ലഖ്നൗ: സുപ്രീംകോടതി ഉത്തരവ് പ്രകാരം യുപി സര്‍ക്കാര്‍ അയോധ്യയില്‍ നല്കിയ അഞ്ചേക്കര്‍ പകരം ഭൂമി സ്വീകരിച്ചതായി യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പരമോന്നത നീതിപീഠത്തിന്റെ വിധി അനുസരിക്കുമെന്ന് അറിയിച്ച ശേഷം, സര്‍ക്കാര്‍ നല്കുന്ന ഭൂമി വേണ്ടെന്ന് വയ്ക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും അത് കോടതിയലക്ഷ്യമാണെന്നും ബോര്‍ഡ് ചെയര്‍പേഴ്സണ്‍ സുഫര്‍ ഫറൂഖി പറഞ്ഞു.
ഭൂമി സ്വീകരിക്കുമോ ഇല്ലയോ എന്നതിനേക്കുറിച്ച് ഞങ്ങളല്ല ചോദ്യമുന്നയിച്ചത്. ഭൂമിയുമായി ഒരു ബന്ധവുമില്ലാതെ, പുറത്ത് നില്‍ക്കുന്നവരാണ്. കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങളുടെ തീരുമാനം, അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ സോഹാവാല്‍ തെഹ്സിലില്‍ റൗനാഹി പോലീസ് സ്റ്റേഷന് പരിധിയില്‍ പള്ളി നിര്‍മിക്കാന്‍ യുപി സര്‍ക്കാര്‍ ഈ മാസം ആദ്യം ഭൂമി കണ്ടെത്തിയിരുന്നു.
വിധി വന്ന ശേഷം സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ നിശ്ശബ്ദമായിരുന്നു. എന്നാല്‍, 24ന് ചേരുന്ന യോഗത്തിന് ശേഷം അടുത്ത ചുവടുവയ്പ്പിനെ കുറിച്ച് വ്യക്തമാക്കുമെന്നാണ് സൂചന. സര്‍ക്കാരില്‍ നിന്ന് സ്വീകരിക്കുന്ന ഭൂമിയില്‍ എന്ത്, എങ്ങനെ വേണമെന്ന് ബോര്‍ഡ് അംഗങ്ങള്‍ ഇരുപത്തിനാലിന് തീരുമാനിക്കുമെന്നും ഫറൂഖ് വ്യക്തമാക്കി.
സര്‍ക്കാരിന്റെ കത്ത് ലഭിച്ചെങ്കിലും ബോര്‍ഡ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. യോഗത്തിന് ശേഷം കത്തിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫറൂഖിയെ കൂടാതെ ഏഴംഗങ്ങളാണ് ബോര്‍ഡിലുള്ളത്.
പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി ആതുര സേവനങ്ങള്‍ക്കായി ഭൂമി ഉപയോഗപ്പെടുത്തുകയോ പള്ളിയോട് ചേര്‍ന്ന് ഇസ്ലാമിക സാംസ്കാരിക കേന്ദ്രം നിര്‍മിക്കുകയോ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഇതിനെല്ലാത്തിനുമായി അഞ്ചേക്കര്‍ ഭൂമി ധാരാളമാണ്. ബാബറി മസ്ജിദ് അരയേക്കറോളം ഭൂമിയിലാണ് സ്ഥിതി ചെയ്തിരുന്നത്. പുതിയ പള്ളി അതേ മാതൃകയില്‍ നിര്‍മിച്ചാലും ധാരാളം ഭൂമി ബാക്കിയാകും. ബോര്‍ഡിന്റെ രേഖകളില്‍ നിന്ന് നിലവില്‍ അസ്ഥിത്വമില്ലാത്ത ബാബറി മസ്ജിദുമായി ബന്ധപ്പെട്ട എല്ലാം നീക്കം ചെയ്യുമെന്നും ഫറൂഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: