ന്യൂദല്‍ഹി : ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വിശാല ബെഞ്ചിന് വിട്ടതില്‍ എതിര്‍പ്പുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശനം സാധ്യമാക്കണമെന്ന് തന്നെയാണ് സിപിഎം നിലപാടെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന 2018ലെ സുപ്രീംകോടതി വിധിയില്‍ യോജിപ്പാണ് ഉള്ളത്. തിരുവനന്തപുരത്തു കഴിഞ്ഞ മാസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്‌ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെബ്‌സൈറ്റിലൂടെ റിപ്പോര്‍ട്ട് സിപിഎം പുറത്തുവിട്ടു.
ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് വന്നതോടെ മുന്‍ നിലപാടില്‍ നിന്നു പാര്‍ട്ടിയും സര്‍ക്കാരും മലക്കം മറിഞ്ഞിരുന്നു. പുതിയ വിധിയെ ചില മന്ത്രിമാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ദേവസ്വം, നിയമ മന്ത്രിമാരടക്കമുള്ളവരുടെ അത്തരം പ്രതികരണങ്ങള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നു കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നതെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തി. പകരം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങള്‍ക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണു തീരുമാനിച്ചത്.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ നിലപാടില്ലാതെ മലക്കം മറിയുകയാണ്. ആദ്യം യുവതി പ്രവേശനത്തെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ ജനവികാരം എതിരായതോടെ പിന്നീട് നിലപാടില്‍ അയവ് വരുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: