കണ്ണൂര്‍: കോര്പ്പറേഷന് യോഗത്തില്‍ ഇടത്-വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മേയര്‍ സുമ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് ഇടതു മുന്നണിയുടെ പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോര്പ്പറേഷന് കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുമ്പാണ് പ്രതിഷേധം. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫീസില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതിലടച്ചു. ഭരണസമിതി ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ദിവസങ്ങളായി ഇടത് ജീവനക്കാരുടെ സമരം നടക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം വിളിച്ചത്. യോഗത്തിനു മുമ്പായി പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ യോഗത്തിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിച്ചു. തുടര്‍ന്ന് മേയറെ കൗണ്‍സില്‍ ഹാളിലേക്ക് പോകാന്‍ അനുവദിക്കാതെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു.
ഇതിനിടെ 11 മണിക്ക് കൗണ്‍സില്‍ യോഗം തുടങ്ങാനായി ബെല്ലടിച്ചു. മേയറെ ചേംബറില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉറപ്പിച്ചതോടെ ഏതു വിധേനയും മേയറെ കൗണ്‍സില്‍ ഹാളിലെത്തിക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാരും ശ്രമിച്ചു. കസേരയില്‍ നിന്ന് എഴുന്നേറ്റ് മേയര്‍ പുറത്തിറങ്ങാന്‍ ശ്രമിക്കവെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ മേയറെ പിടിച്ചു തള്ളി. ഇതിനിടയില്‍ മേയര്‍ക്ക് പരിക്കേറ്റു. മേയറെ കൈയേറ്റം ചെയ്തെന്നും ഗൗണ്‍ വലിച്ച് പൊട്ടിച്ചെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി മേയറും മറ്റു കൗണ്‍സിലര്‍മാരും ചേര്‍ന്നു മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്നം രൂക്ഷമായി. വാക്കേറ്റവും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
അജണ്ടകള്‍ അംഗീകരിച്ചെന്നു പ്രഖ്യാപിച്ചു മേയര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങി. കൈയേറ്റ ശ്രമത്തില്‍ മേയര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈയേറ്റത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ മേയര്‍ ഇ.പി. ലത, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ കെ. റോജ, വി.ജി. വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൗണ്‍സിലര്‍ കെ. പ്രമോദ്, മേയറെ കൈയേറ്റം ചെയ്തതായി യുഡിഎഫ് ടൗണ്‍ പോലീസില്‍ പരാതി നല്കി. ഡെപ്യൂട്ടി മേയറടക്കം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വനിതാ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്തതായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: