അഥര്‍വവേദത്തിലെ ചികിത്സാരീതിയേയും ദാസ്ഗുപ്തവിവരിക്കുന്നു. മേല്പ്പറഞ്ഞതു പോലെ, അഥര്വവേദകാലത്തും വൈദ്യം കുലത്തൊഴിലായ അനേകം വൈദ്യന്മാര് ഔഷധങ്ങളുപയോഗിച്ചുകൊണ്ടുള്ള ശരിയായചികിത്സ ഭാരതത്തിലെമ്പാടും നടത്തി വന്നിരുന്നു. എങ്കിലും അഥര്‍വവേദത്തിന്റെ നിലപാട് ഇത്തരം ഔഷധസസ്യങ്ങളേയും ഔഷധങ്ങളേയും അപേക്ഷിച്ച് മന്ത്രപ്രയോഗം രോഗശമനത്തിന് കൂടുതല്‍ ഫലവത്താണെന്നായിരുന്നു. അല്ലയോ രോഗി നീ നൂറോ ആയിരമോ ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചു നോക്കിയിരിക്കാം. പക്ഷെ ആശ്രവം (hemorrhage) ശമിപ്പിക്കാന്‍ ഈ മന്ത്രപ്രയോഗമാണ് കൂടുതല്‍ ഫലപ്രദംഭ (ശതം യാ ഭേഷജാനി തേ സഹസ്രം സംഗതാനിച. ശ്രേഷ്ഠം ആശ്രവഭേഷജം വസിഷ്ഠം രോഗനാശനം അഥര്‍വവേദം 6. 45. 2) എന്ന മന്ത്രവും മന്ത്രം (2. 9. 3) പോലെ ഇതിനു തെളിവാണ്. മന്ത്രം (2. 9. 5) പറയുന്നത് മന്ത്രപൂതമായ രക്ഷ (ഏലസ്സ്) കെട്ടിക്കൊടുക്കുന്ന അഥര്‍വനാണ് ഏറ്റവും ഉത്തമനായ വൈദ്യന് (സുഭിഷക്തമന്) എന്നാണ്. ഒരു മന്ത്രത്തില്‍ (6. 68. 2) ഒരു ബാലകന് ദീര്‍ഘായുസ്സുണ്ടാകാന്‍ ഔഷധം കൊണ്ടു ചികിത്സിക്കണമെന്നു പ്രജാപതിയോടു പ്രാര്ത്ഥിക്കുന്നതു കാണാം.
ആത്രേയചരകസമ്പ്രദായപ്രകാരം ബ്രഹ്മാവില്‍ നിന്നും ശാസ്ത്രം പഠിച്ച പ്രജാപതിയാണല്ലോ ആദ്യത്തെ ആയുര്വേദാധ്യാപകന്. കൗശികസൂത്രത്തില് (25.2) രോഗത്തിന് ലിംഗീ (ലിംഗം അഥവാ ലക്ഷണത്താല്‍ അറിയപ്പെടുന്നത്) എന്നു പറയുന്നു. ഔഷധ (ഭൈഷജ്യം) ത്തിന് ഉപതാപം (രോഗഹരം) എന്നും പറയുന്നു. വ്യാഖ്യാതാവായ ദാരിലന്റെ അഭിപ്രായത്തില്‍ ഉപതാപകര്മ്മം രോഗത്തെ മാത്രമല്ല രോഗലക്ഷണത്തേയും ഇല്ലാതാക്കുന്നു. അഥര്‍വവേദത്തില്‍ ജംഗിഡാ (19. 34,35), ഗുല്ഗുലു (19. 38), കുഷ്ഠം (19. 39), ശതവാര (19. 36) എന്നിങ്ങനെ കുറച്ചു മരുന്നുകളെ മാത്രമേ പറഞ്ഞുകാണുന്നുള്ളൂ. ഇവയെല്ലാം തന്നെ രക്ഷ പോലെ മന്ത്രപ്രയോഗസഹിതം ദേഹത്തു ധരിച്ചാല്‍ ചില രോഗശമനത്തിനു മാത്രമല്ല ശത്രുക്കള്‍ ആഭിചാരം ചെയ്ത് അയക്കുന്ന കൃത്യകളെന്ന ദുര്‍ദേവതകളേയും നശിപ്പിക്കാന്‍ കെല്‍പ്പുള്ളവയാണെന്നും പറയുന്നു. അതായത് മന്ത്രപൂതമായ രക്ഷകള്‍, ഹോമം മുതലായവയുടെ ഭൗതികേതരമായ അദ്ഭുതസ്വഭാവം (miraculus nature) പോലെ ഉള്ള ഫലം ഈ ഔഷധസസ്യങ്ങള്‍ക്കും ഉണ്ടെന്നര്‍ത്ഥം. സാധാരണ വൈദ്യഗ്രന്ഥങ്ങളില്‍ പറയുന്നതു പോലെയല്ല അവയുടെ പ്രവര്‍ത്തനം മറിച്ച് പ്രകൃത്യതീതമായ തരത്തിലാണ് എന്നു കരുതിയിരിക്കുന്നു. കേവലം രക്ഷാമന്ത്രങ്ങളായി കാണപ്പെടുന്ന മന്ത്രങ്ങളുടെ പ്രയോഗത്തില്‍ പോലും പല തരം ഔഷധങ്ങളെ ഉള്ളില്‍ കഴിക്കുവാനോ രക്ഷ പോലെ ധരിക്കുവാനോ കൗശികസൂത്രം നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: