തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കെല്‍ട്രോണുമായി നടത്തിയ ഇടപാടുകളിലെ കൂടുതല്‍ അഴിമതികള്‍ പുറത്ത്. ബാഗേജുകള്‍ പരിശോധിക്കാനുളള എക്സ്റേ ഉപകരണം വാങ്ങിയതിലും ക്രമക്കേടുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍.
വാഹനത്തില്‍ ഘടിപ്പിക്കുന്ന എക്സ്റേ ബാഗേജ് ഇന്സ്പെക്ഷന് സിസ്റ്റം കെല്‍ട്രോണില്‍ നിന്നാണ് വാങ്ങിയത്. ഇത് നിര്‍മ്മിക്കുന്നതില്‍ ഒരു മുന്‍പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്കാന്, കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഇസിഐഎല്‍ റാപിസ്കാന്‍ ലിമിറ്റഡിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍, കെല്‍ട്രോണ്‍ ഈ ഉപകരണം വാങ്ങിയത് റാപിസ്കാനില് നിന്നാണെന്ന് സിഎജി കണ്ടെത്തി.
2014-15 ലെ എഎപി ഫണ്ടില്‍ നിന്നും 1.95 കോടിയാണ് ഇന്സ്പെക്ഷന് സിസ്റ്റത്തിന് അനുവദിച്ചത്. 2015 മാര്‍ച്ചില്‍ ടെണ്ടര്‍ വിളിച്ചു. ഇതിനിടയില്‍ സിസ്റ്റം ഘടിപ്പിക്കാനുള്ള രണ്ട് ഫോഴ്സ് ട്രാവലര്‍ 17.18 ലക്ഷത്തിന് വാങ്ങി.
സിസ്റ്റം വാങ്ങാനുള്ള കരാറില്‍ ഇസിഐഎല്‍ റാപിസ്കാന്‍ മാത്രമാണ് പങ്കെടുത്തത്. ഒരു കമ്പനി മാത്രമായതിനാല്‍ ടെണ്ടര്‍ റദ്ദാക്കി. തുടര്‍ന്ന് വീണ്ടും കരാര്‍ ക്ഷണിച്ചു. 2015 ജൂണില്‍ റാപിസ്കാന്‍ ഉള്‍പ്പെടെ നാല് കമ്പനികള്‍ ടെണ്ടര്‍ നല്കി.
സിസ്റ്റം ടെക്നിക്കല്‍ കമ്മറ്റിക്ക് മുന്‍പാകെ ഹാജരാക്കിയില്ലെന്നു പറഞ്ഞ് അതും തള്ളി. മൂന്നാമതും ടെണ്ടര്‍ വിളിച്ചപ്പോഴും ഇസിഐഎല്‍ മാത്രമായി. അതോടെ അതും റദ്ദാക്കി. ഇതെല്ലാം കെല്‍ട്രോണിന് വേണ്ടിയായിരുന്നു എന്നാണ് സിഎജി കണ്ടെത്തല്‍.
1.95കോടി കൈയിലുള്ള കാര്യവും കമ്പനികള്‍ വാഹനങ്ങള്‍ ഹാജരാക്കാത്ത കാര്യവും 2017 ജനുവരിയില്‍ ഡിജിപി കെല്‍ട്രോണിനെ അറിയിച്ചു. തുടര്‍ന്ന് ഉയര്‍ന്ന തുകയായ 1.40 കോടിക്ക് കരാര്‍ ഉറപ്പിച്ചു.
വാഹനങ്ങള്‍ പോലീസിന്റെ ചെലവില്‍ ഫാബ്രിക്കേഷനായി ഹൈദരാബാദിലേക്ക് അയച്ചു. അവിടെ വച്ച് ടെക്നിക്കല്‍ കമ്മിറ്റി ഒഴിവാക്കിയ ഇസിഐഎല്‍ റാപിസ്കാനില് നിന്നും എക്സ്റേ ബാഗേജ് സിസ്റ്റം വാങ്ങി ഘടിപ്പിച്ച് 2018 ആഗസ്റ്റില്‍ വാഹനം കൈമാറി.
കരാറിന് മുമ്പ് വാഹനത്തില്‍ ഘടിപ്പിച്ച സിസ്റ്റം, ടെക്നിക്കല്‍ കമ്മിറ്റിയെ കാണിച്ചിട്ടില്ലെന്ന് മാത്രമല്ല മറ്റ് കമ്പനികള്‍ നല്കിയതുപോലെ പവര്‍പോയിന്റ് പ്രസന്റേഷന് പോലും നടത്തിയില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.
മുന്‍ പരിചയമില്ലാത്തതിനാലാണ് കരാര്‍ മറ്റുള്ളവര്‍ക്ക് നല്‍കാത്തതെന്നാണ് വിശദീകരണം. എന്നാല്‍ ‘ഇസിഐഎല്‍ റാപിസ്കാന്‍ സിസ്റ്റം എന്നപേരില്‍ അത്യാധുനിക സ്കാനിങ്സിസ്റ്റം വികസിപ്പിച്ച്’ പോലീസിന് വിറ്റുവെന്നാണ് കെല്‍ട്രോണിലെ രേഖകളിലുള്ളത്.
സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ മുന്‍ പരിചയമോ സാങ്കേതിക വിദ്യയോ ഇല്ലെന്നും ഉയര്‍ന്ന തുകയാണെന്നും ബോധ്യപ്പെട്ടിട്ടും കെല്‍ട്രോണിന് തന്നെ കരാര്‍ നല്‍കിയതില്‍ ഡിജിപിക്കും ടെക്നിക്കല്‍ കമ്മിറ്റിക്കും സംശയകരമായ ഉദ്ദേശ്യങ്ങളുണ്ടെന്നാണ് സിഎജി പരാമര്‍ശം. മറ്റുള്ള കമ്പനികളുടെ ടെണ്ടര്‍ പൊട്ടിക്കാത്തതിനാല്‍ നഷ്ടത്തിന്റെ വ്യാപ്തി കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: