ന്യൂദല്‍ഹി: രാഷ്‌ട്രീയത്തില്‍ ക്രിമിനല്‍വത്കരണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതിന്റെ കാരണം പൊതുസമൂഹത്തോട് വിശദീകരിക്കണമെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
കേസിന്റെ വിവരങ്ങള്‍, മത്സരിപ്പിക്കാനുള്ള കാരണം തുടങ്ങിയവ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം പാര്‍ട്ടികള്‍ വെബ്‌സൈറ്റിലും പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യമായി കണക്കാക്കും.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഇക്കാര്യത്തില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 2004ല്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിനാല് ശതമാനം എംപിമാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരായിരുന്നു. ഇത് 2009ല്‍ മുപ്പതു ശതമാനം, 2014ല്‍ മുപ്പത്തിനാല് ശതമാനം എന്നിങ്ങനെയായി വര്‍ധിച്ചു.
നിലവില്‍ 43 ശതമാനം എംപിമാരും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത് യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ വിജയസാധ്യതയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന വിശദീകരണം അംഗീകരിക്കാനാകില്ല. യോഗ്യതയും നേട്ടങ്ങളും മറ്റ് ഗുണങ്ങളുമാണ് പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടത്.
















