ഏതാണ്ട് ആറു മാസം മുന്‍പ് നമുക്കെല്ലാം പ്രിയങ്കരനായിരുന്ന ലാല്‍ കൃഷ്ണ ഏതാനും ആയുര്‍വേദ ഔഷധങ്ങളുമായി വീട്ടില്‍ വന്നിരുന്നു. തിരുവല്ലയില്‍ അശ്വനി ആര്യ വൈദ്യാശ്രമത്തില്‍ ചെന്നപ്പോള്‍ അവിടത്തെ പ്രധാനി ഭജന്‍ എനിക്കു തരാന്‍ ഏല്‍പ്പിച്ചതാണെന്ന് അറിയിച്ചു. തിരുവല്ലയില്‍ ഞാനറിയുന്നതും എന്നെ അറിയുന്നതുമായി രാമചന്ദ്രന് എന്ന വൈദ്യര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹമാകട്ടെ 1970 കളില്‍ ഷൊര്‍ണൂര്‍ ആയുര്‍വേദ കോളജില്‍ പഠിച്ച കാലം മുതല്‍ പരിചയമാണ്. ജനസംഘം അഖില ഭാരതീയ ചുമതലയുണ്ടായിരുന്ന ശ്രീരാംഭാവു ഗോഡ്ബോലേ വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയുടെ ചികിത്സയുമായി അവിടെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും, രാമചന്ദ്രനു പുറമേ ആര്യ വൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍)യിലെ ഇന്നത്തെ എംഡി: പി.ആര്. കൃഷ്ണകുമാര്‍, എരുമപ്പെട്ടിയിലെ ഒ.എസ്. കൃഷ്ണന് തുടങ്ങി ഏതാനും വിദ്യാര്‍ത്ഥികള്‍, അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സാമീപ്യവും പ്രയോജനപ്പെടുത്തി തങ്ങളുടെ വീക്ഷണങ്ങള്‍ക്ക് വിശാലതയും സേവന സന്നദ്ധതയ്ക്ക് ആക്കവും വര്‍ധിപ്പിച്ചുകൊണ്ട് അവിടെയുണ്ടായിരുന്നു. രണ്ടുവര്‍ഷം മാ. ഭാവുജി ഷൊര്‍ണൂരില്‍ ചികിത്സ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യച്ചുമതല കൃഷ്ണകുമാര്‍ ഏറ്റെടുത്ത് അതു കോയമ്പത്തൂരിലാക്കി. ഇന്നും രാജ്യമൊട്ടാകെയുള്ള ഹൈന്ദവ സംരംഭങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാണാന്‍ കഴിയും.
സംഘത്തിന്റെ പല മുതിര്‍ന്ന പ്രവര്‍ത്തകരും തിരുവല്ലയിലെ അശ്വനി ആര്യ വൈദ്യാശ്രമത്തില്‍ ചികിത്സയ്ക്കും വിശ്രമത്തിനും എത്താറുണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ അഭിഭാഷകനാണ് താനെന്നും, തന്റെ മകന് ഭജന്‍ കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും അയാളെ കാണാന്‍ വരുമ്പോള്‍ എന്നെക്കാണാന്‍ താല്പര്യമുണ്ടെന്നും വിളിച്ചറിയിച്ചു. പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്ററുടെ അയല്‍നാട്ടുകാരനാണെന്നും അദ്ദേഹം പറഞ്ഞാണ് എന്നെക്കുറിച്ചറിഞ്ഞതും വില്ലേജ് സ്കൂളിനടുത്ത് താമസമെന്നു മനസ്സിലായതെന്നും ഭജന്‍ അറിയിച്ചു. മകനെ സ്കൂളില്‍ ചെന്നു കണ്ട് കുശലാന്വേഷണം കഴിഞ്ഞ് വീട്ടിലെത്തി സംഭാഷണം തുടങ്ങിയപ്പോള്‍ അതിന്റെ വിഷയങ്ങള്‍ ശാഖാചംക്രമണം ചെയ്ത് വൈദ്യവും സാഹിത്യവും മറ്റുമായി നൂറ്റാണ്ടുകള്‍ പിന്നിലേക്കു പോയി.
താന്‍ 80 കളിലാണ് സംഘത്തില്‍ ബാല സ്വയംസേവകനായി നന്മണ്ടയില് വളര്‍ന്നതെന്നും, ഗോപാലന്‍കുട്ടി മാസ്റ്റര്‍ തന്റെ ശിക്ഷകനായിരുന്നുവെന്നും പറഞ്ഞു. അടിയന്തരാവസ്ഥയ്ക്കു മുന്‍പ് സംഘപ്രചാരകനായും, 1967 മുതല്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായും ആ ഭാഗങ്ങളില്‍ 20 വര്‍ഷത്തോളം എനിക്ക് പരിചയമുണ്ടെന്നറിഞ്ഞതോടെ അദ്ദേഹം വിസ്മയഭരിതനായി ഹൃദയം തുറന്നു. തന്റെ വീട് നരിക്കുനി എന്ന സ്ഥലത്താണെന്നും അറിയിച്ചു. അപ്പോള്‍ 1960 കളിലെ ഒരു സംഘ ശിക്ഷാവര്‍ഗില്‍ നരിക്കുനിയില്‍ നിന്നു വന്ന ഒരു സ്വയംസേവകനെ ഓര്മ വന്നു. പാലക്കാട്ടായിരുന്നു വര്‍ഗ് നടന്നത്. കുളി കഴിഞ്ഞു വന്ന സ്വയംസേവകനോട് ‘കുറിയോണ്ട എവിടെ’ എന്നു മറ്റൊരാള്‍ അന്വേഷിച്ചു. ”അതാണ്ടയലുമ്മത്തോരയിട്ടിക്ക്” എന്ന മറുപടി കേട്ടപ്പോള്‍ അന്വേഷിച്ചയാള്‍ അന്തംവിട്ട് ഒന്നും മനസ്സിലാകാതെ മിഴിച്ചുനിന്നു. അതെന്തു മലയാളം എന്ന മട്ടില്‍. അവിടത്തെ പ്രചാരകന് കുറിയോണ്ട്, കുറിയ മുണ്ടാണെന്നും (തോര്‍ത്ത്) അവിടെ അയയില്‍ തോരാന്‍ ഇട്ടിരിക്കുകയാണ്” എന്നാണ് പറഞ്ഞതിനര്‍ത്ഥമെന്നും വിശദീകരിച്ചു.
നരിക്കുനിയില്‍ ‘ജന്മഭൂമി’യുടെ ഷെയര്‍ നല്കാന് അടിയന്തരാവസ്ഥയിലും പോയി താമസിക്കാന്‍ അവസരമുണ്ടായി. 19-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യകാരനും സംസ്കൃത പണ്ഡിതനും കവിയും ഭിഷഗ്വരനുമായിരുന്ന നരിക്കുനി ഉണ്ണിരിക്കുട്ടി വൈദ്യരെക്കുറിച്ചും കേട്ടിരുന്നു. വീട്ടിലെത്തിയ ഭജനോട് ഉണ്ണീരിക്കുട്ടി വൈദ്യരെപ്പറ്റി അന്വേഷിച്ചു. ഹൈക്കോടതിയിലെ കേസുകളെക്കാള്‍ തിരുവല്ലയിലെ ചികിത്സാലയത്തിനു പ്രാധാന്യം നല്കിയതുകൊണ്ടാണ് ആ ചോദ്യം ഇട്ടുകൊടുത്തത്. ആ വൈദ്യ കുടുംബത്തിന്റെ പിന്മുറക്കാരില് ഒരാളാണ് താന്‍ എന്നും, അവരില്‍ പലരും വൈദ്യവൃത്തി തുടരുന്നുണ്ടെന്നും അറിയാന്‍ കഴിഞ്ഞു.
എന്റെ കൈവശം ഏകദേശം 50 വര്‍ഷം മുന്‍പു യാദൃച്ഛികമായി വന്നെത്തിയ ഒരു പുസ്തക സമുച്ചയത്തിലെ ആദ്യ കൃതി നരിക്കുനി ‘ഉണ്ണിരിക്കുട്ടി വൈദ്യരാല് ഉണ്ടാക്കപ്പെട്ടത്’ എന്നച്ചടിച്ച ശ്രീഹരിശ്ചന്ദ്ര ചരിതം മണിപ്രവാളമാണ്. 1896 ല്‍ മലബാര്‍ സ്പെക്ടര് പ്രസ്സില്‍ ജെ.ഡബ്ല്യു റിച്ചാര്‍ഡ് അച്ചടിച്ച് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചതാണ് പുസ്തകം. അതു സമര്‍പ്പിച്ചത് കേരളവര്‍മ വലിയകോയിത്തമ്പുരാനാണ്. സമര്‍പ്പണം ഇംഗ്ലീഷിലും മലയാളത്തിലുമുണ്ട്. അതിന്റെ മലയാള രൂപം ഇവിടെ കൊടുക്കുകയാണ്. 125 വര്‍ഷം മുമ്പത്തെ മലയാള ഉപചാരഭാഷ കാണിക്കാന്‍ മാത്രം.
സൂര്യാസ്തമനമില്ലാത്തതായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കിരീടപതിയും കരുണാനിധിയും നീതി ചന്ദ്രിക ഭാസമാനയും ആയ ചക്രവര്‍ത്തിനി വിക്ടോറിയാ മഹാരാജ്ഞി അവര്‍കളാല്‍. രാജത്വം, പാണ്ഡിത്യം, കുലീനത മുതലായ ശ്രേയസ്കര ഗുണ സമ്പന്നന്മാര്ക്ക് ബഹുമാന സൂചകമായി യഥോചിതം നല്കപ്പെടുന്നതും, ഇന്ത്യാ രാജ്യാഭ്യുദയ പ്രവര്ത്തകന്മാര്ക്ക് വിശേഷാല്‍ നല്കപ്പെടുന്നതുമായ ‘ഭാരത താരക മുദ്ര’യാലും മറ്റു പലവിധ ഗുണഗണങ്ങളാല്‍ സന്തോഷപൂര്‍വം ദത്തങ്ങളായ സ്ഥാനാദിധനങ്ങളാലും അലംകൃതനായി കേരള വിദ്വജ്ജന സംഘ ശിരോമണിയായ ശ്രീമന്‍ തിരുവിതാംകൂര്‍ വലിയ കോയിത്തമ്പുരാന്‍ തിരുമനസ്സിലെ കൃപാകടാക്ഷത്താല്‍ ഈ ഗ്രന്ഥം തിരുമനസ്സിലെ നിസ്തുലമായ പാണ്ഡിത്യത്തിന്റെയും മലയാള ഭാഷയെ വിവിധങ്ങളായ ഗ്രന്ഥരചനകളാലും മറ്റും പുഷ്ടിവരുത്തുകയും പരിഷ്കരിക്കുകയും ചെയ്തിരിക്കുന്നതിന്റെയും സ്മരണാര്‍ത്ഥമായി തിരുമനസ്സിലെ പാദപത്മത്തിങ്കല്‍ ഭക്തി വിനയ പുരസ്സരം സമര്‍പ്പിച്ചുകൊള്ളുന്നു.
ഗ്രന്ഥകര്‍ത്താവ്സംസ്കൃത ഗദ്യ മട്ടിലുള്ള ഒറ്റ വാചകമാണിത്. അന്ന് സംവൃത ഉകാരം ഉപയോഗിച്ചിരുന്നില്ല എന്നു കാണാന്‍ കഴിയും. കോയിത്തമ്പുരാന്‍ സമര്‍പ്പണത്തിനനുമതി നല്‍കിയതായി ഇംഗ്ലീഷ് ഡെഡിക്കേഷനിലുണ്ടെങ്കിലും മലയാളത്തില്‍ കാണുന്നില്ല.
കോഴിക്കോട് സാമൂതിരി മാനവിക്രമന്‍ ഏട്ടന് തമ്പുരാന് പുസ്തകത്തെക്കുറിച്ചഭിപ്രായം എഴുതിയത് കൊടുത്തിട്ടുണ്ട്. ആറ്റുപുറത്ത് തുമ്പിച്ചന്‍ പണ്ഡിതന്, എറണാകുളം സംസ്കൃത പണ്ഡിതര്‍ ബ്രഹ്മശ്രീ എ. വേങ്കട സുബ്രഹ്മണ്യ ശാസ്ത്രികള്‍, ചമ്പത്തില്‍ ചാത്തുക്കുട്ടി മന്നാടിയാര്‍ എന്നിവരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് ആദ്യം ചേര്‍ത്തിട്ടുണ്ട്.
പുസ്തകത്തില്‍ മഷി കൊണ്ട് ഇപ്രകാരം എഴുതിയതായി കാണുന്നു: ഉണ്ണീരിക്കുട്ടി വൈദ്യര് 1023 ചിങ്ങ മാസത്തില്‍ ജനിച്ചു. 1909 ഏപ്രില്‍ മാസം 10 ന് വൈകുന്നേരം 5 മണിക്ക് ഇഹലോകവാസം വിട്ടു. ജന്മദേശം കോഴിക്കോട്ട് താലൂക്കില്‍ കുന്നമംഗലംശം ചെറുകുത്തൂര ദേശത്ത് തണ്ടയാന് സ്ഥാനമുള്ള നരിക്കുനി എന്ന തറവാട്ടിലെ രാമന് എന്നൊരാളായിരുന്നു അച്ഛന്.
പത്തുവര്‍ഗങ്ങളുള്ള ഹരിശ്ചന്ദ്ര ചരിതത്തെ അന്നത്തെ സാഹിത്യലോകം എങ്ങനെ സ്വീകരിച്ചു എന്നറിയില്ല. കീഴ്ജാതിക്കാര്‍ക്ക് സാഹിത്യരംഗത്ത് പ്രാമാണ്യം വരാതിരിക്കാനുള്ള സകല ശ്രമങ്ങളും നടന്നുവന്നിരുന്ന കാലഘട്ടമായിരുന്നല്ലോ അത്.
എന്റെ കൈവശമെത്തിച്ചേര്‍ന്ന പുസ്തകത്തില്‍ ഹരിശ്ചന്ദ്ര ചരിതത്തിനു പുറമേ അമരസിംഹം, സുഭാഷിതം, ശിവപുരാണം, ശനിപ്രദോഷ മാഹാത്മ്യം, ശിവരാത്രി മാഹാത്മ്യം, സോമവാര വ്രതം, ഉമെശാന വ്രതം, ചതുര്ദശി മാഹാത്മ്യം, പഞ്ചാക്ഷര മാഹാത്മ്യം, ശിവയോഗി മാഹാത്മ്യം, കാശി മാഹാത്മ്യം, രുദ്രാക്ഷ മാഹാത്മ്യം എന്നിവയും പഞ്ചതന്ത്രത്തിന്റെ കുഞ്ചന്‍ നമ്പ്യാരുടേതെന്നു വിശ്വസിക്കപ്പെടുന്ന കിളിപ്പാട്ടും ഉണ്ട്. പുസ്തകത്തിന്റെ സമഗ്രമായ പഠനം ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നു. പാശ്ചാത്യ സാംസ്കാരിക നിലവാരത്തിനടുത്തെങ്ങുമെത്താത്ത ഏതാണ്ടൊരു സദാചാര രഹിതമായ സമൂഹമാണ് പ്രാചീന ഭാരതത്തിലുണ്ടായിരുന്നതെന്ന് സ്ഥാപിക്കാന്‍ മുഖവുരക്കാരന്‍ ശ്രമിച്ചിട്ടുണ്ട്.
ഗ്രന്ഥത്തിലെ വൃത്തം, വ്യാകരണം, അലങ്കാരങ്ങള്‍, പ്രാസം, അനുപ്രാസം, യതി, ഭാവരൂപങ്ങള്‍ എന്നിവയും വൃത്തവിശകലനവും ഉദാഹരണ സഹിതം നല്‍കിയിട്ടുണ്ട്. ചിഹ്ന വിവരണവും കാണാം. മലയാള കവിതകള്‍ മനസ്സിലാക്കാന്‍ ആവശ്യമായ സംസ്കൃത വ്യാകരണ ക്ലിപ്തം, സന്ധി, സമാസം, പഞ്ചതന്ത്രത്തെ അടിസ്ഥാനമാക്കിയുള്ള വ്യാകരണങ്ങള്‍, പ്രയോഗിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ വാക്കുകളും ഇംഗ്ലീഷില്‍ അര്‍ത്ഥസഹിതം നിഖണ്ഡുവാക്കി നല്കിയിരിക്കുന്നു. ചുരുക്കത്തില്‍ ഒരു സാഹിത്യ കൃതി സമഗ്രമായി പഠന വിധേയമാക്കി പ്രസിദ്ധീകരിക്കുകയാണിവിടെ. മദിരാശി സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍വകലാശാലാ വിദ്യാഭ്യാസാവശ്യത്തിന് വേണ്ടി തയ്യാറാക്കിയതാണെന്നു മുഖവുരയില്‍ പറയുന്നു.
എന്റെ കൈയിലെത്തിയ പുസ്തകത്തില്‍ കെ.പി. രവിച്ചന്‍ എന്ന് ഇംഗ്ലീഷില്‍ പെന്‍സില്‍ കൊണ്ട് എഴുതിയിട്ടുണ്ട്. എന്‍. ചേക്കുട്ടി എന്നു ചില പുസ്തകങ്ങളില്‍ കാണാം.ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പത്തെ മലയാള അച്ചടിയുടെ നിലവാരം എത്രയോ ഉന്നതമായിരുന്നു. അതില്‍ തെറ്റില്ലാതെ നോക്കുന്നതിലെ നിഷ്കര്‍ഷ ശ്ലാഘനീയം തന്നെ. വളരെ യാദൃച്ഛികമായി ഉണ്ടായ സുഹൃദ് സന്ദര്‍ശനം ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ക്കാനും ഇത്തരമൊരു ഭാഷാ വിചാരം ചെയ്യാനും സാധിച്ചതു സന്തോഷം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: