കൊച്ചി: സമീപവാസികളുടെ സ്വകാര്യതയെ ബാധിക്കുമോയെന്ന് വിലയിരുത്താതെ പാര്‍പ്പിട മേഖലയില്‍ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുകയോ പുതുക്കി നല്‍കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി. വീടിനടുത്തുള്ള ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പി സ്വദേശിനി വിലാസിനി ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
വ്യക്തികളുടെ സ്വകാര്യതയെന്ന അവകാശത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ പാര്‍പ്പിട മേഖലയില്‍ ഷാപ്പുകള്‍ സ്ഥാപിക്കരുത്. ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കി നല്‍കുന്നതിനും സ്വകാര്യത അവകാശ പഠനം നടത്തണം. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ ബാദ്ധ്യത നിറവേറ്റുന്നതിലെ വീഴ്ചയായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. മദ്യത്തിന്റെ വില്‍പ്പനയും വിതരണവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ലൈസന്‍സില്ലാതെ ഷാപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും വിധിയില്‍ പറയുന്നു. സമീപവാസികളുടെ സ്വകാര്യത ഉറപ്പാക്കാന്‍ ഷാപ്പുകള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി എക്സൈസ് കമ്മിഷണര്‍ 2019 നവംബര്‍ 14ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഷാപ്പ് ലൈസന്‍സ് റദ്ദാക്കാമെന്നും കോടതി വ്യക്തമാക്കി. ഷാപ്പുകളുടെ നവീകരണത്തിന് അമിക്കസ് ക്യൂറിമാര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും എക്സൈസ് വകുപ്പും പരിഗണിക്കണം. ഹര്‍ജിക്കാര്‍ നല്കിയ വ്യക്തിഗത പരാതികള്‍ എക്സൈസ് കമ്മീഷണര്‍ രണ്ടു മാസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: