അടുത്ത 6 ശ്ലോകങ്ങളിലായി സൂക്ഷ്മ ശരീരത്തേയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളേയും പറയുന്നു.
ശ്ലോകം 96
വാഗാദി പഞ്ച ശ്രവണാദി പഞ്ച
പ്രാണാദി പഞ്ചാഭ്രമുഖാനി പഞ്ച
ബുദ്ധ്യാദ്യവിദ്യാപി ച കാമകര്മ്മണി
പുര്യഷ്ടകം സൂക്ഷ്മശരീരമാഹുഃ
വാക്ക് മുതലായ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍, കാത് മുതലായ പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ച പ്രാണന്മാര്, ആകാശം മുതലായ പഞ്ചസൂക്ഷ്മഭൂതങ്ങള്, ബുദ്ധി തുടങ്ങിയ നാല് അന്തഃകരണങ്ങള്, അവിദ്യ, കാമം, കര്‍മ്മം എന്നിങ്ങനെ എട്ട് പുരികള്‍ ഒത്ത് ചേരുന്നതാണ് സൂക്ഷ്മ ശരീരം.
ഇതില്‍ ആദ്യം പറഞ്ഞതായ ഇന്ദ്രിയങ്ങളും പ്രാണന്മാരും ഭൂതങ്ങളുമടങ്ങുന്ന 4 പഞ്ചകത്തേയും അന്തഃകരണത്തേയും നേരത്തേ വിശദീകരിച്ചു. ഇവയെ കൂടാതെ പറയുന്ന അവിദ്യ, കാമം, കര്‍മ്മം എന്നിവ കൂടിയായാല്‍ പുര്യഷ്ടകമെന്ന് വിളിക്കുന്ന സൂക്ഷ്മ ശരീരമായി. അവിദ്യ കാമ കര്‍മ്മങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്.
ആദ്ധ്യാത്മിക സത്യത്തെ അറിയാതിരിക്കുന്നതാണ് അവിദ്യ. അവനവനെക്കുറിച്ച് അറിയാതിരിക്കല്‍ തന്നെയാണ് ഇത്.
ഒരു വസ്തുവിന്റെ സ്വരൂപമെന്തന്നറിയാതെയിരിക്കുമ്പോള് അതിനെ പറ്റി തെറ്റായി കരുതാന്‍ ഇടയാകും.ഇത് സങ്കല്പത്തിന് കാരണമാകും. അതില്‍ അഭിമാനിക്കുന്ന ഭിന്ന വ്യക്തിത്വമായ ജീവഭാവന ഉണ്ടാകുകയും ചെയ്യും. സങ്കല്പ ജീവന്മാര് സ്ഥലകാല പരിമിതികളില്‍ പെട്ട് കഷ്ടപ്പെടും.
പരമാത്മാ സ്വരൂപനായ ഞാന്‍ പൂര്‍ണ്ണനാണ് എന്നതാണ് ശരിയായ അറിവ്. പക്ഷേ അതിന് പകരം എനിക്ക് പൂര്‍ണ്ണതയില്ല എന്ന തോന്നലുണ്ടാകും. ഈ അപൂര്‍ണ്ണതാ ബോധമാണ് അജ്ഞാനം അഥവാ അവിദ്യ.
പൂര്‍ണ്ണതയെ നേടാനായി പലതും സങ്കല്പിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. അതാണ് കാമം. ഈ കാമനകളെ നിറവേറ്റാനായി പല പ്രവര്‍ത്തനങ്ങളില്‍ ചെന്ന് ചാടുന്നു.ഇതാണ് കര്‍മ്മം. അവിദ്യ തന്നെയാണ് സങ്കല്പത്തിലൂടെ കാമമായതും അതിനെ നേടിയെടുക്കാനായി കര്മ്മമായിത്തീര്ന്നതും.
ശ്ലോകം 97
ഇദം ശരീരം ശൃണു സൂക്ഷ്മ സംജ്ഞിതം
ലിംഗം ത്വപഞ്ചീകൃതഭൂത സംഭവം
സവാസനം കര്‍മ്മഫലാനുഭാവകം
സ്വാജ്ഞാനതോളനാദിരൂപാധിരാത്മനഃ
പഞ്ചീകരണം ചെയ്യാത്തതായ സൂക്ഷ്മഭൂതങ്ങളില്‍ നിന്നുണ്ടായ ഈ സൂക്ഷ്മ ശരീരത്തെ “ലിംഗ “ ശരീരമെന്നും പറയുന്നു.
വാസനകളോടുകൂടിയ ഇത് ജീവന്റെ മുന്‍ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ഫലത്തെ അനുഭവിപ്പിക്കുന്നു. തന്റെ സ്വരൂപത്തെക്കുറിച്ചുള്ള അജ്ഞാനത്താല്‍ കല്പിതമായ ഇത് ആത്മാവിന്റെ ഉപാധിയാണ്.
സൂക്ഷ്മ ശരീരത്തെ ലിംഗശരീരമെന്ന് വിളിക്കാന്‍ കാരണം അതില്‍ മുന്‍പ് ആര്ജ്ജിച്ചതായ വാസനകളുടെ അടയാളങ്ങള്‍ ഉള്ളതിനാലാണ്. ലിംഗം എന്നാല്‍ അടയാളം, ജ്ഞാപകം എന്നര്‍ത്ഥം. വ്യക്തമായിത്തീര്ന്നിട്ടില്ലാത്ത ഒന്നിനെക്കുറിച്ച് സൂചന നല്‍കുന്നതാണ് ജ്ഞാപകം. കര്‍മ്മങ്ങളുടെ ഫലമായുണ്ടാകുന്ന സംസ്കാരങ്ങളായ വാസനകള്‍ സൂക്ഷ്മ ശരീരത്തില്‍ നിലകൊള്ളുന്നതിനാലാണ് ലിംഗശരീരമെന്ന പേര് വന്നത്.വിവിധ ചിന്തകളുടെ സമാഹാരമായ ഈ സൂക്ഷ്മശരീരം പഞ്ചീകരണം ചെയ്യപ്പെടാത്ത സൂക്ഷ്മഭൂതങ്ങളില്‍ നിന്നുണ്ടായതാണ്.
ആത്മാവിന്റെ ഉപാധിയായിത്തീരുന്നത് വാസനാ സഹിതമായ സൂക്ഷ്മ ശരീരമാണ്. സച്ചിദാനന്ദമായ ആത്മാവ് ഇതുമൂലം ദുഃഖത്തില്പ്പെട്ട ജീവനായി മാറുന്നു. മുമ്പത്തെ ചിന്തകളും പ്രവര്‍ത്തികളും ഓരോ ആളിലും വാസനാ രൂപത്തില്‍ സ്വാധീനം ചെലുത്തും. ഇതിനനുസരിച്ചാണ് വര്‍ത്തമാനകാലത്തെ ജീവിതം.
വാസനകളില്‍ നിന്ന് ചിന്തകളും അവയെ ആഗ്രഹങ്ങളും ഒടുങ്ങാത്ത കര്‍മ്മങ്ങളും ഉണ്ടാകും. പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമായി ജീവനെ സുഖദുഃഖങ്ങളനുഭവിപ്പിക്കുന്നത് വാസനാമയമായ സൂക്ഷ്മ ശരീരമാണ്.
അനാദി എന്ന വിശേഷണമാണ് സൂക്ഷ്മ ശരീരത്തിന് നല്‍കിയിരിക്കുന്നത്. എത്ര കാലം മുമ്പ് എന്ന് പറയാനാകില്ല, എന്നോ രൂപപ്പെട്ടതാണത്. കാലം എന്നത് ബുദ്ധിയുടെ ഒരു കല്പനയാണ്. ബുദ്ധി രൂപം കൊള്ളും മുമ്പേ. വിചാരധാര ഉണ്ടാകും മുമ്പേ… കാലം ജനിച്ചു കഴിയും മുമ്പേയാണ് അനാദി.
പരമാത്മാവിന്റെ ആദ്യ ചിന്ത പോലും കാലത്തിന് മുന്നേയാണ്.ആ ചിന്തയ്ക്ക് കാരണമായ വാസനയുടെ കാര്യവും പറയേണ്ടതില്ല. അതിനാലാണ് അനാദിയായി സൂക്ഷ്മശരീരത്തിനെ പറഞ്ഞിരിക്കുന്നത്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: