കോഴിക്കോട്: മുളകുപൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് വീട്ടമ്മയെ സുപ്പർമാർക്കറ്റിലെ ജീവനക്കാർ ഏഴ് മണിക്കൂറോളം പൂട്ടിയിട്ടു. നാദാപുരത്തെ റൂബിയാൻ സൂപ്പർമാർക്കറ്റിലാണ് നാദാപുരം സ്വദേശിയായ വീട്ടമ്മയെ പൂട്ടിയിട്ടത്. സംഭവത്തിൽ രണ്ട് പേരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരായ സമർ, കുഞ്ഞബ്ദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി പണംകൊടുത്ത ശേഷം പുറത്തിറങ്ങിയ വീട്ടമ്മയെ ജീവനക്കാർ തിരികെ വിളിക്കുകയും മുളക് പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്റ്റോറിനുള്ളിലെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് വെള്ളപേപ്പറിൽ ഇതിന് മുമ്പും ഇവിടെ നിന്നും മോഷണംനടത്തിയെന്ന് എഴുതി ഒപ്പിട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച വീട്ടമ്മയോട് അശ്ലീലച്ചുവയോട് സംസാരിക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു.
വെള്ളപ്പേപ്പറിൽ എഴുതിക്കൊടുത്തില്ലെങ്കിൽ മിനിറ്റുകൾക്കകം ഇവൾ കള്ളിയാ എന്ന് പറഞ്ഞ് ഫേസ്ബുക്കിലും വാട്സാപ്പിലും ഇടും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ വീട്ടമ്മയുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. എന്നാൽ ഇവരെ തടഞ്ഞ് വച്ചില്ലെന്നാണ് സ്റ്റോർ ഉടമയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: