തിരുവനന്തപുരം: കേരള പോലീസിന്റെ വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ മൂന്നാം പ്രതി. പതിനൊന്നംഗ പ്രതിപ്പട്ടികയിൽ മൂന്നാം പ്രതിയായിട്ടുള്ളത് കടകംപള്ളിയുടെ ഗൺമാൻ സനിൽകുമാറാണ്. സായുധ സേന ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല. വെടിയുണ്ടകളുടെ വിവരങ്ങൾ സനിൽ കുമാർ അടക്കമുള്ള പതിനൊന്ന് പേരും രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് എഫ്‌ഐആറിൽ വ്യക്തമാക്കുന്നത്.
2019 ഏപ്രിൽ മൂന്നിന് പേരൂർക്കട പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതീവ സുരക്ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എ.കെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതക്കുറവ് ഉണ്ടായെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അന്വേഷണം എവിടെയും എത്തിയിട്ടില്ല. സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം രണ്ടു മാസം കൊണ്ട് തീർപ്പാക്കാനാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നിർദേശം.
കുറ്റം തെളിയുന്നതുവരെ ഗൺമാൻ സനിൽകുമാർ തന്റെ സ്റ്റാഫിലുണ്ടാകുമെന്നാണ് മന്ത്രി കടകംപള്ളിയുടെ പ്രതികരണം. അയാൾ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ല. പ്രതി ചേർത്തിട്ടേയുള്ളു. ആരോപണങ്ങൾ വരുന്നതിൽ കാര്യമില്ല. അതിൽ കഴമ്പില്ല. 2013ൽ നടന്നുവെന്ന് പറയുന്ന കാര്യമല്ലേ. അന്വേഷണം നടക്കട്ടെ. കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ അയാൾ തന്റെ സ്റ്റാഫിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: