ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും, കേരളത്തില്‍ നിന്ന് ടൈല്‍സുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും കോയമ്പത്തൂരിനടുത്ത് അവിനാശിയില്‍ കൂട്ടിയിടിച്ച് പത്തൊന്‍പതു പേര്‍ മരിക്കാനിടയായത് ദാരുണാന്ത്യം സംഭവിച്ചവരുടെ ബന്ധുക്കളെ മാത്രമല്ല, ജനങ്ങളെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. മരിച്ച പത്തൊമ്പതു പേരും മലയാളികളാണ്. സമീപകാലത്ത് ഉണ്ടായ വലിയ വാഹനാപകടങ്ങളിലൊന്നാണിത്. പുലര്‍ച്ചെ സംഭവിച്ച അപകടത്തിന് കാരണം ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് തകര്‍ന്നുതരിപ്പണമായി. റോഡിലെ മീഡിയനിലൂടെ ലോറി അന്‍പത് മീറ്ററോളം ഓടി എന്നറിയുമ്പോള്‍ അപകടത്തിന്റെ സ്വഭാവം ആര്‍ക്കും മനസ്സിലാക്കാനാവും.
നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത് മൂടിവച്ചിട്ട് കാര്യമില്ല. തന്റെ മാത്രമല്ല അപരന്റെ അശ്രദ്ധ കൂടി കണക്കിലെടുത്തുവേണം ഓരോരുത്തരും വാഹനമോടിക്കാന്‍. അപ്പോഴെ അപകടങ്ങള്‍ ഒഴിഞ്ഞുപോകൂ. അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും കൂസലില്ലായ്മ കൈമുതലാക്കി വളയം പിടിക്കുന്നവര്‍ വളരെയധികമാണ്. ഓരോ നിമിഷവും തങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നിരവധി യാത്രക്കാരുടെ ജീവനും ജീവിതവും സുരക്ഷിതമാക്കുന്നതെന്ന് പൊതുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ തിരിച്ചറിയണം. ഡ്രൈവര്‍മാരുടെ ശ്രദ്ധ അപഹരിക്കുന്നതൊന്നും വാഹനങ്ങളില്‍ സംഭവിക്കാന്‍ പാടില്ല. ഇത് ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞാല്‍ തന്നെ അപകടങ്ങളുടെ നിരക്ക് കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.
വാഹനാപകടങ്ങളില്‍ പലതും സംഭവിക്കുന്നത് പുലര്‍ച്ചയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രൈവര്‍മാരുടെ ഉറക്കമാണ് ഇവിടെ വില്ലനാവുന്നത്. ഉറക്കം മതിയാവാതെ സമയം ലാഭിക്കുന്നതിനായി വണ്ടിയോടിക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത് ആപല്‍ക്കരമാണ്. വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങണമെന്നു തോന്നിയാല്‍ അല്‍പ്പനേരം ഉറങ്ങിയിട്ടേ യാത്ര തുടരാവൂ എന്ന് തീരുമാനിക്കണം. ഇത്തരം കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടക്കണം. ട്രാഫിക് നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. വാഹനം നിങ്ങളുടേതായിരിക്കാം പക്ഷേ റോഡ് നമ്മുടെതാണ്, ഡ്രൈവിങ് ആസ്വദിക്കാം ആഘോഷിക്കരുത് എന്നിങ്ങനെയുള്ള ഉത്‌ബോധനങ്ങള്‍ വണ്ടിയോടിക്കുന്നവരില്‍ ഭൂരിപക്ഷവും കണക്കിലെടുക്കാറില്ല. ശ്രദ്ധ മരിക്കുമ്പോള്‍ അപകടം ജനിക്കുന്നു എന്നത് ഡ്രൈവര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം.
അവിനാശിയില്‍ അപകടത്തില്‍പ്പെട്ട ബസില്‍ ജീവനക്കാരുള്‍പ്പെടെ അമ്പത് പേരാണ് ഉണ്ടായിരുന്നത്. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ഇവരില്‍ പലരും രക്ഷപ്പെട്ടത്. മരണമടഞ്ഞത് ഏറ്റവും പുതിയ വിവരമനുസരിച്ച് 19 പേരാണെങ്കിലും പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം കൊടുക്കാനും, പരിക്കേറ്റവര്‍ക്ക് സമയബന്ധിതമായി സഹായമെത്തിക്കാനും അധികൃതര്‍ ശ്രദ്ധിക്കണം. വാഹനാപകടങ്ങള്‍ പതിവ് സംഭവങ്ങളായി കരുതാതെ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ നടപടികളെടുക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കുക മാത്രമല്ല, ട്രാഫിക് മാന്യത പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് വാഹനാപകടങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുക. അവിനാശിയില്‍ ദാരുണാന്ത്യം സംഭവിച്ചവരുടെ ആത്മാവിന് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: