ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് അപകടങ്ങള്‍ പതിവാകുന്നു. ഇന്നലെ രാവിലെ മണ്ണഞ്ചേരിക്ക് സമീപം ഹൗസ്ബോട്ട് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നു. മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും സമീപത്തെ വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. പ്ലസന്റ് എന്ന ബോട്ടാണ് ചാലിലെ കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു തകര്‍ന്നത്. ആലപ്പുഴയില്‍ കായല്‍ വിനോദസഞ്ചാര മേഖലയില്‍ അപകടങ്ങള്‍ സ്ഥിരമായി. ആഴ്ചകള്‍ മുമ്പാണ് പാതിരാമണലിന് സമീപം ഹൗസ്ബോട്ട് കത്തി നശിച്ചത്.
ബോട്ടിലുണ്ടായിരുന്ന പിഞ്ചു കുഞ്ഞും സ്ത്രീകളും അടക്കമുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം ആര് ബ്ലോക്കിന് സമീപം മറ്റൊരു ഹൗസ്ബോട്ടിന് തീപിടിച്ചിരുന്നു. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പലവട്ടം പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. ആയിരത്തഞ്ഞൂറോളം ഹൗസ്ബോട്ടുകളാണ് ജില്ലയില്‍. പകുതിയിലധികം ബോട്ടുകള്‍ക്കും ലൈസന്‍സില്ല. കായലുകളില്‍ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാണെന്നിരിക്കെ നിലവില്‍ ഒരേ രജിസ്ട്രേഷന് നമ്പറില്‍ ഒന്നിലധികം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്ട്രേഷന് ഇല്ലാത്ത ബോട്ടുകളും ധാരാളം.
അഗ്നിബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഹൗസ് ബോട്ടുകളിലെ കിച്ചന് കാബിനില്‍ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നടപ്പാകുന്നില്ല. അനുവദനീയമായതില്‍ കൂടുതല്‍ ഗ്യാസ് സിലിണ്ടറുകള്‍ പലബോട്ടുകളിലും സൂക്ഷിക്കുന്നു. സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും നിലവാരം പരിശോധിക്കാനും നടപടിയില്ല.
ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത ഹൗസ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തി. ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രജിസ്ട്രേഷനില്ലാത്ത ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രജിസ്ട്രേഷനില്ലാത്ത ബോട്ടുകള്‍ തുറമുഖ വകുപ്പ് പിടിച്ചെടുക്കും. ജീവനക്കാര്‍ക്ക് ലൈസന്‍സ് ഉറപ്പുവരുത്തും. യൂണിഫോം നിര്‍ബന്ധമാക്കും.
കിറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഫയര്‍ഫോഴ്സ്, തുറമുഖ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ച് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ട്രെയിനിങ് ഏര്‍പ്പെടുത്തും. അഗ്നിബാധയുണ്ടായാല്‍ അത് നിയന്ത്രിക്കുന്നതിന് ഫയര്‍ ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: