തിരുവനന്തപുരം: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ കലാപം നടത്തിയ ശേഷം ലൈബ്രറിയില്‍ ഒളിക്കുകയും പിന്നാലെ പോലീസ് എത്തി അക്രമികളെ നേരിടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദല്‍ഹി പോലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാത്രമാണ് പ്രമുഖ മലയാളം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തെങ്കിലും കലാപകാരികളായ വിദ്യാര്‍ഥികള്‍ കല്ലും കമ്പുമായി ലൈബ്രററിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. ഈ സംഭവത്തില്‍ വിദ്യാര്‍ഥികളെ ട്രോളി സംവാദകന് ശ്രീജിത് പണിക്കര്‍ രംഗത്ത്. പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികള്‍ക്ക് പുസ്തകം തുറന്നുവെക്കാന്‍ ആവശ്യമായ പേപ്പര്‍ വെയ്റ്റുകള്‍ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാല്‍ സുമാര്‍ അര കിലോ തൂക്കമുള്ള കല്ലുകള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയമെന്ന് ശ്രീജിത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം- ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലാ ലൈബ്രറിയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോ പുറത്തു വന്നിട്ടും കേന്ദ്രസര്‍ക്കാര്‍ മാപ്പു പറയാത്തത് പ്രതിഷേധാര്‍ഹമാണ്. അതിനു ബദലായി പലരും ചൂണ്ടിക്കാട്ടുന്നത് പ്രതിഷേധക്കാര്‍ കയ്യില്‍ കല്ലുകളുമായി ലൈബ്രറിയില്‍ പ്രവേശിച്ചെന്നും വാഹനം കത്തിച്ചെന്നും പൊലീസിനെ തടയാന്‍ ശ്രമിച്ചെന്നും മുഖംമൂടി ധരിച്ചിരുന്നെന്നും ഒക്കെയാണ്.
ജാമിയ ലൈബ്രറിയുടെ ശോച്യാവസ്ഥ നമുക്കറിയാം. പഠനാവശ്യത്തിനായി നോട്ടെഴുതുന്ന കുട്ടികള്‍ക്ക് പുസ്തകം തുറന്നുവെക്കാന്‍ ആവശ്യമായ പേപ്പര്‍ വെയ്റ്റുകള്‍ പോലും മാനവ വിഭവശേഷി മന്ത്രാലയം യഥാസമയം ലഭ്യമാക്കാത്തതിനാല്‍ സുമാര്‍ അര കിലോ തൂക്കമുള്ള കല്ലുകള്‍ മാത്രമാണ് അവര്‍ക്ക് ആശ്രയം.പുറത്തിരുന്ന വാഹനങ്ങള്‍ കത്തിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ലൈബ്രറിയില്‍ പ്രവേശിച്ചത് എന്നതാണ് അടുത്ത ആരോപണം. ആന്തരിക ജ്വലന എന്‍ജിനുകളെ ബാഹ്യ ജ്വലനത്തിനു വിധേയമാക്കുമ്പോള്‍ ഉണ്ടാകുന്ന സമൂല രാസമാറ്റം പഠിക്കാന്‍ വിജ്ഞാന കുതുകികള്‍ ശ്രമിച്ചാല്‍ അതൊരു തെറ്റാണോ?
പൊലീസ് കയറാതിരിക്കാന്‍ മേശകള്‍ കൊണ്ട് വാതിലുകള്‍ അടച്ചുവത്രേ. അഞ്ചു സെന്റീമീറ്റര്‍ കനമുള്ള അടഞ്ഞ കതകിനു പിന്നില്‍ മുപ്പത് കിലോ ഭാരമുള്ള തടി ഉരുപ്പടിയുടെ സമ്മര്‍ദ്ദം നല്കിയാല് അതിനുമേല്‍ എത്ര ന്യൂട്ടണ്‍ ബാഹ്യബലം പ്രയോഗിച്ചാലാണ് അവ അന്‍പത് സെന്റീമീറ്റര്‍ നീക്കാന്‍ സാധിക്കുക എന്നുള്ള ഭൗതികശാസ്ത്ര പരീക്ഷണം മാത്രമായിരുന്നു അവിടെ നടന്നത് എന്നാണ് എനിക്ക് മനസ്സിലായത്.ഇനി, കൊറോണാ വൈറസ് ബാധയുണ്ടാകുമെന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ കഴിഞ്ഞ സമര്‍ത്ഥരും ത്രികാല ജ്ഞാനികളുമായ ചെറുപ്പക്കാര്‍ മുഖം മറച്ച് അവിടെ ഇരുന്നതിനെ അഭിനന്ദിക്കുന്നതിനു പകരം അവരെ മര്‍ദ്ദിക്കാന്‍ പൊലീസിന് എങ്ങനെ മനസ്സുവന്നു? അവിടെ പ്രവേശിച്ച പൊലീസുകാരും മുഖം മറച്ച് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് ഓര്‍ക്കണം. അപ്പോള്‍ മുഖം മറയുക്കുന്നത് ഒരു കുറ്റം ആവില്ലല്ലോ. ഫാഷിസം ഒരു പരിധിയും ഇല്ലാതെ രാജ്യത്ത് പടര്‍ന്നു പന്തലിക്കുകയാണ്. ഡല്‍ഹി പൊലീസിന്റെ അതിക്രമത്തിനു കാരണക്കാരന്‍ അമിത് ഷാ മാത്രമാണ്. തെറ്റു മനസ്സിലാക്കിയ അമിത് ഷാ ഇന്ന് ഉച്ചേകാലോടെ രാജി വെക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: