ആശയസംവാദത്തിന്റെ ലോകത്ത് വ്യത്യസ്ത ചിന്താധാരകളില്‍പ്പെടുന്ന നിരവധി സുഹൃത്തുക്കള്‍ പി. പരമേശ്വര്‍ജിക്കുണ്ടായിരുന്നു. ഇവരില്‍ വളരെയധികം പേര്‍ ഇടതുപക്ഷ ചിന്താഗതിക്കാരുമായിരുന്നു. കമ്യൂണിസ്റ്റാശയങ്ങളുമായുള്ള ഗാഢ പരിചയമാണ് ഇതിനിടയാക്കിയത്. ‘ആര്‍എസ്എസിലെ ഇടതുപക്ഷക്കാരന്‍’ എന്നൊരു വിശേഷണംതന്നെ പരിചിത വൃത്തങ്ങളില്‍ പരമേശ്വര്‍ജിയെക്കുറിച്ച് പ്രചരിക്കുകയുണ്ടായി. ‘മാര്‍ക്‌സും വിവേകാനന്ദനും’ എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുന്നുമുണ്ട്. ”ഇടതുപക്ഷ ചിന്തയുമായി പരിചയിച്ച, എന്നാല്‍ അതിന് കീഴ്‌പ്പെടാത്ത ഗ്രന്ഥകാരന്‍” എന്നാണ് കൃഷ്ണയ്യര്‍ പരമേശ്വര്‍ജിയെക്കുറിച്ച് പറയുന്നത്. പ്രഖ്യാപിത മാര്‍ക്‌സിസ്റ്റുകളായി അറിയപ്പെടുന്ന പലരെക്കാളും കാറല്‍ മാര്‍ക്‌സിനെക്കുറിച്ചും മാര്‍ക്‌സിസത്തെക്കുറിച്ചും വായിക്കുകയും വിലയിരുത്തുകയും ചെയ്തത് പരമേശ്വര്‍ജിയുടെ മാര്‍ക്‌സിസ്റ്റ് സൗഹൃദങ്ങളെ സജീവവും ഊഷ്മളവുമാക്കി.
ആശയപരമായി വിരുദ്ധ ധ്രുവങ്ങളില്‍നിന്ന് മൂന്നര പതിറ്റാണ്ടുകാലം സംവാദത്തിന്റെ പുതിയൊരു അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞതിലൂടെ ഇ.എം.എസ്. നമ്പൂതിരിപ്പാടും പി. പരമേശ്വര്‍ജിയും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് പലരുടെയും ഓര്‍മകളില്‍ ഓടിയെത്തുക. അപൂര്‍വമായി മാത്രമേ ഇരുവരും നേരില്‍ കണ്ടിട്ടുള്ളൂവെങ്കിലും മാനസികമായി വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്നു. നിരവധി വിഷയങ്ങളില്‍ രൂക്ഷമായ തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും വ്യക്തിവിദ്വേഷം തൊട്ടുതീണ്ടാത്ത പരസ്പര ബഹുമാനം നിലനിര്‍ത്താന്‍ കഴിഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ എന്ന നിലയ്‌ക്കാണ് പലപ്പോഴും ഇഎംഎസുമായി സംവദിച്ചിട്ടുള്ളതെങ്കിലും ‘ആര്‍എസ്എസിന്റെ പരമേശ്വരന്‍’ എന്നാണ് സിപിഎമ്മിന്റെ പ്രസിദ്ധീകരണങ്ങളായ ‘ചിന്ത’യിലും ‘ദേശാഭിമാനി’യിലും ഇഎംഎസ് വിശേഷിപ്പിക്കുക. ”അങ്ങനെ വിളിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ” എന്ന് ഒരിക്കല്‍ പരമേശ്വര്‍ജി പ്രതികരിച്ചു. പിന്നീട് ഇഎംഎസ് ഇങ്ങനെ വിശേഷിപ്പിച്ച് കണ്ടിട്ടില്ല.
ഇടതുപക്ഷ രാഷ്‌ട്രീയത്തിലെ അതികായനായിരുന്നുവല്ലോ ഇഎംഎസ്. ആ നിലയ്‌ക്ക് പരമേശ്വര്‍ജിയുമായുള്ള ബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പലരും ധരിച്ചിട്ടുള്ളതുപോലെ ഇടതുപക്ഷ ചിന്താധാരയില്‍ പരമേശ്വര്‍ജിക്ക് ബന്ധമുണ്ടായിരുന്ന ഒരേയൊരാളോ ആദ്യത്തെയാളോ ആയിരുന്നില്ല ഇഎംഎസ്. ഇഎംഎസുമായി ബന്ധം സ്ഥാപിക്കുന്നതിനു മുന്‍പുതന്നെ ഇടതുപക്ഷ ബുദ്ധിജീവികളില്‍ പലരുമായും പരമേശ്വര്‍ജിക്ക് സൗഹൃദമുണ്ടായിരുന്നു. ഇതിന് ആര്‍എസ്എസിന്റേതായ ഒരു പശ്ചാത്തലമുള്ളത് പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അറിയണമെന്നില്ല.
വലിയ സാമ്പത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ ധനമന്ത്രിയും, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്ന അശോക് മിത്രയ്‌ക്ക് ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറിനോട് തികഞ്ഞ ആദരവായിരുന്നു. 1960 കളിലെ ഗോരക്ഷാ പ്രസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായതാണ് ഇതിനിടയാക്കിയത്. ഇതുപോലെ തന്നെയാണ് ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും, കമ്യൂണിസ്റ്റുമായിരുന്ന ഹിരണ്‍ മുഖര്‍ജിയും ആര്‍എസ്എസ് പ്രചാരകനും ബിഎംഎസ് സ്ഥാപകനുമായ ദത്തോപന്ത് ഠേംഗ്ഡിയും തമ്മിലുണ്ടായിരുന്ന സൗഹൃദം. പരമേശ്വര്‍ജിയുടെ ഇടതുപക്ഷ സൗഹൃദങ്ങളെയും ഇതിന്റെ തുടര്‍ച്ചയായി വിലയിരുത്താവുന്നതാണ്.
കമ്യൂണിസ്റ്റും പില്‍ക്കാലത്ത് ഹ്യൂമനിസ്റ്റുമായി മാറിയ എം. ഗോവിന്ദനുമായും പരമേശ്വര്‍ജി ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ ഗുരുവായൂരില്‍ ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് പരമേശ്വര്‍ജിതന്നെ ഈ ലേഖകനോട് പറയുകയുണ്ടായി. ഭാരതീയ സംസ്‌കൃതിയിലെ മഹാ സാന്നിധ്യങ്ങളിലൊന്നായ ഗംഗയെക്കുറിച്ച് പഠനം നടത്തുകയായിരുന്ന ഗോവിന്ദനുമായി ഈ വിഷയം ചര്‍ച്ച ചെയ്തതായും പരമേശ്വര്‍ജി സൂചിപ്പിച്ചു. എന്തുകൊണ്ടോ ആ പഠനം ഗോവിന്ദന് പൂര്‍ത്തിയാക്കാനായില്ല എന്നാണറിവ്.
പരമേശ്വര്‍ജിയുടെ വ്യക്തിബന്ധത്തില്‍ വന്ന മറ്റൊരു ഇടതുപക്ഷചിന്തകന്‍ കെ. ദാമോദരനായിരുന്നു. ഇഎംഎസിനെക്കാള്‍ ധിഷണാശാലിയായിരുന്ന ദാമോദരന്‍ സര്‍ഗാത്മകതയുള്ള എഴുത്തുകാരനുമായിരുന്നു. പാട്ടബാക്കി, രക്തപാനം മുതലായ നാടകങ്ങള്‍ രചിച്ച ദാമോദരന്‍ ജീവല്‍സാഹിത്യ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവുമായിരുന്നു. ദല്‍ഹിയിലെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായിരിക്കെ ദാമോദരനുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ പരമേശ്വര്‍ജിക്ക് കഴിഞ്ഞു. ദാമോദരനാവട്ടെ സോവിയറ്റ് യൂണിയനിലെ സ്വേച്ഛാധിപത്യത്തെക്കുറിച്ച് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ വലിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാളിച്ചകളെ ശക്തമായി വിമര്‍ശിക്കുകയും, വലിയ ഏറ്റുപറച്ചില്‍ നടത്തുകയും ചെയ്ത കാലമായിരുന്നു അത്. വലിയ വായനക്കാരനായിരുന്ന ദാമോദരന്‍ പില്‍ക്കാലത്ത് ഇന്ത്യയുടെ ആത്മാവ്, ഭാരതീയ ചിന്ത എന്നീ ഗ്രന്ഥങ്ങള്‍ രചിച്ച് ശ്രദ്ധേയനായി. ദത്തോപന്ത് ഠേംഗ്ഡിയുമായും ദാമോദരന്‍ ബന്ധം പുലര്‍ത്തിയിരുന്നു.
ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇഎംഎസ് തന്റെ എതിരാളിയായി കാണുകയും, ഇഎംഎസിനെ വരട്ടു തത്വവാദി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ള മുന്‍ മുഖ്യമന്ത്രി സി.അച്ചുതമേനോനുമായി അടിയന്തരാവസ്ഥയ്‌ക്കു മുന്‍പു മുതല്‍ പരമേശ്വര്‍ജിക്ക് വ്യക്തിബന്ധമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഭാരതത്തിന്റെ അഖണ്ഡതയും മറ്റും സംബന്ധിച്ച് വിചാര കേന്ദ്രത്തിന്റെ സാംസ്‌കാരിക പരിപ്രേഷ്യം പങ്കുവച്ച അച്ചുതമേനോനെ തൃശൂരിലെത്തി പരമേശ്വര്‍ജി നേരില്‍ കാണുകയുണ്ടായി. അന്ന് വിചാരകേന്ദ്രത്തിന്റെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന അഡ്വ. സി.കെ. സജിനാരായണന്‍ ഒപ്പമുണ്ടായിരുന്നു.
ദല്‍ഹിയിലെ വാസക്കാലത്ത് ഇടതുപക്ഷത്തുനിന്ന് പരമേശ്വര്‍ജി സുഹൃദ്ബന്ധം സ്ഥാപിച്ച മറ്റൊരാള്‍ എന്‍.ഇ. ബലറാമായിരുന്നു. പി. മാധവ്ജി കണ്ണൂരില്‍ പ്രചാരകനായിരിക്കെ അദ്ദേഹം താമസിച്ച വീടാക്രമിച്ച കേസില്‍ പ്രതിയായ ബലറാം ആര്‍എസ്എസിനോട് കടുത്ത എതിര്‍പ്പുള്ളയാളായിരുന്നു. എന്നാല്‍ ഈയൊരു ഭൂതകാല പശ്ചാത്തലം പരമേശ്വര്‍ജിയുമായുള്ള ആശയസംവാദത്തിന് തടസ്സമായില്ല. ദല്‍ഹിയിലെ പ്രഭാത നടത്തങ്ങളില്‍ പലപ്പോഴും പരമേശ്വര്‍ജിക്ക് കൂട്ട് ബലറാമായിരുന്നു. സംസ്‌കൃത പണ്ഡിതനും താത്വികനും സാഹിത്യനിരൂപകനുമായിരുന്ന ബലറാം സംന്യാസിയാവാന്‍ കൊല്‍ക്കത്തയിലെ രാമകൃഷ്ണാശ്രമത്തിലെത്തി കുറെ മാസങ്ങള്‍ അവിടെ കഴിഞ്ഞയാളുമാണ്. പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ ഭിന്നതകള്‍ മാറ്റിവച്ചാല്‍ പരമേശ്വര്‍ജിയും ബലറാമും തമ്മില്‍ ചില സമാനതകള്‍ ദര്‍ശിക്കാം. ബലറാം അന്തരിച്ചശേഷം ബിനോയ് വിശ്വം എഡിറ്റ് ചെയ്ത ഒരു അനുസ്മരണ ഗ്രന്ഥം പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പരമേശ്വര്‍ജി എഴുതിയ ലേഖനം ബലറാമുമായുള്ള ബന്ധത്തിന്റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുന്നുണ്ട്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും പരമേശ്വര്‍ജിയുമായുള്ള ബന്ധം സുദൃഢമാകുന്നതും ഇരുവരും ദല്‍ഹിയില്‍ ഉണ്ടായിരുന്ന കാലം മുതലാണ് 1957-ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിയമമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്നല്ലോ കൃഷ്ണയ്യര്‍. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് വലിയ ആഭിമുഖ്യമൊന്നും ഇല്ലായിരുന്നുവെങ്കിലും ന്യായാധിപ ജീവിതത്തില്‍നിന്ന് വിരമിച്ച് കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവമായപ്പോള്‍, സിപിഎം പാര്‍ട്ടി നയം തന്നെയാക്കിയ അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളില്‍ കൃഷ്ണയ്യര്‍ ഇടപെടുകയുണ്ടായി. ഇതിനും തിരശ്ശീലയ്‌ക്കു പിന്നില്‍ പരമേശ്വര്‍ജി പ്രവര്‍ത്തിക്കുകയുണ്ടായി. പരമേശ്വര്‍ജിയുടെ അഭ്യര്‍ത്ഥന മാനിച്ച് സംഘപരിവാര്‍ പരിപാടികളില്‍ കൃഷ്ണയ്യര്‍ പങ്കെടുക്കുകയും ചെയ്തു. ആലുവ ടൗണ്‍ ഹാളില്‍ നടന്ന ബിഎംഎസ് സമ്മേളനത്തില്‍ പരമേശ്വര്‍ജിക്കൊപ്പം പങ്കെടുത്ത കൃഷ്ണയ്യര്‍ ഉജ്വലമായ പ്രസംഗമാണ് നടത്തിയത്. പരമേശ്വര്‍ജിയുമായുള്ള ദീര്‍ഘകാല ബന്ധത്തെ അന്ന് കൃഷ്ണയ്യര്‍ ഓര്‍മിക്കുകയുണ്ടായി. കൃഷ്ണയ്യരെ വിശ്വപൗരന്‍ എന്നാണ് പരമേശ്വര്‍ജി തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറച്ച പിന്തുണ നല്‍കിയ ആളുമായി കൃഷ്ണയ്യര്‍.
വായനയുടെ ആഴങ്ങള്‍ താണ്ടിയ സൗഹൃദമായിരുന്നു പരമേശ്വര്‍ജിയും പി. ഗോവിന്ദപ്പിള്ളയും തമ്മിലുണ്ടായിരുന്നത്. തിരുവനന്തപുരം കിഴക്കെ കോട്ടയിലെ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനത്തിനടുത്തായിരുന്നു പിജിയുടെ വീട്. ഇത് ഇരുവര്‍ക്കും കണ്ടുമുട്ടാന്‍ അവസരം നല്‍കി. പ്രഭാത സവാരിക്കിടെ പരമേശ്വര്‍ജി പിജിയുടെ വീട്ടില്‍ കയറുകയും, സായാഹ്നങ്ങളില്‍ പിജി വിചാരകേന്ദ്രത്തില്‍ എത്തുകയും പതിവായി. പുസ്തകങ്ങളെക്കുറിച്ചായിരുന്നു രണ്ടു പേര്‍ക്കും സംസാരിക്കാനുണ്ടായിരുന്നത്. പ്രത്യയശാസ്ത്രപരമായി വിരുദ്ധപക്ഷത്ത് നില്‍ക്കുമ്പോഴും ആശയപരമായ സംവാദം തടസ്സമായില്ല. മാര്‍ക്‌സിസത്തിലുള്ള പരമേശ്വര്‍ജിയുടെ അറിവും, ആത്മീയതയോടുള്ള പിജിയുടെ ആഭിമുഖ്യവും ഈ സൗഹൃദത്തെ അരക്കിട്ടുറപ്പിച്ചു. സൈദ്ധാന്തികമായ വിഷയങ്ങളില്‍ ഇഎംഎസിനെക്കാള്‍ അവഗാഹമുണ്ടായിരുന്ന പിജിയുമായി, അതുകൊണ്ടുതന്നെ പരമേശ്വര്‍ജിക്ക് ആശയ കൈമാറ്റം എളുപ്പമായി. പരമേശ്വര്‍ജിയുടെ ‘മാര്‍ക്‌സും വിവേകാനന്ദനും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചാ വേദിയില്‍ പിജി പങ്കെടുക്കുകയും, താന്‍ ഇതിനൊരു മറുപടി എഴുതുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല. ഇരുവരും തമ്മിലെ ചിരകാല സൗഹൃദം ആത്മബന്ധമായി വളര്‍ന്നിരുന്നു. ചേര്‍ത്തല മുഹമ്മയിലെ വീട്ടില്‍ പരമേശ്വര്‍ജിയുടെ എഴുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ പിജിയുമെത്തി. വലിയ തൊഴിലാളി നേതാവും ദാര്‍ശനികനുമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയും പങ്കെടുക്കുകയുണ്ടായി. മൂന്നുപേരും ചന്ദനക്കുറി തൊട്ട് ഒരുമിച്ചിരിക്കുന്ന ചിത്രം കൗതുകകരമായിരുന്നു. പിജിയുടെ ദേഹവിയോഗം വരെ പരമേശ്വര്‍ജിയുമായുള്ള ബന്ധം തുടര്‍ന്നു. ആഗമാനന്ദ സ്വാമിയുടെ ശിഷ്യന്മാരായിരുന്നു എന്നതും ഇരുവരും തമ്മിലെ ബന്ധത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിരിക്കണം. പരമേശ്വര്‍ജിയുടെ സന്തതസഹചാരിയായിരുന്ന വി. സുരേന്ദ്രനും പിജിയുമായി ആത്മബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരിക്കെ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതിയാവുകയും, വെട്ടിനിരത്തലിനെ ഭയപ്പെടാതെ സിപിഎമ്മില്‍ അഭിപ്രായ ധീരത പുലര്‍ത്തുകയും ചെയ്യുന്ന കാതലുള്ള ധിക്കാരി എം.എം. ലോറന്‍സുമായും പരമേശ്വര്‍ജിക്ക് വ്യക്തിബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരമേശ്വര്‍ജിയും ലോറന്‍സും ഒരുമിച്ചായിരുന്നു. പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയായ ഒ. രാജഗോപാലും ജയിലില്‍ ഒപ്പമുണ്ടായിരുന്നു. വിയോജിപ്പിന്റെ തലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്ന കാര്യം ലോറന്‍സ് അനുസ്മരിക്കുന്നു. ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയേട്ടന്റെ സഹപാഠിയുമാണ് ലോറന്‍സ്. ലോറന്‍സിന്റെ സഹോദരനും പ്രമുഖ അഭിഭാഷകനുമായിരുന്ന എബ്രഹാം മാടമാക്കലും അടിയന്തരാവസ്ഥയില്‍ തടവനുഭവിച്ചിരുന്നു. എബ്രഹാം ഇടയ്‌ക്കൊക്കെ എളമക്കരയിലെ മാധവ നിവാസ് സന്ദര്‍ശിച്ചിരുന്നു. ഒരിക്കല്‍ പരമേശ്വര്‍ജി ഉണ്ടെന്നറിഞ്ഞപ്പോള്‍ നേരില്‍ കണ്ട് സംസാരിച്ചതായി ഈ ലേഖകന്‍ ഓര്‍ക്കുന്നു.
ഇടതുപക്ഷ ചിന്താഗതിക്കാരില്‍ പരമേശ്വര്‍ജി ബന്ധം സ്ഥാപിച്ച മറ്റൊരാളാണ് പ്രൊഫ. ആര്‍.വി.ജി. മേനോന്‍. അനര്‍ട്ടിന്റെ ചെയര്‍മാനും, ശാസ്ത്രപരിഷത്തിന്റെ പ്രസിഡന്റുമൊക്കെയായിരുന്ന മേനോന്‍ ഭാരതീയ വിചാരകേന്ദ്രം പാലക്കാട്ടെ തിരുമിറ്റക്കോട് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പരമേശ്വര്‍ജിക്കൊപ്പം പങ്കെടുക്കുകയുണ്ടായി. ശാസ്ത്രത്തെക്കുറിച്ചുള്ള പഴയ നിര്‍വചനം മാറിയിരിക്കുകയാണെന്നും, ശരിയെന്ന് തെളിയിക്കാവുന്നതല്ല, തെറ്റെന്ന് തെളിയിക്കാന്‍ കഴിയുന്നതാണ് ശാസ്ത്രമെന്നും ആര്‍വിജി അന്ന് പറയുകയുണ്ടായി.
‘കേരള മോഡല്‍’ എന്ന് പ്രചരിപ്പിക്കപ്പെട്ട വികസന മാതൃകയുടെ കടുത്ത വിമര്‍ശകനായിരുന്നു പരമേശ്വര്‍ജി. കേരള മോഡലിന്റെ, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ നേട്ടങ്ങളുടെ ശക്തനായ വക്താവാണ് ഡോ. ബി. ഇക്ബാല്‍. പക്ഷേ തങ്ങള്‍ക്കിടയിലെ ഈ വിയോജിപ്പുകള്‍ പരസ്പരമുള്ള ആശയവിനിമയങ്ങള്‍ക്ക് വിഘാതമായില്ല. വലിയ ആദരവു പുലര്‍ത്തിയിരുന്ന പരമേശ്വര്‍ജിയുമായി പല തവണ നിരവധി വിഷയങ്ങളെക്കുറിച്ച് സംഭാഷണം നടത്തിയിട്ടുള്ളത് ഇക്ബാലിന് പറയാനുണ്ട്. ആശയതലത്തില്‍ വിയോജിക്കുമ്പോഴും പരമേശ്വര്‍ജിയുടെ വ്യക്തി മഹത്വത്തെ ഇക്ബാല്‍ വിലമതിക്കുന്നു.
അടുത്തു പെരുമാറിയിട്ടുള്ള പലരിലും കൗതുകവും ചിലരില്‍ അദ്ഭുതവുമുളവാക്കുന്നതായിരുന്നു ഇടതുപക്ഷ ബുദ്ധിജീവികളുമായുള്ള പരമേശ്വര്‍ജിയുടെ ബന്ധം. മാര്‍ക്‌സിസത്തോട് തീര്‍ത്തും വിയോജിച്ചുകൊണ്ടു തന്നെ മാര്‍ക്‌സിസ്റ്റുകളുമായി ഇത്ര വിപുലമായ സൗഹൃദം സൂക്ഷിച്ച മറ്റൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായ ധാര്‍മിക ബോധവും, ഹിന്ദുത്വത്തിന്റെ ബഹുസ്വരതയുമാണ് പരമേശ്വര്‍ജിയെ ഇതിന് പ്രാപ്തനാക്കിയതെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: