കൊച്ചി: ചൈനയിലെ കൊറോണ ബാധ കാരണം ഇന്ത്യയില്‍ മരുന്നുകളുടെ ലഭ്യതക്കുറവുണ്ടാകാതിരിക്കാനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ടു തുടങ്ങി. ചൈനയില്‍ കൊറോണ റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ മുതല്‍ അവിടുന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമുണ്ട്. ഇത് ഏറ്റവും ബാധിക്കുന്നത് മരുന്ന് വിപണിയേയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ മരുന്ന് ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍നിന്നാണ്. മരുന്നുല്‍പ്പാദിപ്പിക്കുന്ന ഇരുനൂറോളം ചൈനാ കമ്പനികള്‍ സ്ഥിതിചെയ്യുന്നത് കൊറോണ ഏറ്റവും ബാധിച്ച വുഹാന്‍, ഹുനാന്‍, ഷെജുയാങ്, ഹെനാന്‍, ഹുബീ എന്നിവിടങ്ങളിലാണ്.
ഇവിടങ്ങളില്‍ കമ്പനികള്‍ പൂട്ടി. ഉല്‍പ്പാദനം നിലച്ചു. ഇറക്കുമതിയും നിന്നു. ഇനി ഇറക്കുമതി പുനസ്ഥാപിച്ചാലും ഉല്‍പ്പന്ന ലഭ്യത കുറവായിരിക്കും. ആക്ടിവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്സ് അഥവാ ബള്‍ക് ഡ്രഗ്സ് ഇറക്കുമതി ചെയ്ത് അതുപയോഗിച്ച് വിവിധ മരുന്നുകള്‍ നിര്‍മിക്കുന്ന സംവിധാനം ഹിമാചല്‍ പ്രദേശിലെ ബഡ്ദി എന്ന സ്ഥലത്താണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അവിടെയുള്ള കമ്പനികള്‍ രാജ്യത്ത് വിവിധ ചെറുകിട മരുന്നു നിര്‍മാണ കമ്പനികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ അതിലെ ഘടകത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കുകയാണ്. ചൈനയില്‍നിന്നുള്ള ലഭ്യതക്കുറവ് വിപണിയെ ബാധിക്കുമെന്നറിയിച്ച് ബഡ്ദി കമ്പനികള്‍ ചെറുകിട കമ്പനികളോട് സ്റ്റോക്ക് കരുതാനുള്ള അറിയിപ്പു നല്‍കിത്തുടങ്ങി.
എന്നാല്‍, ചൈനയില്‍നിന്നുള്ള ബള്‍ക് ഡ്രഗസ് വരവുകുറഞ്ഞാലും ഇന്ത്യന്‍ മരുന്നു വിപണിയെ ബാധിക്കാതിരിക്കാനും ആരോഗ്യ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇത് ഇന്ത്യന്‍ മരുന്നുവിപണിയില്‍ സ്വയം പര്യാപ്തത രൂപപ്പെടാനുള്ള അവസരംകൂടിയാകുമെന്നാണ് ഇന്ത്യന്‍ മരുന്നുവിപണി മാര്‍ക്കറ്റിലെ നിരീക്ഷകരുടെ വിലയിരുത്തല്‍. മാത്രമല്ല, വ്യാജമരുന്നുകളുടെ സാന്നിധ്യം കുറയ്ക്കാനും സഹായിക്കും.
പതിനഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ മരുന്നു നിര്‍മാണക്കമ്പനികള്‍ ബള്‍ക് ഡ്രഗ്സ് ഉല്‍പ്പാദനം കുറയ്ക്കുകയും ചിലത് നിര്‍ത്തുകയും ചെയ്തത്. ചൈനയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ബള്‍ക് ഡ്രഗ്സ് കിട്ടുന്നുവെന്ന കാരണം പറഞ്ഞ് മന്‍മോഹന്‍സിങ് സര്‍ക്കാരാണ് ഈ തീരുമാനം എടുത്തത്. എന്നാല്‍, ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രോത്സാഹനം നല്കുന്നു. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ചൈനയില്‍നിന്നുള്ള ബള്‍ക് ഡ്രഗ്സ് ഇറക്കുമതി നാലു ബില്യണ്‍ രൂപയുടേതായിരുന്നു. മന്മോഹന് സിങ് ഭരണം കഴിഞ്ഞപ്പോള്‍ അത് 48 ബില്യണിന്റേതായി. അത് 67 ബില്യണിലെത്തിയപ്പോള് മോദി സര്‍ക്കാര്‍ കടിഞ്ഞാണിട്ടു. മരുന്ന് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ പഴയ കമ്പനികളെ പുനരുജ്ജീവിപ്പിച്ചു. ആറു മാസത്തിനിടെ മോദി സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപയുടെ മരുന്നുകള്‍ ചൈനയിലേക്ക് മടക്കി. മരുന്നുകളുടെ ഗുണനിലവാരം മോശമായതായിരുന്നു കാരണം. ഈ പശ്ചാത്തലത്തില്‍, ചൈനയിലെ കൊറോണ ദുരിതം ഇന്ത്യന്‍ മരുന്നു വിപണിയെ സാരമായി ബാധിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: