ലോകമെങ്ങും അസഹിഷ്ണുക്കള്‍ നിറയുന്ന കാലത്താണ് നമ്മുടെ ജീവിതം. ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കെപ്പെട്ടിരിക്കുന്നു. പ്രധാനമായും സാമൂഹ്യമാധ്യമങ്ങളില്‍ തന്നെയാണ് ആക്ഷേപങ്ങള്‍ പ്രവഹിപ്പിക്കാനുള്ള അത്തരം ഇടങ്ങള്‍ ഒരുക്കിനിര്ത്തപ്പെട്ടിരിക്കുന്നത്. 2004 ഫിബ്രവരി നാലിന് കേംബ്രിഡ്ജില്‍ ഫെയ്സ്ബുക്ക് പിറവിയെടുത്തപ്പോള്‍ അതിനിത്രത്തോളം സാധ്യതകളുണ്ടാകുമെന്ന് ആരും മുന്‍കൂട്ടിക്കണ്ടിരുന്നില്ല. മാര്‍ക് സൂക്കര്‍ബര്‍ഗ് പോലും.
ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗ്, തന്റെ പ്രേമനൈരാശ്യം മറക്കാന്‍ നടത്തിയ ഒരു കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചു. പരസ്പരം അറിയാനും സംവദിക്കാനും സ്വതന്ത്രമായി അഭിപ്രായം പറയാനുമുള്ള സ്വതന്ത്ര ഇടം എന്നുമാത്രമേ ഫേസ്ബുക്കിനെക്കുറിച്ച് ആദ്യകാലത്ത് വിലയിരുത്തലുണ്ടായിരുന്നുള്ളു. എന്നാല്‍ ആ രീതികളെല്ലാം പിന്നീട് മാറി. അസഹിഷ്ണുക്കളുടെയും അന്ധവിശ്വാസികളുടെയും അസത്യപ്രചാരകരുടെയും വലിയ കൂടാരമായി അവിടം മാറി. കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ അസഹിഷ്ണുത ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത് ഫെയ്സ്ബുക്കിലൂടെയാണ്. നിയമത്തെക്കുറിച്ച് തെറ്റായകാര്യങ്ങള്‍ പ്രചരിപ്പിച്ചു. ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് കലാപസാഹചര്യം സൃഷ്ടിച്ചു.
ഫെയ്സ്ബുക്കിലെ അസഹിഷ്ണുക്കളുടെ പ്രധാന ഇരയായി, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ചിന്തകനും ആര്‍എസ്എസ് പ്രചാരകനുമായ പി.പരമേശ്വരന്. അദ്ദേഹത്തിന്റെ മരണം സൈദ്ധാന്തിക രംഗത്ത് വലിയ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ചിന്താധാരയെയും അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ ആ മരണത്തെ നാടിന്റെ വേദനയായി കണ്ടു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയുമടക്കമുള്ളവര്‍ അനുശോചിച്ചു. എന്നാല്‍, ചാനല്വാര്ത്തകളിലെ ചര്‍ച്ചാ തൊഴിലാളിയായ ഒരു കെപിസിസി ജനറല്‍സെക്രട്ടറിക്കു പരമേശ്വര്‍ജിയുടെ മഹത്വമൊന്നും മനസ്സിലായില്ല. അന്നന്ന് ചര്ച്ചയ്ക്കാവശ്യമുള്ളത് വാട്സാപ്പ് നോക്കി പഠിച്ച്, ചാനലില്ചെന്ന് പുലമ്പുന്നവര്‍ക്ക് പരമേശ്വര്ജിയുടേതെന്നല്ല, ആരുടെയും പുസ്തകങ്ങള്‍ വായിക്കാനുള്ള സമയമുണ്ടാവില്ല. വിഷം ചീറ്റുന്ന വാക്കുകളാണ് പരമേശ്വര്‍ജിയുടെ മരണത്തെക്കുറിച്ച് ഈ വ്യക്തി ബുക്കിലെഴുതിയത്.
പരമേശ്വര്‍ജിക്ക് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യമാണ് കക്ഷിയെ ചൊടിപ്പിച്ചത്. ആ മരണത്തിന് പത്രങ്ങള്‍ ഇത്രയധികം സ്ഥലം വിനിയോഗിക്കരുതെന്നതായിരുന്നു ഉപദേശം. കേരളത്തിലെ എല്ലാവീട്ടിലും ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയെങ്കിലുമുണ്ടാകണം എന്ന ഉദ്ദേശ്യത്തോടെ കോണ്‍ഗ്രസ് നേതൃത്വം പുനഃസംഘടന നടത്തിയപ്പോള്‍ ആ സ്ഥാനത്തെത്തിയതാണ് പ്രസ്തുത വ്യക്തി. പക്ഷേ, ആ പാര്‍ട്ടിയുടെ നേതൃത്വം ഒന്നടങ്കം പരമേശ്വര്‍ജിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയെന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം.
ഫെയ്സ്ബുക്കില്‍ പരമേശ്വര്‍ജിയെക്കുറിച്ച് നല്ലതുപറഞ്ഞവരും അസഹിഷ്ണുതയുടെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നു. അതില്‍ പ്രധാനി മാര്‍ക്സിസ്റ്റ് സഹയാത്രികനും മുന്‍ വൈസ്ചാന്‍സലറുമായ ഡോ. ഇക്ബാലാണ്. ഡോ. ഇക്ബാലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ താത്വികാചാര്യന്‍ പി. പരമേശ്വര്‍ജിയുമായുമായി രണ്ട് തവണ ബന്ധപ്പെട്ടതോര്മ്മവരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ പരോക്ഷമായും മറ്റൊരിക്കല്‍ നേരിട്ടും. 1996 ല്‍ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സംസാരിക്കാന്‍ സഖാവ് ഇഎംഎസിനെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍ തന്റെ മുന്നിലെ പുസ്തക കൂട്ടത്തില്‍ നിന്നും ഒന്നെടുത്ത് കാട്ടിയിട്ട് പറഞ്ഞു, ‘ഇത് വായിച്ചിട്ടില്ലെങ്കില്‍ ഉടന്‍ വായിക്കണം ഞാനൊരു റിവ്യൂ എഴുതുന്നുണ്ട്’. പുസ്തകമേതെന്നോ പരമേശ്വര്‍ജിയുടെ ‘ശ്രീ നാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്’. ഗുരുവിനെക്കുറിച്ചുള്ള മിക്കവാറും പുസ്തകങ്ങളെല്ലാം എന്റെ പക്കലുണ്ടായിരുന്നു. എന്നാല്‍ പരമേശ്വര്‍ജിയുടെ പുസ്തകം കണ്ടിരുന്നില്ല. പുസ്തകവും ഇഎംഎസിന്റെ വിമര്‍ശന പഠനവും വൈകാതെ വായിച്ചു.
പിന്നീട് 1999ല്‍ പരമേശ്വര്‍ജിയെ നേരില്‍ കാണാനുമൊരവസരം കിട്ടി. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകാന്‍ ട്രെയിനില്‍ ഇരിക്കുമ്പോള്‍ ഇതാ പരമേശ്വര്‍ജി വരുന്നു. ഞാന്‍ റിസര്‍വ്വ് ചെയ്ത സീറ്റിലിരിക്കാനാണദ്ദേഹം വന്നത്. ഞാന്‍ സ്വയം പരിചയപ്പെടുത്തി എന്തോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് പറഞ്ഞ് ഞാനദ്ദേഹത്തിന്റെ ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്ത മാസത്തെ ഇതേ ദിവസത്തേക്കുള്ള ടിക്കറ്റാണു ബുക്ക് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ സഹായി ബുക്ക് ചെയ്തപ്പോള്‍ പറ്റിയ തെറ്റായിരുന്നു. കൊല്ലത്തേക്കാണു പോകേണ്ടത്. ‘ഇനി എന്താ ചെയ്ക, ട്രെയിന്‍ വിട്ടുകഴിഞ്ഞല്ലോഅദ്ദേഹം നിസ്സഹായനായി പറഞ്ഞു. അന്നു വാജ്പയ് സര്‍ക്കാരാണു കേന്ദ്രം ഭരിക്കുന്നതെന്നോര്‍ക്കണം. മാത്രമല്ല ശ്രീ ഒ. രാജഗോപാല്‍ റെയില്‍വേ സഹമന്ത്രിയും. ഞാനദ്ദേഹത്തെ എന്റെ സീറ്റിലിരുത്തി ടിക്കറ്റ് എക്സാമിനറെ കണ്ട് യാത്രക്കാരന് ആരെന്നും ബുക്കിങ്ങില്‍ പറ്റിയ പിശകും പറഞ്ഞു മനസ്സിലാക്കി. കൊല്ലം വരെയൂള്ള യാത്രക്കിടെ ഒന്നൊന്നര മണിക്കൂര്‍ അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞു. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും ജനകീയാരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടലുകളും മാത്രമാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അഭിപ്രായ വ്യത്യാസമുണ്ടാവാനിടയുള്ള ഒന്നിലേക്കും കടന്നില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങളില്‍ പ്രമുഖനെന്ന ഒരു ഗര്‍വ്വും അദ്ദേഹത്തില്‍ കണ്ടില്ല. അദ്ദേത്തിന്റെ പെരുമാറ്റത്തിലെ പക്വതയും പ്രായത്തെ അതിശയിക്കുന്ന വിനയവും എന്നെ അത്ഭുതപ്പെടുത്തി. കൊല്ലത്തെത്തി പിരിഞ്ഞതില്‍ പിന്നെ അദ്ദേഹത്തെ കാണാനും അവസരം കിട്ടിയില്ല. കൂപ്പുകൈകളോടെ പരമേശ്വര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ….”
ജന്മഭൂമിയടക്കം ചില മാധ്യമങ്ങളിലും വന്ന, ഡോ. ഇക്ബാലിന്റെ കുറിപ്പിലെ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ളതായിരുന്നു. അതിന്റെ പേരില്‍ ഫെയ്സ്ബുക്കില്‍ അദ്ദേഹത്തിനു വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടിവന്നു. രംഗത്തുവന്നവരില്‍ കൂടുതലും ആരായിരുന്നെന്ന് വ്യക്തം. ഫെയ്സ്ബുക്കില്‍ അവരുടെ കൂട്ടായ്മയുണ്ട്. അവരാണ് രാജ്യത്ത് കലാപത്തിന് ശ്രമിക്കുന്നത്. അവരാണ് രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നത്. അവരാണ് രാജ്യം ശിഥിലപ്പെടണമെന്ന് ആഗ്രഹിക്കുന്നത്. അവര്‍തന്നെയാണ്, പരമേശ്വര്‍ജിക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ നേരിട്ടെത്തുകയും അനുശോചനപ്പുസ്തകത്തില് എഴുതുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രംഗത്തുവരുന്നത്. അവര്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. ആ അജണ്ട വര്‍ഗ്ഗീയവുമാണ്.
”അഗാധമായ പാണ്ഡിത്യത്തോടെ ഋഷിതുല്യമായ ജീവിതം നയിച്ച പി.പരമേശ്വരന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍”എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്. പരമേശ്വര്‍ജിയെ ഋഷിതുല്യന്‍ എന്ന് പരാമര്‍ശിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. ആ ജീവിതത്തെ മനസ്സിലാക്കിയവര്‍ക്ക് അദ്ദേഹം ഋഷിതുല്യനല്ല, ഋഷിതന്നെയായിരുന്നു എന്ന് മനസ്സിലാകും. അത് മനസ്സിലാക്കാനും സമ്മതിക്കാനും കണ്ണ് പച്ചനിറമാക്കിവെക്കുകയല്ല വേണ്ടത്. പ്രകാശം അനുഭവിക്കാനുള്ള തിളക്കമുണ്ടാകണം.
കവിയും പത്രപ്രവര്‍ത്തകനുമായ ഫിര്‍ദൗസ് കായല്‍പ്പുറം ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ: ”ആദരണീയനായ പി. പരമേശ്വര്ജിയുമായുള്ളത് ഒരു ‘പ്രഗതി ബന്ധ’മായിരുന്നു. വായനമാത്രം തൊഴിലാക്കിയിരുന്ന കാലത്തൊരിക്കല്‍ പ്രിയ സുഹൃത്തും വിശ്വഹിന്ദുപരിഷത്തിന്റെ നേതാവുമായ സുനില്‍ വില്ലിക്കടവ് ആണ് എനിക്ക് പ്രഗതി ജേര്‍ണല്‍ പരിചയപ്പെടുത്തുന്നത്. വായിച്ചപ്പോള്‍ ആഴമുള്ള ദാര്‍ശനിക ചിന്തകള്‍ നിറഞ്ഞുനില്ക്കുന്ന മാഗസിന്. തുടര്‍ന്ന് സുനില്‍ എന്നെക്കുറിച്ച് പരമേശ്വര്‍ജിയോട് പറഞ്ഞു. പ്രഗതി പ്രസിദ്ധീകരണം നിര്‍ത്തുന്നതുവരെ പരമേശ്വര്‍ജി തപാല്‍ വിലാസത്തില്‍ എന്റെ വീട്ടിലേക്ക് കനപ്പെട്ട ചിന്തകളുടെ ആ സമാഹാരം മുടക്കാതെ അയച്ചുതന്നു. പിന്നീട് പലപ്പോഴും വേദികളിലെ പരമേശ്വര്‍ജിയെ സദസ്സിലിരുന്നു കണ്ടതല്ലാതെ അടുത്തിരുന്നൊന്ന് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹൈന്ദവ ദര്‍ശനങ്ങളിലെ അകംപൊരുളിനെ തുറന്ന് വ്യാഖ്യാനിക്കാന്‍ കഴിഞ്ഞ മലയാളത്തിന്റെ മഹാപണ്ഡിതനെയാണ് നഷ്ടമായത്.”
പരമേശ്വര്‍ജിയെ ആഴത്തില്‍ അറിയാന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കണമെന്നില്ല. അടുത്തൊന്നിരുന്ന് സംസാരിക്കാന്‍ കഴിഞ്ഞവര്‍ക്കെല്ലാം അതു മനസ്സിലായിട്ടുണ്ട്. മുമ്പേ നടക്കുന്നവന്റെ കാലില്‍ ചവിട്ടാന്‍ മാത്രം ശീലിച്ച അസഹിഷ്ണുക്കള്‍ ഫെയ്സ്ബുക്കില്‍ വിഷം വമിപ്പിച്ചുകൊണ്ടേയിരിക്കും. പി. പരമേശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് അവര്‍.
9496103383
പ്രതികരിക്കാൻ ഇവിടെ എഴുതുക: