പഞ്ചപ്രാണന്‍മാര്‍
ശ്ലോകം 95
പ്രാണാപാനവ്യാനോദാനസമാനാ
ഭവത്യസൗ പ്രാണഃ
സ്വയമേവ വൃത്തി ഭേദാത് വികൃതി
ഭേദാത് സുവര്‍ണ്ണസലിലാദിവത്
പ്രാണനെ പ്രവര്‍ത്തനമനുസരിച്ച് പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. സ്വര്‍ണ്ണം, വെള്ളം മുതലായവ വികാര ഭേദത്താല്‍ പലതായിത്തീരുന്നത് പോലെയാണിത്.
പ്രാണന്‍ എന്നാല്‍ ജീവശക്തി എന്നാണര്‍ത്ഥം. ശ്വാസം, വായു എന്നൊക്കെ പറഞ്ഞാല്‍ അര്‍ത്ഥം പൂര്‍ണ്ണമാവില്ല. അഞ്ച് തരത്തിലുള്ള പ്രാണപ്രവര്‍ത്തനങ്ങളാണ് ശരീരത്തെ നില
നിര്‍ത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും.വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളുടെ രൂപത്തില്‍ അവ എല്ലാവരിലും കാണാം.പഞ്ചപ്രാണന്‍മാര്‍ എന്നതാണ് പൊതുവായ പേര്.
വിഷയഗ്രഹണമാണ് പ്രാണന്റെ പ്രവര്‍ത്തനം അഥവാ പ്രാണവൃത്തി.മൂക്ക്,വായ എന്നിവയിലൂടെ കയറിയിറങ്ങി സഞ്ചരിക്കുന്നതാണ് പ്രാണന്‍.
വിസര്‍ജ്ജനമാണ് അപാനന്റെ വൃത്തി. മലമൂത്രങ്ങളെ താഴേക്ക് നയിക്കുന്നത് അപാനനാണ്. കഴിച്ചഭക്ഷണത്തെ ദഹിപ്പിക്കലാണ് വ്യാനന്റെ പണി. പോഷകങ്ങളെ ശരീരത്തിലെ എല്ലായിടത്തും എത്തിക്കലാണ് സമാനന്‍ ചെയ്യുന്നത്.
(ജഠരാഗ്‌നിയെ ജ്വലിപ്പിച്ച് അന്ന രസത്തെ പാകപ്പെടുത്തുന്നത് സമാനനെന്നും പോഷകത്തെ നാഡീവ്യൂഹങ്ങളിലേക്ക് വിതരണം ചെയ്യുന്നത് വ്യാനനാണെന്നും അഭിപ്രായമുണ്ട്) ചിന്തനത്തിനെ ചെയ്യുന്നതാണ് ഉദാനന്‍. മുകളിലേക്ക് നയിക്കുകയാണ് ഉദാനവൃത്തി.
ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും അവയുടെ പ്രവര്‍ത്തിയ്‌ക്കനുസരിച്ച് പ്രത്യേകം പേരും പഞ്ചപ്രാണന്‍മാര്‍ എന്ന് ഒരുമിച്ചും പറയുന്നു.
സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളേയും സൂക്ഷ്മങ്ങളായ അന്ത:കരണത്തേയും കൂട്ടിയോജിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങളേയും അന്ത:കരണവുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് പഞ്ചപ്രാണനാണ്.
സ്ഥൂല സൂക്ഷ്മ ശരീരങ്ങളുടെ ഇടയിലുള്ളതിനാലും അവ രണ്ടുമായി ബന്ധപ്പെടുന്നതിനാലും പഞ്ച പ്രാണന്‍മാരെ ചിലര്‍ സ്ഥൂല ശരീരത്തില്‍ ഉള്‍പ്പെടുത്തുന്നു.എന്നാല്‍ മറ്റു ചിലര്‍ സൂക്ഷ്മ ശരീരത്തിലാണ് പെടുത്തുന്നത്. ഒരു ഭാഗം സ്ഥൂലത്തിലും മറുഭാഗം സൂക്ഷ്മത്തിലുമായതിനാല്‍ രണ്ടും ശരിയാണെന്ന് പറയാം.
പ്രാണനെ അഞ്ചു വിധത്തിലായി തിരിച്ചിരിക്കുന്നത് വൃത്തിഭേദം കൊണ്ടും വികൃതി ഭേദം (ഓരോ കാര്യത്തിനും പ്രത്യേകം നിയോഗിക്കല്‍) കൊണ്ടുമാണെന്ന് ഇവിടെ വ്യക്തമാക്കി. അത് സ്വര്‍ണ്ണം വിവിധ ആഭരണങ്ങളായ മാല, വള, കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം തുടങ്ങിയവയായി മാറുന്നത് പോലെയാണ് .അപ്പോള്‍ ആ സ്വര്‍ണ്ണാഭരണങ്ങള്‍ക്കെല്ലാം ഓരോ ഭാവവും രൂപവുമാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല. സ്വര്‍ണ്ണാഭരണമാണെങ്കിലും പേരും ആകൃതിയും, അവയുടെ സ്ഥാനവും തീര്‍ത്തും വ്യത്യസ്തമാണ്.
അപ്രകാരം ഒരേ വെള്ളം തന്നെ അല, നുര, പത എന്നിങ്ങനെ പലതായി കാണാറുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ നിന്നാണ് ഉണ്ടായത് അതില്‍ നിന്ന് ഇല്ലാതാകുമെങ്കിലും ഓരോന്നിനും അതിന്റെ പ്രത്യേകതയുണ്ട്. പഞ്ചപ്രാണന്‍മാര്‍ യഥാര്‍ത്ഥത്തില്‍ പ്രാണന്‍ തന്നെയാണ്. ഒന്നു തന്നെയെങ്കിലും വൃത്തിയും ഓരോന്നിനും നിയോഗിച്ചിരിക്കുന്ന ഭാവവും കണക്കിലെടുത്ത് അവ ഓരോ പേരുകളില്‍ അറിയപ്പെടുന്നു.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക