയാണോയെന്ന ചോദ്യമുയര്‍ത്തി കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ കരന്തലജെ എംപി. കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉഡുപ്പില്‍ നിന്നുള്ള ലോകസഭാംഗത്തിന്റെ പ്രതികരണം.
പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്നും തോക്കുകളും തിരകളും കാണാതാകുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചതിന്റെ പേരില്‍ ഹിന്ദുക്കള്‍ കേരളത്തില്‍ വേട്ടയാടപ്പെടുകയാണ്. ഇപ്പോള്‍ കൊല്ലത്തുനിന്നും പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നെന്നും പിണറായി വിജയന് രാജിവെക്കണമെന്നും കരന്തലജെ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വെടിയുണ്ടകളില്‍ പിഒഎഫ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഫോറന്‍സിക് സംഘം കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്താണോ എന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉള്‍പ്പടെയുള്ള കേന്ദ്ര സംഘവും മിലിട്ടറി ഇന്റലിജെന്‍സും അന്വേഷണം നടത്തും.
സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. ഭീകര വിരുദ്ധ സ്ക്വാഡും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിന്റ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: