കുവൈത്ത്: നായർ സർവീസ് സൊസൈറ്റി കുവൈത്തിന്റെ 143മത് മന്നം ജയന്തി ആഘോഷം ഖാൽദിയ യൂണിവേഴ്‌സിറ്റി കോംപ്ലക്സ് ഹാളിൽ ഫെബ്രുവരി 14 നു നടന്നു. പ്രസിഡന്റ് പ്രസാദ് പദ്മനാഭൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ, ജനറൽ സെക്രട്ടറി സജിത്ത് സി നായർ, പേട്രൺ സുനിൽ മേനോൻ, ട്രഷറർ ഹരികുമാർ, വനിതാ കൺവീനർ ഡോ.മഞ്ജുഷ രാജേഷ് എന്നിവർ സംസാരിച്ചു. ഡോ.രാജു നാരായണ സ്വാമി ഐഎഎസ് മുഖ്യ അതിഥിയായിരുന്നു.
വിദ്യാഭ്യാസ രംഗത്തും കേരളീയസാമൂഹ്യ രംഗത്തും നായർ സർവീസ് സൊസൈറ്റി ഉണ്ടാക്കിയ വിപ്ലവകരമായ മുന്നേറ്റം സമൂഹത്തിനാകെ വെളിച്ചം പകർന്നു നൽകിയെന്നും, വിദ്യാഭ്യാസമെന്നത് കേവലം ജോലി നേടാനുള്ള മാർഗ്ഗം മാത്രമല്ലെന്നും സത്യം അനേഷിച്ചു കണ്ടെത്താനും, സഹിഷ്ണുതയും മാനവികതയും നിലനിർത്താനും, സ്നേഹിക്കാനും, മൂല്യങ്ങൾ ഉയർത്തി പിടിച്ചു ജീവിക്കാനുള്ള ഉപാധികൂടിയാണെന്നും രാജു നാരായണ സ്വാമി അഭിപ്രായപ്പെട്ടു.
കുഴൽ മന്ദം രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന മൃദുതരംഗം കാണികൾക്ക് വേറിട്ടൊരു അനുഭവമായി, ജ്യോതി ദാസിന്റെ അഷ്ടപദിയും, ശ്രീനാഥ് -പാർവതി മേനോൻ ടീമിന്റെ സംഗീത വിരുന്നും മറക്കാനാവാത്ത അനുഭൂതി പകർന്നുനൽകി. നൂപുര ധ്വനിയുടെയും, അമ്പിളി ബാബുവിന്റെയും നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തവും മികച്ചനിലവാരം പുലർത്തി.
ജനബാഹുല്യം കൊണ്ടും ദൃശ്യ – ശ്രാവ്യ മേന്മ കൊണ്ടും സംഘാടനത്തിലെ മികവ് കൊണ്ടും മന്നം ജയന്തി പ്രവാസി സമൂഹത്തിന് അവിസ്മരണീയ അനുഭവമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: