രാഷ്ട്രീയ രംഗത്തെ ക്രിമിനല്‍വല്‍ക്കരണത്തിന് തടയിടാനുള്ള സുപ്രീംകോടതിയുടെ ഏറ്റവും പുതിയ ഇടപെടല്‍ ശ്രദ്ധിക്കപ്പെടേണ്ടതും ഗൗരവത്തിലെടുക്കേണ്ടതുമാണ്. ഒരു പൊതുതാത്പര്യ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കവെയാണ് ഡിവിഷന് ബെഞ്ച് ചില മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അതാവട്ടെ, രാഷ്ട്രീയ കക്ഷികള്‍ക്ക് നാളെകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ മത്സരിപ്പിക്കാന്‍ പോലും കഴിയാത്ത വിധത്തിലേക്ക് എത്തിക്കും. ഒരു തരത്തില്‍ കോടതിയെ ഇതിലേക്ക് എത്തിക്കുകയായിരുന്നില്ലേ? രാഷ്ട്രീയ കക്ഷികള്‍ ഇതൊക്കെ വേണ്ടവിധം ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ? കോടതി തന്നെ പലവട്ടം പറഞ്ഞിട്ടും രാഷ്ട്രീയകക്ഷികള്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തിയില്ല. പ്രാധാന്യവും കൊടുത്തില്ല. ഇതൊക്കെ ഈ വേളയില്‍ രാജ്യത്തിന്റെ മനസിലെത്തുന്നു.
രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരുമൊക്കെ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നത് അസ്വാഭാവിക കാര്യമല്ല. സമരങ്ങളില്‍, പ്രകടനങ്ങളില്‍ പങ്കെടുത്താല്‍ പോലും ഇന്നിപ്പോള്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നത് പതിവാണ്. ഒരു പ്രകടനം റോഡിലൂടെ നീങ്ങിയാല്‍ അതില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് എടുക്കാനാവുന്ന അവസ്ഥയിന്നുണ്ടല്ലോ. അതും ക്രിമിനല്‍ കേസാണ്. എന്നാല്‍ ഇവിടുത്തെ പ്രശ്നം അതല്ല, കൊടും ക്രിമിനലുകളെന്ന് വിശേഷിപ്പിക്കാവുന്നവര്‍, കൊടിയ അഴിമതി നടത്തിയവര്‍ തുടങ്ങിയവര്‍ക്ക് ജനപ്രതിനിധികളാകാന്‍ പാര്‍ട്ടികള്‍ വേദിയൊരുക്കുന്നു. അത്തരക്കാര്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തിയാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാകും. അത് നമ്മുടെ നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും സംശുദ്ധിയെ എങ്ങനെയാണ് ബാധിക്കുക. ഇതൊക്കെ പലവട്ടം കോടതി വിശകലനം ചെയ്തിട്ടുള്ളതാണ്. രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെട്ടവരെ മനസിലാക്കാം. എന്നാല്‍ കൊള്ളിവയ്പ്പും കൊള്ളയും തട്ടിപ്പും അക്രമവും കൊലപാതകവും ദേശവിരുദ്ധ പ്രവര്‍ത്തനവും ചെയ്യുന്നവരെ ജനപ്രതിനിധികളാക്കാന്‍ പാര്‍ട്ടികള്‍ തയാറാകാമോ എന്നതാണ് സുപ്രീംകോടതി ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത്.
ഉയര്‍ന്നു വരുന്ന ക്രിമിനല്‍ പശ്ചാത്തലം
രണ്ടു വര്‍ഷം മുന്‍പ് ഇക്കാര്യം സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചില്‍ വന്നതാണ്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അന്ന് പറഞ്ഞത്, ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നിയമ നിര്‍മ്മാണ സഭകളിലെത്തുന്നതും തടയുന്നതിന് പാര്‍ലമെന്റ് തന്നെ നിയമമുണ്ടാക്കട്ടെ എന്നാണ്. അന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത് രാജ്യത്തെ 1,765 എംപിമാര്‍/എംഎല്‍എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് എന്നാണ്. 2004ല്‍ 24% എംപിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടായിരുന്നെങ്കില്‍ അത് 2009ല്‍ 30% ആയും, 2014ല്‍ 34% ആയും, 2019ല്‍ 43% ആയും വര്‍ധിച്ചു. ഇത് സാധാരണ നിലക്ക് ഉണ്ടായിക്കൂടാത്തതാണെന്നും കക്ഷികള്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ല എന്നുമാണ് കോടതി വിലയിരുത്തുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഇത്തരക്കാരെ മത്സരിക്കുന്നതില്‍ നിന്ന് തടയാനാകുമോ എന്ന് കോടതി പരിശോധിച്ചിരുന്നു. അന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഒരു കാര്യം ചൂണ്ടിക്കാട്ടി. ‘ഒരാള്‍ക്കെതിരെ കേസുകള്‍ ഉണ്ടാകാം. എന്നാല്‍ കോടതി ശിക്ഷിക്കുന്നത് വരെ അയാള്‍ നിരപരാധിയാണ് എന്നതാണ് നമ്മുടെ നീതിന്യായ സങ്കല്‍പ്പം. ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നത് കൊണ്ട് സീറ്റ് നിഷേധിച്ചാല്‍ അത് നാട്ടില്‍ നിലവിലുള്ള നിയമങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വീഴ്ചതന്നെയാകും. നീതി നിഷേധമായി കണക്കാക്കപ്പെടും’. അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാണിച്ചത് ന്യായമാണല്ലോ. കേസുകളില്‍ വാദം കേട്ട് കോടതി ശിക്ഷ വിധിക്കുന്നത് വരെ അയാളെ നിരപരാധിയായിട്ടാണ് നമ്മുടെ നിയമവ്യവസ്ഥ കാണുന്നത്. കേസെടുത്തിട്ടുണ്ട് എന്നത് കൊണ്ട് ഒരാളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനാവില്ല എന്നര്‍ത്ഥം. അതേസമയം, ഒരാള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാല്‍ ചുരുങ്ങിയത് മൂന്ന് പത്രങ്ങള്‍, ചാനലുകള്‍ എന്നിവയില്‍ തനിക്കെതിരെയുള്ള കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി അന്ന് പറഞ്ഞു. മാത്രമല്ല നാമനിര്‍ദ്ദേശ പത്രികക്കൊപ്പവും അക്കാര്യങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്. 2002ലും ഇക്കാര്യം കോടതിയിലെത്തിയതാണ്. അന്ന് ക്രിമിനല്‍ കേസുകള്‍, സാമ്പത്തിക അവസ്ഥ, വിദ്യാഭ്യാസ യോഗ്യത എന്നിവ നാമനിര്‍ദ്ദേശ പത്രികക്കൊപ്പം ചേര്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ടായി. അതൊക്കെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് വേളകളില്‍ സ്ഥാനാര്‍ഥികള്‍ ചെയ്യുന്നത് നാം കണ്ടതുമാണ്.
ഇപ്പോള്‍ കണ്ടത് ആ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന്റെ തുടര്‍ച്ചയാണ്. 2018ല്‍ നിന്ന് രാജ്യം മാറിയിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ നിയമ നിര്‍മ്മാണ സഭകളിലേക്കെത്തുന്നു എന്നതാണ് കോടതി കാണുന്നത്. അപ്പോള്‍ രാഷ്ട്രീയ കക്ഷികളെക്കൂടി ഇക്കാര്യത്തില്‍ ഇടപെടീക്കാന്‍ ശ്രമം നടത്തുകയാണ് സുപ്രീംകോടതി. അതുകൊണ്ടാണ് എന്തുകൊണ്ട് ഇത്തരമൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതമായത് എന്നത് വ്യക്തമാക്കണമെന്ന് വിധി പുറപ്പെടുവിച്ചത്. ഇതൊക്കെ നല്ലത് തന്നെയാണ്, നല്ലതിന് വേണ്ടിയുമാണ്.
മടിയില്‍ കനമില്ലാത്തവര്‍ക്ക് ആരെയും ഭയപ്പെടേണ്ടതില്ലല്ലോ. ഇനിയിപ്പോള്‍ ഓരോ പാര്‍ട്ടി കാര്യകര്‍ത്താവിന്റെയും പേരിലുള്ള കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലോകമറിയാന്‍ പോകുന്നു. മുന്‍പൊക്കെ അയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക കൊടുക്കുമ്പോഴേ പറയേണ്ടതുണ്ടായിരുന്നുള്ളു. അത് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിക്കാറുണ്ട് എന്നതും ശരിയാണ്. എന്നാല്‍ ഇനി അങ്ങനെയല്ല. ഓരോ പ്രവര്‍ത്തകനും ഓരോ രാഷ്ട്രീയ നേതാവും സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്തുകൊണ്ട് അങ്ങനെയൊരാളെ തീരുമാനിച്ചു, അയാളുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ എന്നിവ പാര്‍ട്ടികള്‍ അവരവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അത് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടികള്‍ പ്രസിദ്ധപ്പെടുത്തണം. സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്ന് കാണിക്കുന്ന സത്യവാങ്മൂലം രാഷ്ട്രീയകക്ഷികള്‍ 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണം. ഏതെങ്കിലും ഒരു പാര്‍ട്ടി അത് ചെയ്തില്ലെങ്കില്‍ കോടതി വിധിയുടെ ലംഘനമായി കണ്ട് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.
നല്ല നിലക്ക് പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആക്ഷേപത്തിന് കാരണമില്ല. രാഷ്ട്രീയ സംബന്ധിയായ പ്രവര്‍ത്തനങ്ങളുടെ ഫലമായി കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഏതെങ്കിലും വിധത്തില്‍ കുറച്ചിലായി കാണേണ്ടതുമില്ല. എന്നാല്‍ അഴിമതിക്കേസുകള്‍, തട്ടിപ്പുകള്‍, അക്രമങ്ങള്‍, കൊള്ളിവയ്പ്പുകള്‍, കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, രാജ്യത്തെ കൊള്ളയടിച്ച അഴിമതികള്‍ ഇതിലൊക്കെ ഉള്‍പ്പെട്ടിട്ടുള്ളവരുടെ തനിനിറം ഈ വെബ്സൈറ്റുകളില്‍ നിറഞ്ഞുനില്‍ക്കുമല്ലോ. മാത്രമല്ല ഇതില്‍ ഏതെങ്കിലും മറച്ചുവച്ചാല്‍ അതും നാളെകളില്‍ പ്രശ്നമാകും. അതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇന്നിപ്പോള്‍ ആളുകളുണ്ടാവുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇവിടെയാണ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പി. ചിദംബരം, റോബര്‍ട്ട് വാദ്ര, ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖരുടെ തനിനിറം വ്യക്തമാവുക. അതുതന്നെയാണ് സുപ്രീം കോടതി വിധിയുടെ പ്രാധാന്യമേറ്റുന്നതും. അവരൊക്കെ ഉള്‍പ്പെട്ട കേസുകള്‍ രാജ്യം സജീവമായി ചര്‍ച്ചചെയ്യുന്നത് നമുക്ക് കാണാനാവുമെന്നര്‍ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: