കൊച്ചി: പോലീസില്‍ നിന്ന് കാണാതായ തോക്കുകളും വെടിയുണ്ടകളും മാവോയിസ്റ്റ്, തീവ്രവാദി സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോലീസ് വകുപ്പ് ഇപ്പോള്‍ അധോലോക മാഫിയ സംഘങ്ങളുടെ കൂടാരമാണ്. ഇത് ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. അതിനാല്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിഎജി പലതവണ ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചെങ്കിലും ആഭ്യന്തരവകുപ്പ് മറുപടി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും ഡിജിപിയും അറിഞ്ഞുകൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രിയും ഡിജിപിയും സ്ഥാനത്തുനിന്നും മാറി അന്വേഷണം നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ട്. ആര്‍ക്കാണ് തോക്കുകളും വെടിയുണ്ടകളും കൈമാറിയത്? ഇത്രയും ഗുരുതരമായ പ്രശ്നം നിലനില്ക്കുമ്പോള് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
പോലീസിനെതിരായി പരാതികള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പോലീസിലെ ചിലര്‍ക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 41 പോലീസുകാര്‍ അംഗങ്ങളായുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ മതതീവ്രവാദ സന്ദേശങ്ങളാണ് കൈമാറിയിരുന്നതെന്നും കണ്ടെത്തിയിരുന്നു. പോലീസ് ആസ്ഥാനത്ത് ഇമെയില്‍ ചോര്‍ത്തിയ സംഭവവും നടന്നിട്ടുണ്ട്.
പോലീസ് മേധാവി ബ്രോക്കറുടെ ജോലിയാണ് ഇപ്പോള്‍ ചെയ്യുന്നത്. പോലീസ് വകുപ്പിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് കെല്‍ട്രോണിന്റെ മറവില്‍ സ്വകാര്യ കമ്പനികളുമായി കൈകോര്‍ക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ വകമാറ്റി ചെലവഴിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ അറിവോടെയാണോ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിയാന്‍ അനുമതി നല്‍കിയതെന്നും രമേശ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും ചേര്‍ന്ന് കെല്‍ട്രോണിനെ മറയാക്കി നടത്തിയ അഴിമതിയുടെ കണക്കാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. പോലീസിലെ അഴിമതി സംബന്ധിച്ച് കേന്ദ്ര വിജിലന്‍സും തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം എന്‍ഐഎയും അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ലെങ്കില്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയില്‍ നേരിട്ട് പരാതി നല്‍കുമെന്ന് രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: