ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ ധീരരക്ത സാക്ഷിത്വം വരിച്ച ജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി. രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അസാധാരണ വ്യക്തികളാണ് വീരമൃത്യുവരിച്ച ഓരോ സൈനികനും. രാജ്യം ഒരിക്കലും അവരുടെ രക്തസാക്ഷിത്വം വിസ്മരിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍വെടിഞ്ഞ സൈനികര്‍ക്ക് കേന്ദ്ര ആഭ്യന്തര അമിത്ഷായും ആദരവറിയിച്ചിരുന്നു. മാതൃരാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി ജീവന്‍ ത്യാഗം ചെയ്ത നമ്മുടെ ധീരരായ സൈനികരോടും അവരുടെ കുടുംബങ്ങളോടും രാജ്യം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്ന് അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.
2019 ഫെബ്രുവരി 14നാണ് രാജ്യത്തെ ഒന്നാകെ കണ്ണീരിലാഴ്‌ത്തി പുല്‍വാമയില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ഒരു മലയാളി ഉള്‍പ്പടെ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. വയനാട് സ്വദേശി വസന്തകുമാറാണ് കൊല്ലപ്പെട്ട മലയാളി സൈനികന്‍. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സ്മാരകം ലെത്‌പോറ ക്യാമ്പില്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്ര റിസര്‍വ് പോലീസ് സേനയുടെ (സിആര്‍പിഎഫ്) മോട്ടോയ്‌ക്കൊപ്പം 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിന്റെ ഭാഗമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: