ബെംഗളൂരു: ഓര്‍ഡര്‍ ചെയ്ത സാധനം നല്‍കാതെ കബളിപ്പിച്ച ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിനെതിരെ ഉപഭോക്തൃ കോടതി ഉത്തരവ്. 999 രൂപയുടെ സ്‌കൂട്ടറിനു പകരം പുതിയ സ്‌കൂട്ടറും നഷ്ടപരിഹാരമായി ഏഴായിരം രൂപയും നല്‍കാന്‍ കോടതി ഉത്തരവ്.
ബെംഗളൂരു തിപ്പസാന്ദ്ര സ്വദേശി മുകേഷ് ഗാര്‍ഗ് (34) മകള്‍ക്കുവേണ്ടി 2018 ജനുവരി ഏഴിനാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ കണ്ട 999 രൂപ വിലയുള്ള ടൂവീല്‍ സ്‌കേറ്റ് സ്‌കൂട്ടറിന് ഓര്‍ഡര്‍ ചെയ്യുന്നത്.
ജനുവരി 13ന് ആമസോണില്‍ നിന്ന് ഇവര്‍ക്കു ലഭിച്ചത് നന്നേ ചെറിയ കുട്ടികള്‍ക്കു വേണ്ടിയുള്ള ഗുണനിലവാരം വളരെ കുറഞ്ഞ മൂച്ചക്ര സ്‌കേറ്റ് സ്‌കൂട്ടര്‍ ആയിരുന്നു. ഇതിനെതിരെ മുകേഷ് ആമസോണ്‍ വെബ്‌സൈറ്റില്‍ പരാതി നല്‍കി. സാധനം തിരികെ എടുത്ത ശേഷം പണം മടക്കി നല്‍കാമെന്നും ഒപ്പം 500 രൂപയുടെ വൗച്ചര്‍ നല്‍കുമെന്നും ആമസോണ്‍ പ്രതിനിധി ഫോണിലൂടെ ഉറപ്പു നല്‍കി. എന്നാല്‍ സാധനം തിരികെ എടുക്കുകയോ പണം ലഭിക്കുകയോ ചെയ്തില്ല.
ഇതോടെ മുകേഷ് ജനുവരി 23ന് ആമസോണ്‍ കമ്പനിക്കെതിരെ ബെംഗളൂരു അഡീഷണല്‍ അര്‍ബന്‍ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ കോടതി-3ല്‍ കേസ് ഫയല്‍ ചെയ്തു. കേസിന്റെ ആദ്യഘട്ടത്തില്‍ കമ്പനി കുറ്റം ഏറ്റെടുക്കാന്‍ തയാറായില്ല.
എന്നാല്‍, കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന സ്‌കൂട്ടറിന്റെ ചിത്രം, ലഭിച്ച സ്‌കൂട്ടര്‍, കമ്പനിയുമായുള്ള ഇ-മെയില്‍ ഇടപാടുകളുടെ തെളിവുകള്‍, ഫോണ്‍ സംഭാഷണം തുടങ്ങിയ തെളിവുകള്‍ മുകേഷ് ഹാജരാക്കിയതോടെ കമ്പനിയുടെ വാദങ്ങള്‍ കോടതി തള്ളി.
ഓര്‍ഡര്‍ ലഭിച്ച യഥാര്‍ത്ഥ സാധനം നല്‍കുകയോ അല്ലെങ്കില്‍ ഈടാക്കിയ തുക തിരിച്ചു കൊടുക്കുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനു പുറമേ മുകേഷ് നേരിട്ട മാനസികസമ്മര്‍ദ്ദത്തിന് 5000 രൂപയും കേസിന് ചെലവായ ഇനത്തില്‍ 2000 രൂപയും നല്‍കാനുമാണ് കോടതി ഉത്തരവിട്ടത്. തെറ്റായ ഉത്പന്നം നല്‍കുകയും മാറ്റി കൊടുക്കുവാന്‍ തയാറാകാതിരുന്നതിലൂടെയും കമ്പനി ആ കുടുംബത്തേയും കുട്ടിയേയും നിരാശപ്പെടുത്തുകയാണ് ചെയ്തതെന്ന ഉപഭോക്തൃ കോടതി ജഡ്ജ് പറഞ്ഞു.
















