ന്യൂദല്‍ഹി : അരുണാചല്‍ പ്രദേശ് ഇന്ത്യയുടേതാണ്. ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും. അയല്‍ രാജ്യങ്ങള്‍ക്ക് ഈ നിലപാടില്‍ ഒരുമാറ്റവും വരുത്താന്‍ സാധിക്കില്ലെന്ന് ഇന്ത്യ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ചൈനയ്ക്ക് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലേക്ക് പോകുന്നതുപോലെ തന്നെയാണ് ഇന്ത്യന്‍ നേതാക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് പോകുന്നത്. ഒരു ഇന്ത്യന്‍ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനത്തെ അയല്‍രാജ്യം എതിര്‍ക്കുന്നത് ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു.
അരുണാചല്‍ പ്രദേശിനു മേലുള്ള ഇന്ത്യയുടെ അവകാശം സ്ഥിരതയുള്ളതാണ്. അതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും ഇന്ത്യയുടെ നിലപാട് എല്ലായ്പ്പോഴും വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് അയല്‍ രാജ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത്ഷാ അരുണാചലില്‍ സന്ദര്‍ശിച്ചിരുന്നു. ചൈന ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ഇതിനെതിരെ പ്രതികരണവുമായി എത്തിയത്. ഇതിനു മുമ്പ് രാഷ്ട്രപതി രാം നാഥ് കോവിന്ദും, നിര്‍മ്മല സീതാരാമനും സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയപ്പോഴും ചൈന പ്രസ്താവനയുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: