തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധസമരം ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാകും ബിജെപിയുടെ ആദ്യ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സംസ്ഥാന അദ്ധ്യക്ഷനായി നിയമിതനായതിന് ശേഷം തിരുവല്ലയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ സാന്നിധ്യമാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയാകും പാര്‍ട്ടിയുടെ പ്രവര്‍ത്തന പ്ലാന്‍ എന്നത് വിശദമായി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം, ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കും. പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. സിഎഎയുടെ മറവില്‍ വര്‍ഗീയപ്രചാരണം എല്‍ഡിഎഫും യുഡിഎഫും നടത്തി. മുസ്ലിം സഹോദരന്മാരെ ഭീതിപ്പെടുത്താനാണ് ഇരുമുന്നണികളും നടത്തിയത്. ഇത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതോടൊപ്പം പോലീസിലെ അഴിമതി കേട്ടു കേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
സിംസ് പോലുള്ള അഴിമതിക്ക് വ്യാജ കമ്പനികള്‍ക്ക് അനുമതി കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അവരെ സുരക്ഷാമേഖലയിലേക്ക് കടക്കാന്‍ അനുവദിച്ചത്. ഭീകരമായ കൊള്ളയാണ് നടന്നത്. കേന്ദ്രസര്‍ക്കാര്‍ നല്കിയ പണം വന്‍ തോതില്‍ കൊള്ളയടിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നും കെ അദ്ദേഹം വ്യക്തമാക്കുന്നു.
പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം കൃത്യമായി നിര്‍വ്വഹിക്കാന്‍ പരമാവധി ശ്രമിക്കും. സംഘടനാ തെരഞ്ഞെടുപ്പും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷമാണ് തീരുമാനമുണ്ടായത്. പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: