തിരുവനന്തപുരം: നെഞ്ചിലൂടെ കടന്നുപോകുന്ന മഹാധമനിയുടെ ഭാഗത്തുണ്ടാകുന്ന വീക്കം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന വിക്ഷേപണ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍. നിലവില്‍ ധമനിവീക്കം ചികിത്സിക്കുന്നത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ്.
ശ്രീചിത്രയിലെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തിലെ ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസിന്റെ പിന്തുണയോടെയാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിദേശ നിര്‍മിത സ്റ്റെന്റുകളുടെ ഏറ്റവും കുറഞ്ഞ വില 3.5 ലക്ഷം രൂപയാണ്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഗ്രാഫ്റ്റ് വിപണിയില്‍ എത്തുന്നതോടെ വില വന്‍തോതില്‍ കുറയും.
പോളിസ്റ്റര്‍ തുണി, നിക്കല്‍-ടൈറ്റാനിയം ലോഹസങ്കരം എന്നിവ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റ് ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഡോ. സുജേഷ് ശ്രീധരന്, ഡോ. ജയദേവന് ഇ.ആര്., റിട്ട. പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്. എം, മുരളീധരന് സി.വി., ഡോ. സന്തോഷ്കുമാര്‍ കെ., രമേഷ് ബാബു വി., കൃഷ്ണകുമാര്‍ എസ.്, ലിജി. ജി.വി., വിവേക് പി.യു. എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സ്റ്റെന്റ് ഗ്രാഫ്റ്റും വിക്ഷേപണ സംവിധാനവും വികസിപ്പിച്ചെടുത്തത്.
അറുപത് വയസ് പിന്നിട്ടവരില്‍ അഞ്ച് ശതമാനം പേരില്‍ കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതില്‍ വിള്ളലുകളുണ്ടായാല്‍ മരണം വരെ സംഭവിക്കാം. ഇന്ത്യയില്‍ ഒരു ലക്ഷം ആളുകളില്‍ 5-10 പേര്‍ക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണ് കണക്കുകള്‍. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നത് ധമനിവീക്കത്തിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മഹാധമനി വീക്കത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: