തിരുവനന്തപുരം: മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് മികച്ച രീതിയില്‍ സ്ത്രീ മുന്നേറ്റം കൈവരിച്ച കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്. കോട്ടയം ജില്ലയിലെ കൊണ്ടൂര്‍ പഞ്ചായത്തിലെ പഞ്ചമി, തൃശൂര്‍ ജില്ലയിലെ അഴിക്കോട് പഞ്ചായത്തിലെ ഉഷസ് എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് ഇത്തവണ ദേശീയതല അംഗീകാരം. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതി (എന്‍.ആര്.എല്‍.എം) നടപ്പാക്കുന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍ട്രികളില്‍ നിന്നാണ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചടങ്ങില്‍ അയല്‍ക്കൂട്ട പ്രതിനിധികളും ജില്ലാമിഷന് അധികൃതരും ചേര്‍ന്ന് എന്‍.ആര്.എല്‍.എം ദേശീയ അവാര്‍ഡുകള്‍ സ്വീകരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ്ങ് ടോമര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയും പരിപാടിയില്‍ പങ്കെടുക്കും.
ആഴ്ച തോറുമുള്ള അയല്‍ക്കൂട്ട അംഗങ്ങളുടെ ഹാജര്‍, സമ്പാദ്യം, നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, വായ്പാ തിരിച്ചടവിന്റെ കൃത്യത, അംഗങ്ങള്‍ക്ക് വായ്പ നല്കി ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുകയും അതുവഴി ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക എന്നിവയാണ് അവാര്‍ഡിനു പരിഗണിച്ച മാനദണ്ഡങ്ങള്‍. അവാര്‍ഡിനു വേണ്ടി എന്‍.ആര്.എല്‍.എം പ്രത്യേകമായി തയ്യാറാക്കിയ മാതൃകയിലാണ് വിവരങ്ങള്‍ നല്‍കിയത്. ഇതിനായി ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങള്‍ വീതം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും ഏറ്റവും മികവ് പുലര്‍ത്തിയ മൂന്ന് അയല്‍ക്കൂട്ടങ്ങളെ സംസ്ഥാന മിഷന് നോമിനേറ്റ് ചെയ്യുകയുമായിരുന്നു. ഇതില്‍ നിന്നാണ് രണ്ട് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്തത്.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും മികച്ച സംഭാവനകള്‍ നല്കിയ സ്ത്രീകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അന്താരാഷ്ട്ര വനിതാ ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തിലെ മറ്റു സ്ത്രീകള്‍ക്കും മാതൃകയാക്കാന്‍ കഴിയും വിധം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കു വയ്ക്കലും പരിപാടിയോടനുബന്ധിച്ചു നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: