വാഷിങ്ടണ്‍: ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല അമേരിക്കയിലെ ലോസ്ഏയ്ഞ്ചല്‍സില്‍. ഈ വര്‍ഷം അവസാനത്തോടെ ഇവിടെ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ക്ക് തുടക്കമാകും.
വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി (വിഎവൈയു) എന്ന പേരില്‍ അന്‍പത് ലക്ഷം യുഎസ് ഡോളര്‍ ചെലവാക്കിയാണ് ലോസ്ഏഞ്ചല്‍സില്‍ ആദ്യ ക്യാംപസ് ആരംഭിക്കുന്നത്. ഇന്ത്യന്‍ യോഗ ഗുരു, നാസയിലെ ശാസ്ത്രജ്ഞനായിരുന്ന എച്ച്.ആര്‍. നാഗേന്ദ്രയാണ് സര്‍വകലാശാലയുടെ ചെയര്‍മാന്‍. കേസ് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ശ്രീനാഥിനെ പ്രസിഡന്റായി നിയമിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2019 നവംബറിലാണ് സര്‍വകലാശാലയ്‌ക്ക് അംഗീകാരം ലഭിച്ചത്. മറ്റ് സര്‍വകലാശാലകളുമായി ചേര്‍ന്ന് ഗവേഷണവും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും വിവേകാനന്ദ യോഗ സര്‍വകലാശാലയില്‍ ലഭ്യമാണ്.
വിദ്യാഭ്യാസം മനുഷ്യനിലെ പൂര്‍ണതയെ വെളിപ്പെടുത്തുന്നുവെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ അടുത്ത തലമുറയിലെ കുട്ടികളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതിലൂടെ നല്ലൊരു മനുഷ്യനെയും ദേശത്തെയും വാര്‍ത്തെടുക്കുകയാണ് സര്‍വകലാശാല ലക്ഷ്യമിടുന്നതെന്ന് നാഗേന്ദ്ര പറഞ്ഞു.
ഇത് അമേരിക്കയിലെ യോഗ അധ്യാപകര്‍ക്ക് വളരെയധികം സഹായകമാണ്. 200 മുതല്‍ 500 മണിക്കൂര്‍ വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ നിന്ന് സര്‍വകലാശാലയിലെ ഉപരിപഠന വിഷയമായി മാറുകയാണ് യോഗയെന്ന് സര്‍വകലാശാല ബോര്‍ഡംഗം പ്രേം ഭണ്ഡാരിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്‌നത്തിന്റെ ഫലമാണിത്. ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള കാരണം അദ്ദേഹമാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ യോഗ ഗുരു നാഗേന്ദ്രയുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് അമേരിക്കയിലെ യോഗ സര്‍വകലാശാലയും, ഭണ്ഡാരിയ കൂട്ടിച്ചേര്‍ത്തു.
















