ന്യൂദല്‍ഹി: സാമ്പത്തിക ദൗത്യ സേനയുടെ കരിമ്പട്ടികയില്‍ പെടാതെ രക്ഷപ്പെടാനുള്ള പാക്കിസ്ഥാന്റെ കളികള്‍ പൊളിക്കാനൊരുങ്ങി ഇന്ത്യ. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ എവിടെയെന്ന് അറിയില്ലെങ്കില്‍ കണ്ടുപിടിച്ചുതരാമെന്ന് ഇന്ത്യ വ്യക്തമാക്കി.പുല്‍വാമ ആക്രമണത്തിനും 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനും നേതൃത്വം നല്കിയ മസൂദ് അസറും കുടുംബവും ഒളിവിലാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴില്ലെന്നും സാമ്പത്തിക ദൗത്യ സേനയെ പാക്കിസ്ഥാന് അറിയിച്ചിരുന്നു.
ഈ നിലപാട് തുടരാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ മസൂദ് അസര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന കൃത്യമായ വിവരം സാമ്പത്തിക ദൗത്യ സേനയ്ക്ക് കൈമാറാമെന്നാണ് ഇന്ത്യ അറിയിച്ചത്.
റാവല്പിണ്ടിക്ക് സമീപം ഇസ്ലാമാബാദ് അതിര്‍ത്തിയിലുള്ള ചക്ഷാസാദില് പാക് ചാര സംഘടന ഐഎസ്ഐയുടെ സുരക്ഷിത താവളത്തിലാണ് മസൂദ് അസറെന്നാണ് ഇന്ത്യക്ക് ലഭിച്ച രഹസ്യ വിവരം. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ സാക്കിര്‍ ഉര് റെഹ്മാന് ലാഖ്വി ഐഎസ്ഐ സംരക്ഷണത്തില്‍ ഇസ്ലാമാബാദിലെ ബര്‍മ ടൗണിലുണ്ടെന്നും വിവരം കിട്ടിയിരുന്നു. ഇയാളെ പിടികൂടാന്‍ പാക്കിസ്ഥാന് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ദൗത്യ സേന, നിരീക്ഷണ പട്ടികയിലുള്ള പാക്കിസ്ഥാന് മേല്‍ എന്ത് തുടര്‍ നടപടി സ്വീകരിക്കണമെന്നതില്‍ തീരുമാനമെടുക്കാന്‍ ഫെബ്രുവരി 16 മുതല്‍ 21 വരെ യോഗം ചേരാനിരിക്കുകയാണ്.
ഇതു മുന്നില്‍ക്കണ്ട് പട്ടികയില്‍ നിന്ന് പുറത്തുകടക്കാന്‍ ജമാ ഉദ്ദവ ഭീകരന് ഹാഫിസ് സയ്ദിനെ ഭീകര ധനസഹായ കേസില്‍ പാക്കിസ്ഥാന് കഴിഞ്ഞ ദിവസം അഞ്ചര വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍, സയ്ദിന് അപ്പീല്‍ പോകാന്‍ അവസരമുണ്ടെന്നും പട്ടികയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് പാക്കിസ്ഥാന്റേതെന്നും ദൗത്യസേനയ്ക്കു മുന്നില്‍ തെളിയിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: