ന്യൂദല്‍ഹി: 1.47 ലക്ഷം കോടി രൂപയുടെ ക്രമീകരിച്ച മൊത്തവരുമാന തുക (എജിആര്‍) ടെലി കമ്യൂണിക്കേഷന്‍ വകുപ്പില്‍ അടയ്ക്കാതെ കുടിശ്ശിക വരുത്തിയ ടെലികോം കമ്പനികള്‍ക്കും ഡയറക്ടര്‍മാര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. മാര്‍ച്ച് പതിനേഴിനുള്ളില്‍ കമ്പനികള്‍ കുടിശ്ശിക തീര്‍ക്കണം.
ടെലികോം കമ്പനികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാതിരിക്കാന്‍ ഡെസ്ക് ഓഫീസര്‍ നല്കിയ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ജയിലിലടയ്ക്കുമെന്നും കോടതി വ്യക്തമാക്കി.
ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ, ടാറ്റാ ടെലിസര്‍വീസസ് എന്നീ ടെലികോം ഓപ്പറേറ്റര്‍മാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, പുനപ്പരിശോധനാ ഹര്‍ജി തള്ളിയിട്ടും ഒരു ചില്ലിക്കാശുപോലും കമ്പനികള്‍ അടയ്ക്കാന്‍ തയാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
റിലയന്‍സ് ജിയോ മാത്രമാണ് ഇതുവരെ കുടിശ്ശിക തീര്‍ത്തിട്ടുള്ളത്. കേസ് പരിഗണിക്കവേ കോടതി ഉത്തരവ് തടഞ്ഞുവച്ച ഡെസ്ക് ഓഫീസിറെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിധികള്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി അടച്ചുപൂട്ടുകയാണ് നല്ലതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: