അഹങ്കാര നിരൂപണം
അടുത്ത മൂന്ന് ശ്ലോകങ്ങളിലായി അഹങ്കാരത്തെ വിവരിക്കുന്നു.
ശ്ലോകം 103
അന്തഃകരണമേതേഷു ചക്ഷുരാദിഷു വര്‍ഷ്മണി
അഹമിത്യഭിമാനേന തിഷ്ഠത്യാഭാസ തേജസാ
അന്തഃകരണം ആത്മാവിന്റെ പ്രതിബിംബമായ തേജസ്സിനെ ആശ്രയിച്ച് കണ്ണ് മുതലായ ഇന്ദ്രിയങ്ങളിലും മറ്റും ഞാന്‍ എന്ന അഭിമാനത്തോടെയിരിക്കുന്നു. അന്തഃകരണം എന്നതിന് ഇവിടെ അഹംകരണം അഥവാ അഹംകാരം എന്ന് അര്‍ത്ഥം. അഹങ്കാരത്തോടു കൂടിയ മനസ്സാണ് പത്ത് ഇന്ദ്രിയങ്ങളിലും പ്രാണങ്ങളിലും സ്ഥൂല ശരീരത്തിലുമൊക്കെ ആത്മ പ്രതിബിംബത്തിന്റെ തേജസ്സ് കൊണ്ട് ഞാന്‍ എന്ന് അഭിമാനിക്കുന്നത്. മനസ്സാകുന്ന ഉപാധിയില്‍ വര്‍ത്തിക്കുന്ന ചിത്പ്രകാശത്തെയാണ് ‘ഞാന്‍’ എന്ന് പറയുന്നത്. ചിത് സാന്നിദ്ധ്യത്താല്‍ സചേതനമായ മനസ്സ് കണ്ണിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ കാണുന്നവനായിത്തീരുന്നു. കാതിലൂടെയെങ്കില്‍ കേള്‍ക്കുന്നയാളും.
കാണുന്നവനെന്നോ കേള്‍ക്കുന്നവനെന്നോ ഉള്ള അവസ്ഥകളൊന്നും ആത്മാവിനില്ല. ചിത് സ്വരൂപിയായ ആത്മാവുള്ളതിനാലാണ് ഇതൊക്കെ നടക്കുന്നത്. ആത്മസ്ഫുരണം കൊണ്ടാണ് മനസ്സിന് ഇന്ദ്രിയ പ്രവര്‍ത്തനങ്ങളെ അറിയാനാകുന്നത്. ആത്മാവിന് ഇവയുടെ ധര്‍മ്മങ്ങളുണ്ടെന്ന് തോന്നിക്കുന്നതിനാല്‍ ഞാന്‍ സുഖമുള്ളവന്‍, ഞാന്‍ ദുഃഖിതന്‍ എന്നൊക്കെ കരുതുന്നു.
ശുദ്ധ ചിത്‌സ്വരൂപമായ ആത്മാവ് ഒന്ന് മാത്രമേയുള്ളൂ. അവിടെ അറിയാനായി രണ്ടാമതൊന്നോ മറ്റു വിഷയങ്ങളോ ഇല്ല. ചിത്പ്രകാശത്തെ സൂര്യപ്രകാശം പോലെയുള്ളത് എന്ന് പറയാം. ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ അതിനെ കാണാം. പ്രകാശം മാത്രമാണെങ്കില്‍ ഒന്നും കാണാനാവില്ല. അതുപോലെ ചിത്പ്രകാശം ഒരു ഉപാധിയില്‍ ചേരുമ്പോള്‍ അതിനെ പറ്റി നമുക്ക് ബോധമുണ്ടാകും. ആഭാസതേജസ്സ് എന്ന് പറഞ്ഞാല്‍ പ്രതിഫലന ചൈതന്യം എന്ന് പറയാം. പ്രകാശം കണ്ണാടിയിലോ മറ്റോ തട്ടി മറ്റൊരിടത്ത് കാണുന്നത് പോലെ. വീടിന് പുറത്തോ വരാന്തയിലോ വച്ച കണ്ണാടിയിലോ പാത്രത്തിലെ വെള്ളത്തിലോ തട്ടുന്ന സൂര്യപ്രകാശം വീടിനകത്തെ ഇരുട്ട് മുറിയെ പ്രകാശിപ്പിക്കുന്നു. അത് അനങ്ങാതെ ഇരിക്കുന്നിടത്തോളം സമയം അതില്‍ വീഴുന്ന പ്രകാശം അകത്ത് പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.
സൂര്യപ്രകാശം നേരിട്ട് മുറിയിലേക്ക് ചെല്ലുന്നില്ല. പക്ഷേ ഇതിലൂടെ മുറി പ്രകാശമാനമായിരിക്കും. പ്രതിഫലിക്കാനുള്ള ഉപാധിയായ കണ്ണാടിയോ വെള്ളമോ ഇളകുയോ മാറ്റുകയോ ചെയ്താല്‍ അകത്തെ പ്രകാശം ചിന്നിച്ചിതറുകയോ മങ്ങുകയോ ഇല്ലാതാവുകയോ ചെയ്യും. അഹങ്കാര സ്വരൂപമായ മനസ്സ് ഈ കണ്ണാടി പോലെയാണ്. അവിടെ തട്ടി പ്രതിഫലിക്കുന്ന ചിത്പ്രകാശം ബുദ്ധിയേയും ഇന്ദ്രിയങ്ങളേയുമൊക്കെ ബാധിക്കും.മനസ്സ് കലങ്ങി മറിഞ്ഞാല്‍ മോശം പ്രതിഫലനവും ശാന്തമായാല്‍ നല്ല പ്രതിഫലനവും പോലെയിരിക്കും. നമ്മള്‍ ഓരോരുത്തരും ഞാന്‍… ഞാന്‍ എന്നിങ്ങനെ അഭിമാനിക്കുന്നത് ആത്മാവിന്റെ പ്രതിബിംബമായ ‘ചിദാഭാസന്റെ’ തേജസ്സുകൊണ്ടാണ്. ജീവഭാവത്തിലിരിക്കുന്നത് ചിദാഭാസനെന്ന ഈ ആഭാസ തേജസ്സാണ്. ശുദ്ധ ചിത് സ്വരൂപമായ ആത്മാവല്ല ഇത്.ചിദാഭാസ അഹങ്കാരം ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഞാനെന്ന് അഭിമാനിച്ചുകൊണ്ടേയിരിക്കും.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: