കൊച്ചി: മോഷ്ടിക്കാന്‍ വീട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞതോടെ മോഷണം ഉപേക്ഷിച്ച് ചുമരില്‍ മാപ്പെഴുതി സ്ഥലം വിട്ടു. തൃപ്പൂണിത്തുറ തിരുവാങ്കുളത്താണ് സംഭവം.
കഴിഞ്ഞ രാത്രി തിരുവാങ്കുളത്തെ അഞ്ച് കടകളില്‍ കയറിയ കള്ളന് ഇവിടെനിന്ന് പതിനായിരത്തിലേറെ രൂപ കൈക്കലാക്കി. പിന്നീട് കയറിയത് പാലത്തിങ്കല്‍ ഐസക്ക് മാണിയുടെ വീട്ടില്‍. മുന്‍ സൈനികനായ ഇദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. എന്നാല്‍, വീട്ടിനുള്ളില്‍ ഒരു പട്ടാളക്കാരന്റെ തൊപ്പി കണ്ടതോടെ ഇയാളുടെ മനസുമാറി.
കുറ്റബോധവുമായി. വീടിന്റെ ചുമരില്‍ കള്ളന് ഇങ്ങനെ എഴുതി, ”ബൈബിളിലെ ഏഴാമത്തെ കല്‍പ്പന ഞാന്‍ ലംഘിച്ചു. പക്ഷേ, എന്റെ മുന്നില്‍ നിങ്ങളും നരകത്തിലുണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസിലായത്, തൊപ്പി കണ്ടപ്പോള്‍. ഓഫീസര്‍ ക്ഷമിക്കണം.”
മാപ്പപേക്ഷയ്ക്ക് പുറമേ മോഷണം നടത്തിയ കടയില്‍നിന്ന് എടുത്ത ബാഗ് തിരിച്ചേല്‍പ്പിക്കണമെന്നും കള്ളന് ചുമരിലെഴുതി. ബാഗിലെ പണമെടുത്തു, എന്നാല്‍, പേഴ്സും രേഖകളും തിരികെ നല്‍കണമെന്നായിരുന്നു നിര്‍ദേശം. സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തിക്കാത്തതിനാല്‍ ആളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: