ഇത്തരത്തില്‍ അഥര്വനെ വൈദ്യോത്തമനായും രക്ഷ (charms) കള്‍ക്ക് മറ്റു വൈദ്യന്മാര് നിര്‍ദേശിക്കുന്ന ഔഷധങ്ങളേക്കാള്‍ ശക്തിയുണ്ട് എന്നും മറ്റും ഉള്ള കല്പനകളില് നിന്നും ഔഷധസസ്യങ്ങളുപയോഗിച്ചു വൈദ്യന്മാര് നടത്തിവന്നിരുന്ന ചികിത്സാപദ്ധതിക്കു സമാന്തരമായി ആഥര്വണമന്ത്രപ്രയോഗപദ്ധതിയെ വൈദികര്‍ ആവിഷ്കരിച്ചു നടപ്പിലാക്കി എന്നു കരുതാം. കൗശികസൂത്രത്തിന്റെ കാലമായപ്പൊഴേക്കും ഔഷധങ്ങളുടെ പ്രയോജനത്തെപ്പറ്റി കൂടുതല്‍ ബോധ്യം വരികയും മന്ത്രപ്രയോഗത്തോടൊപ്പം ഔഷധപ്രയോഗവും എന്ന സമ്മിശ്രചികിത്സാരീതി സ്വീകരിക്കുകയും ചെയ്തിരിക്കാം.
ഔഷധചികിത്സാപദ്ധതിയെ ഈ മന്ത്രചികിത്സാപദ്ധതിയും സ്വാധീനിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു. ചരകസംഹിത (6. 1. 39) യില്‍ ചരകന്‍ മരുന്നു പറിക്കുന്നത് യഥാവിധി വേണമെന്നു നിര്‍ദേശിക്കുന്നു. ഈ യഥാവിധി എന്നാല്‍ മംഗളദേവതാര്ച്ചനാദിപൂര്വകം എന്നാണ് ചക്രപാണി വ്യാഖ്യാനിക്കുന്നത്.
സംഹിത (6. 1. 77) യില്‍ പറയുന്ന ഒരു ഔഷധക്കൂട്ടിന് മറ്റു പ്രയോജനങ്ങളോടൊപ്പം അതു കഴിക്കുന്ന മനുഷ്യനെ അദൃശ്യനാക്കാനുള്ള കഴിവുമുണ്ട് (അദൃശ്യോ ഭൂതാനാം ഭവതി) എന്നു പറഞ്ഞിരിക്കുന്നു. നെല്ലിക്ക (emblicmyrobalan) യ്ക്ക് അഭൗമശക്തിയുണ്ടെന്നു കരുതിയിരിക്കുന്നു. ഈ അഭൗമശക്തിയെ പ്രകടമാക്കാനും പ്രയോജനപ്പെടുത്താനുമുള്ള ഒരു പ്രയോഗത്തെ ഇപ്രകാരം വിവരിക്കുന്നു ജിതേന്ദ്രിയനായി ഗായത്രീധ്യാനത്തോടെ പാലു മാത്രം കഴിച്ച് പശുക്കളുടെ കൂടെ ഒരു വര്‍ഷം കഴിയണം. വര്‍ഷാവസാനം മൂന്നു ദിവസം ഉപവസിച്ച് സേഷം പൗഷ(ജനുവരി), മാഘ (ഫെബ്രുവരി), ഫാല്‍ഗുന (മാര്‍ച്ച്) മാസങ്ങളിലൊന്നിലെ ശരിയായ ചാന്ദ്രദിനത്തില്‍ നെല്ലിക്കാതോട്ടത്തില് ചെന്ന് വലിയനെല്ലിക്കകള് നിറഞ്ഞുനില്ക്കുന്ന ഒരു നെല്ലിമരത്തില്‍ കയറി ആ നെല്ലിക്കകളെ കൈകൊണ്ടുപിടിച്ച് അവയില്‍ അമൃതകല ഉണരുന്നതുവരെ ബ്രഹ്മമന്ത്രം ജപിക്കണം. അത്തരത്തില്‍ അമൃതം നിറഞ്ഞ ആ നെല്ലിക്ക കഴിച്ചാല്‍ വേദരൂപിണിയായ ശ്രീദേവി പ്രത്യക്ഷയാകും (സ്വയം ചാസ്യോപതിഷ്ഠന്തീ ശ്രീര്വേദവാക്യരൂപിണീ 6. 3. 6). അതുപോലെ രസായനങ്ങള്‍ യഥാവിധി സേവിച്ചാല്‍ ദീര്‍ഘായുസ്സു മാത്രമല്ല ബ്രഹ്മപദപ്രാപ്തിയും ഉണ്ടാകും എന്നു പറയുന്നു (6. 1. 80). മറ്റൊരിടത്ത് (6. 1. 3) പ്രായശ്ചിത്തത്തിന് ഭേഷജം, ഔഷധം എന്നിവ സമാനാര്ത്ഥകങ്ങളാണ് എന്നു പറയുന്നു. ഏലസ്സുകളേയും ഭേഷജങ്ങളായാണ് പരിഗണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: