കൊച്ചി: ചെറുകിട വ്യവസായ യൂണിറ്റിന് വില്‍പ്പന നികുതിയിളവു നിഷേധിച്ചതിനെതിരെ നല്കിയ അപ്പീല്‍ തീര്‍പ്പാക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടര്‍ കെ. ബിജു ഒരു മാസത്തിനുള്ളില്‍ 100 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കാര്‍ബണേറ്റഡ് സിലിക്കേറ്റിന് വില്പന നികുതിയിളവ് നിഷേധിച്ചതിനെതിരെ എസ്.എസ്. കെമിക്കല്‍സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വ്യത്യസ്തമായ ശിക്ഷ വിധിച്ചത്. അപ്പീല്‍ തീര്‍പ്പാക്കാനുള്ള ഉത്തരവിലും മരങ്ങള്‍ നടാനുള്ള ഉത്തരവിലും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി നാലു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
എസ്.എസ് കെമിക്കല്‍സിന് നികുതിയിളവിന് അര്‍ഹതയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ 1999 നവംബറില്‍ റദ്ദാക്കി. സോഡിയം സിലിക്കേറ്റിനെ നികുതിയിളവില്‍ നിന്ന് ഒഴിവാക്കിയെന്നും കാര്‍ബണേറ്റഡ് സിലിക്കേറ്റും സോഡിയം സിലിക്കേറ്റും ഒന്നാണെന്നും ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് നികുതിയിളവ് നിഷേധിച്ചത്. ഇവ രണ്ടും ഒന്നല്ലെന്നു വ്യക്തമാക്കി ഇളവു നിഷേധിച്ചത് പുനഃപരിശോധിക്കാന്‍ സംസ്ഥാന തല സമിതിക്ക് കമ്പനി അപ്പീല്‍ നല്കി. 2002 മുതല്‍ അപ്പീല്‍ സംസ്ഥാന തല സമിതിയുടെ പരിഗണനയിലുണ്ട്. അപ്പീല്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ ഹൈക്കോടതി പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനിടെ 1996 മുതലുള്ള നികുതി കുടിശ്ശിക ഈടാക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്കി.
ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നോട്ടീസ് സ്റ്റേ ചെയ്ത സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കാമെന്ന് കോടതിയില്‍ ഉറപ്പു നല്കി. എന്നാല്‍ ഇതും പാലിച്ചില്ല. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി 12 ന് ഡയറക്ടര്‍ കെ. ബിജു നേരിട്ട് ഹാജരായി വിശദീകരണം നല്കി. കെ. ബിജു ഈ പദവിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂവെന്ന് സര്‍ക്കാര്‍ അഭിഭാഷകനും ചൂണ്ടിക്കാട്ടി. എന്നാല്‍ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഡയറക്ടര്‍ കെ. ബിജുവിന് അറിവുണ്ടായിരുന്നെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
2016 ലാണ് ഈ വിഷയത്തില്‍ സംസ്ഥാന തല സമിതി ഒടുവില്‍ യോഗം ചേര്‍ന്നതെന്നും കണ്ടെത്തി. സോഡിയം സിലിക്കേറ്റും കാര്‍ബണേറ്റഡ് സിലിക്കേറ്റും ഒന്നല്ലെന്ന രണ്ട് റിപ്പോര്‍ട്ടുകളും സമിതിക്ക് ലഭിച്ചിരുന്നു. എന്നിട്ടും അപ്പീല്‍ പരിഗണിക്കാതെ ഡയറക്ടര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 100 മരങ്ങള്‍ നടാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: