ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്ത് ചൈന. എന്നാല്‍, ചൈനയുടെ എതിര്‍പ്പ് പൂര്‍ണമായും തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. അരുണാചല്‍ പ്രദേശില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ പറ്റാത്ത ഇന്ത്യയുടെ അവിഭാജ്യഘടകമാണ് അരുണാചല്‍. വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്ത് പോകുന്നത് പോലെ നേതാക്കള്‍ അരുണാചല്‍ പ്രദേശിലും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷാ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതിനെ ശക്തമായി എതിര്‍ക്കുന്നതായി ചൈന പറഞ്ഞു. തെക്കന്‍ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍പ്രദേശ്. ബീജിങ്ങിന്റെ പ്രാദേശിക പരമാധികാരത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ലംഘനമാണ് ഷായുടെ സന്ദര്‍ശനമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
മുപ്പത്തിനാലാമത് സംസ്ഥാന ദിനാഘോഷത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം അമിത് ഷാ അരുണാചല്‍പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്.
കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 371-ാം വകുപ്പ് റദ്ദാക്കുമെന്ന് പലരും പ്രചാരണം നടത്തി. അത് തെറ്റാണ്. ആര്‍ക്കും 371-ാം വകുപ്പ് റദ്ദാക്കാന്‍ കഴിയില്ല. ഇറ്റാനഗറില്‍ ഷാ പറഞ്ഞു. പ്രധാനമന്ത്രി മുന്‍കൈയെടുത്താണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് രാജ്യത്തിന്റെ ഭാഗമാക്കിയത്. അഞ്ച് വര്‍ഷത്തിനിടയില്‍ 30 തവണ അദ്ദേഹം ഇവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കൂടാതെ കേന്ദ്ര മന്ത്രിമാര്‍ ഇരുനൂറിലധികം തവണ ഇവിടങ്ങളിലെത്തിയിട്ടുണ്ട്, ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: