മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നാലു യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ക്കോടി രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തു. അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി സഞ്ജു ഇല്ലത്ത്, കാസർകോട് സ്വദേശികളായ മഹിന്‍, എ. ജാബിര്‍, ഷര്‍ബാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഇന്നലെ പുലര്‍ച്ചെ 3.45ന് അബുദാബിയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ സഞ്ജുവില്‍ നിന്ന് 1657 ഗ്രാം സ്വര്‍ണ്ണവും മഹിനില്‍ നിന്ന് 467 ഗ്രാം സ്വര്‍ണ്ണവുമാണ് പിടിച്ചത്. രാവിലെ 5.30ന് ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ജാബിര്‍, ഷര്‍ബാസ് എന്നിവരില്‍ നിന്ന് 467 ഗ്രാം സ്വര്‍ണ്ണം വീതവും പിടികൂടി. മൂന്നു പേരില്‍ നിന്ന് വെജിറ്റബിള്‍ കട്ടിങ്ങ് മെഷീനുള്ളില്‍ ജനലില്‍ ഘടിപ്പിക്കുന്ന വിജാഗിരി പോലെയാക്കി ഒളിപ്പിച്ചുവച്ച നിലയിലാണ് സ്വര്‍ണ്ണം പിടിച്ചത്. ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണ്ണം കണ്ടെടുത്തു. ആകെ ഒരു കോടി 24 ലക്ഷം രൂപ വില വരുന്ന 3.05 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണ്ണക്കടത്ത് വ്യാപകമായതോടെ കസ്റ്റംസും ഡിആര്‍ഐയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ നാലു പേരില്‍ നിന്നായി 11 കോടി രൂപയുടെ സ്വര്‍ണ്ണം പിടിച്ചിരുന്നു.
പരിശോധനയില്‍ കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദനന്‍ ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്‍, സന്ദീപ്, ഇന്‍സ്‌പെക്ടര്‍മാരായ യദുകൃഷ്ണന്‍, അശോക് കുമാര്‍, കെ.രാജു, സോനിത് കുമാര്‍, യുഗല്‍, ഹവില്‍ദാര്‍മാരായ പി.ശ്രീരാജ്, സുമാവതി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: