ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാജ്യം ചര്‍ച്ച ചെയ്യുകയാണല്ലോ. ആം ആദ്മി പാര്‍ട്ടി അവിടെ മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്നു. 2015നെ അപേക്ഷിച്ച് കുറച്ചു സീറ്റ് കുറഞ്ഞെങ്കിലും ഉജ്വല വിജയം തന്നെയാണ് അവര്‍ കരസ്ഥമാക്കിയത്. ബിജെപിക്ക് ജയിക്കാനായില്ലെങ്കിലും വിജയത്തിനരികെ എത്തുമെന്നായിരുന്നു പൊതുവേയുണ്ടായിരുന്ന വിലയിരുത്തല്‍; അത് ബിജെപി കേന്ദ്രങ്ങള്‍ പറയാതിരുന്നതുമില്ല. എന്നാല്‍ എക്സിറ്റ് പോളുകള്‍ അവരുടെ കണക്കുകള്ക്കെതിരായിരുന്നു. എന്താണ് ദല്‍ഹിയില്‍ സംഭവിച്ചത്, അരവിന്ദ് കെജ്രിവാളിന്റെ എന്ത് ‘മാജിക്’ ആണ് ആം ആദ്മിയെ വിജയത്തിലേക്ക് നയിച്ചത്; എന്താണ് മറുപക്ഷത്ത് സംഭവിച്ചത്. ഇത്തരമൊരു വിശകലനത്തിന് ഇന്നിപ്പോള്‍ ഏറെ പ്രസക്തിയുണ്ടുതാനും.
ദല്‍ഹിക്ക് നിയമസഭയും മന്ത്രിസഭയും മുഖ്യമന്ത്രിയുമൊക്കെ ഉണ്ടെങ്കിലും പൂര്‍ണ സംസ്ഥാന പദവിയില്ല; അതൊരു മുനിസിപ്പാലിറ്റിയെപ്പോലെയാണ് എന്നൊക്കെ സാധാരണ പറയാറുമുണ്ട്. അങ്ങനെയല്ലെങ്കിലും ആ മുഖ്യമന്ത്രിക്ക് ഒരു വലിയ മേയറുടെ അധികാരങ്ങളേയുള്ളൂ എന്നത് പരമാര്‍ത്ഥമാണ്. പോലീസും ആഭ്യന്തര വകുപ്പും വസ്തുവുമൊക്കെ മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലാണ്. രാജ്യതലസ്ഥാനം എന്ന നിലയ്ക്കാണ് ആ അധികാരങ്ങള്‍ അങ്ങനെ നിര്‍വചിക്കപ്പെട്ടത്. കോടതി കേസുകള്‍ക്കൊക്കെ ശേഷം അക്കാര്യത്തില്‍ ഇപ്പോള്‍ ഏറെക്കുറെ അവസാന വാക്ക് ഉണ്ടായിരിക്കുന്നു. എന്നാലും ദല്‍ഹിക്ക് അതിന്റേതായ പ്രാധാന്യമുണ്ടല്ലോ; അതുകൊണ്ടാവണം ആ തെരഞ്ഞെടുപ്പിന് ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഗൗരവം കല്പിക്കപ്പെടുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഒരു പക്ഷത്ത് ശക്തമായി അണിനിരക്കുന്നതും തീര്‍ച്ചയായും ആ വോട്ടെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ വര്ധിപ്പിക്കുന്നുണ്ടാവണം.
ഇത്തവണ വലിയ പ്രതീക്ഷ ബിജെപി വച്ചുപുലര്‍ത്തി എന്നത് ശരിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവിടെ ബിജെപിക്കുണ്ടായ വലിയ വിജയം ആവര്‍ത്തിക്കാനാവും എന്നവര്‍ കരുതി. ദല്‍ഹിയിലെ ഏഴില്‍ ഏഴ് സീറ്റും ബിജെപി പോക്കറ്റിലാക്കിയിരുന്നല്ലോ; 56.56 ശതമാനം വോട്ടും അവര്‍ക്ക് കിട്ടി. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് മൂന്ന് മണ്ഡലങ്ങളില്‍ കെട്ടിവച്ച തുക നഷ്ടമായിരുന്നു; കിട്ടിയത് 18.2 ശതമാനം വോട്ടും. അതുപോലെ തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ അവസ്ഥ; അവര്‍ക്ക് ലഭിച്ചത് 21 ശതമാനം വോട്ടാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എന്തിനാണ് കേന്ദ്രം ഭരിക്കുന്ന ഒരു കക്ഷി ജയിക്കുമോ എന്ന് സംശയം പ്രകടിപ്പിക്കുന്നത്. അതാണ് ബിജെപിയെ പിന്തുടര്ന്നിരുന്ന ചിന്ത എന്നാണ് കരുതേണ്ടത്. മാത്രമല്ല, അവിടത്തെ വോട്ടര്‍മാരുടെ സാമുദായിക നിലയും ബിജെപിക്ക് ഗുണകരമാവുന്നതായിരുന്നു. 1.40 കോടി സമ്മതിദായകരില്‍ 1.24 കോടിയും ഹിന്ദുക്കളാണ്. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ എഎപിക്കായി എന്നതാണ് ദല്‍ഹിയുടെ രാഷ്ട്രീയ ജാതകം കാണിച്ചുതരുന്നത്.
ദല്‍ഹിയിലെ വോട്ടര്‍മാര്‍ എങ്ങനെ വോട്ട് ചെയ്തു എന്നത് പരിശോധിക്കാം. നൂറ് വോട്ടര്മാരെയെടുത്താല് അതില്‍ 16 പേര് മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്. അതേസമയം, ആ നൂറിലെ 39 ഹിന്ദുക്കള്‍ വോട്ട് ചെയ്തതുമില്ല. 16 മുസ്ലിങ്ങളില്‍ 15 പേര് വോട്ടുചെയ്തിട്ടുണ്ട്. അപ്പോള്‍ വോട്ട് ചെയ്ത അറുപത് പേരില്‍ 15 പേര് മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്; അതായത് 25 ശതമാനം പേര്. ബാക്കിയുള്ള 45 മുസ്ലിം ഇതര വോട്ടര്‍മാരില്‍ 24 പേര് വോട്ടുചെയ്തത് ബിജെപിക്കും; അത് 40 ശതമാനം വരും. 17 വോട്ടുകള്‍ പോയത് ആം ആദ്മി പാര്‍ട്ടിക്ക്; അത് 28.3 ശതമാനം; കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കുമായി വോട്ട് നല്‍കിയത് നാലുപേരും. ഇനി അവസാന കണക്ക് പരിശോധിക്കാം; ഹിന്ദുക്കള്‍ വോട്ട് ചെയ്തത് 61 ശതമാനം; മുസ്ലിങ്ങളില്‍ 93.75 ശതമാനവും പോളിങ് ബൂത്തിലെത്തി. ഇനി കക്ഷികള്‍ക്ക് കിട്ടിയ വോട്ട്: എഎപി- 25 % (മുസ്ലിം വോട്ട്) + 28. 3 % വോട്ട് = 53. 3 %. ബിജെപിക്ക് 40 ശതമാനത്തിനടുത്ത്. കോണ്‍ഗ്രസ്- 4.3 %, മറ്റുള്ളവര്‍ക്ക് 2.3 % വോട്ടും. ചുരുക്കത്തില്‍ മുസ്ലിം വോട്ട് ഏറെക്കുറെ മുഴുവന്‍ പോള്‍ ചെയ്തു; അത് ഏതാണ്ടൊക്കെ ഒരു പാര്‍ട്ടിക്ക് മാത്രമായി ചുരുങ്ങി. വേറൊന്ന് ഹിന്ദുക്കളില്‍ 40 ശതമാനം വോട്ടുചെയ്യാന്‍ എത്തിയതുമില്ല. വോട്ട് ചെയ്യല്‍ മാത്രമല്ല വോട്ട് ചെയ്യിക്കലും ഇന്നത്തെ രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്.
ഇവിടെ ഹിന്ദു വോട്ടര്‍മാരില്‍ വലിയൊരു പങ്ക് എഎപിക്ക് വോട്ട് ചെയ്തെന്ന് വ്യക്തം; അതേസമയം മുസ്ലിം വോട്ട് മൊത്തത്തില്‍ സ്വന്തമാക്കാനുമായി. കശ്മീര്‍ പ്രശ്നത്തില്‍ അനുച്ഛേദം 370 എടുത്തുകളഞ്ഞതിനെയും അയോധ്യ ക്ഷേത്ര നിര്‍മ്മാണത്തെയും പരസ്യമായി അനുകൂലിക്കുകയും പൗരത്വ പ്രശ്നത്തില്‍ പരസ്യമായി നിലപാട് പറയാതെ തള്ളിനീക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം പിന്തുണയും കിട്ടുന്നു. വികസനമാണ് തന്റെ വിജയ ലക്ഷ്യമെന്ന് പറയുമ്പോള്‍ ഇത്തരം ചില കാര്യങ്ങള്‍ കാണാതെ പോകാനാവുമോ.
വേറൊന്ന് ഓര്‍ക്കേണ്ടത്, കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ, കൃത്യമായി പറഞ്ഞാല്‍ 26 വര്‍ഷത്തിനിടെ, ഒരിക്കല്‍ പോലും ദല്‍ഹിയുടെ ഭരണം ബിജെപിയെഏല്പ്പിക്കാന് തയ്യാറായിട്ടില്ല. അതേസമയം ഇക്കാലത്തിനിടയില്‍ നാല് പ്രാവശ്യം ബിജെപിക്കാരെ, എ.ബി. വാജ്പേയിയെയും, നരേന്ദ്ര മോദിയെയും, പ്രധാനമന്ത്രിമാരാക്കാന് ദല്‍ഹിക്കാര്‍ വോട്ട് ചെയ്തിരുന്നു. ഷീല ദീക്ഷിതിനെ മൂന്ന് വട്ടം മുഖ്യമന്ത്രിയാക്കിയതും ഇതേ ദല്‍ഹിയാണ്; ഇപ്പോഴിതാ ആ ഒരു അംഗീകാരം ആം ആദ്മി പാര്‍ട്ടിക്കും ലഭിക്കുന്നു. ഇത് നല്കുന്ന പാഠവും പ്രധാനമാണ്. എന്താവാം ബിജെപിക്ക് പറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനവധി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമൊക്കെ അവിടെ പ്രചാരണത്തിലുണ്ടായിരുന്നു. കാടിളക്കിയുള്ള പ്രചാരണം എന്ന് സാധാരണ പറയാറുള്ളത് പോലെ. എന്നിട്ടുമെന്തേ ഇങ്ങനെ ഒരു സ്ഥിതിയുണ്ടായി. തീര്‍ച്ചയായും വിശകലനം ചെയ്യപ്പെടേണ്ട വിഷയമാണ്. ഒരോ വിജയത്തിലും ആഹ്ളാദിക്കുമ്പോഴും അതിനുള്ള കാര്യകാരണങ്ങള്‍ വിലയിരുത്തുന്ന പാര്‍ട്ടിയാണ് ബിജെപി. അതാണ് അതിന്റെയൊരു സംഘടനാ സംസ്കാരം. വിജയിക്കുമ്പോഴും അതിലെ പോരായ്മകള്‍ കാണാനും പരിഹരിക്കാനും ശ്രമിക്കുന്ന പാര്‍ട്ടി. അതുകൊണ്ടുതന്നെ പരാജയത്തിലും അതുപോലുള്ള പരിശോധനകള്‍ ആ പാര്‍ട്ടിയിലുണ്ടാവും. അത് സംഘടനയിലെ പതിവ് രീതിയാണ്, സംവിധാനമാണ്; ആശങ്കയ്ക്ക് കാരണമില്ല എന്നര്‍ത്ഥം. വേറൊന്ന്, പരാജയം രുചിക്കുമ്പോഴും ബിജെപിയുടെ വോട്ട് വിഹിതവും പിന്തുണയും വര്‍ദ്ധിച്ചു എന്നതും ശ്രദ്ധേയമാണ്. മുന്‍കാലങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റും 32 -35 ശതമാനം വോട്ടാണ് ബിജെപി നേടിയിരുന്നത്. അതിനെക്കാള്‍ ഉയരത്തിലേക്ക് കടക്കാന്‍ സാധിച്ചു. ഇവിടെനിന്ന് കൂടുതല്‍ വേഗത്തില്‍ വളരാനുള്ള അടിത്തറ ബിജെപിയുണ്ടാക്കിയിട്ടുണ്ട്. അതിന് സംഘടനാപരമായി ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
പ്രഥമ ദൃഷ്ട്യാ കാണേണ്ടുന്ന ഒരു കാര്യം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്റെ പകുതി വോട്ട് കോണ്‍ഗ്രസ് കരസ്ഥമാക്കിയിരുന്നുവെങ്കില്‍ ദല്‍ഹിയുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം മറ്റൊന്നായേനെ. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ സോണിയയുടെ പാര്‍ട്ടിക്ക് 9.65 % വോട്ടുണ്ടായിരുന്നു. ഇതെങ്കിലും ഇത്തവണ പിടിച്ചെങ്കില്‍ ബിജെപിയുടെ നില എത്രയോ മെച്ചപ്പെടുമായിരുന്നു. ദല്‍ഹിയില്‍ ഇനിയുണ്ടാവുക രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമാവും. മൂന്നാം കക്ഷിയായിരുന്ന കോണ്‍ഗ്രസ് ഇതോടെ നാമാവശേഷമായിരിക്കുന്നു; നാല് ശതമാനം വോട്ടും മത്സരിച്ച എഴുപതില്‍ 67 മണ്ഡലത്തിലും കെട്ടിവച്ച തുകയും നഷ്ടപ്പെടുത്തിയ പാര്‍ട്ടിക്ക് മറ്റു പല സംസ്ഥാനങ്ങളിലും ചെയ്തതുപോലെ, വോട്ടുവിഹിതം 50 ശതമാനത്തിലെത്തിക്കുക എന്നതാവണം അവരുടെ അജണ്ട. ഇനിയൊരു തിരിച്ചുവരവ് സാധ്യമാണ് എന്ന് കോണ്‍ഗ്രസിന്റെ തലപ്പത്തുള്ളവര്‍ പോലും കരുതുന്നുണ്ടാവില്ല. ഈ മാറിയ രാഷ്ട്രീയ സാഹചര്യത്തെ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുക ബിജെപിക്കാവും.
ഇനി ബിജെപിയുടെ പരാജയത്തിന് കാരണങ്ങള്‍ നിരത്താനും സന്തോഷിക്കാനും ഒക്കെ തയ്യാറാവുന്നവരോട്; ഇക്കൂട്ടരില്‍ ഏറെയുള്ളത് ഇടതുപക്ഷക്കാരാണ്. എന്നാല്‍ ദല്‍ഹിയില്‍ ഇടതുപക്ഷത്തിന് ഒരു റോളുമില്ലായിരുന്നു എന്നത് അവര്‍ തന്നെ മറച്ചുവയ്ക്കുന്നു. അവിടെ സിപിഎമ്മും സിപിഐയും ഓരോ മണ്ഡലങ്ങളില്‍ മത്സരിച്ചു; സിപിഐ മത്സരിച്ചത് തിമര്പ്പൂരിലാണ്; അവര്‍ക്കവിടെ കിട്ടിയത് വെറും 245 വോട്ട്; അതായത് പോള്‍ ചെയ്തതിന്റെ 0.20 ശതമാനം വോട്ട്. സിപിഎമ്മിന്റെ നാഥുറാം മത്സരിച്ചത് വാസിര്പ്പൂരില്; അവര്‍ക്കവിടെ ലഭിച്ചത് വെറും 139 വോട്ട്; അതായത് പോള്‍ ചെയ്തതിന്റെ 0.13 % വോട്ട്. നോട്ടയെക്കാള്‍ പിന്നിലാണ് അവരെത്തിപ്പെട്ടത്. തലസ്ഥാന നഗരിയില്‍ അവര്‍ മത്സരിച്ചത്, സ്വാഭാവികമായും, തങ്ങള്‍ക്ക് ഏറ്റവുമധികം പിന്തുണയുള്ള മണ്ഡലങ്ങളില്‍ ആവണമല്ലോ. അവിടത്തെ അവസ്ഥയാണിത്.
കോണ്‍ഗ്രസിന്റെ കാര്യമാണ് ദയനീയം. സോണിയ പരിവാര്‍ നേരിട്ട് നേതൃത്വം കൊടുത്ത വോട്ടെടുപ്പാണിത്. സോണിയയും മകനും മകളും മരുമകനുമൊക്കെ പാര്‍ക്കുന്ന മണ്ഡലത്തില്‍ അവരുടെ പാര്‍ട്ടിക്ക് കിട്ടിയത് വെറും 3,206 വോട്ടാണ്. കോണ്‍ഗ്രസിന്റെ ഈ കനത്ത തകര്‍ച്ചയില്‍ ഒരു ‘കേരള ടച്ച്’ ഉള്ളത് കാണാതെ പോകരുതല്ലോ; മലയാളികളായ പി.സി. ചാക്കോയും കെ.സി. വേണുഗോപാലുമൊക്കെയാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസിനെ ഈ നിലയിലാക്കിയത്. ദല്‍ഹിയുടെ ചുമതല ചാക്കോ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാണ് അവരുടെ കഷ്ടകാലം എന്നതാണ് ചരിത്രം; കോണ്‍ഗ്രസുകാര്‍ തന്നെ അത് പരസ്യമായി പറയുന്നുമുണ്ട്. എന്നാല്‍ അദ്ദേഹത്തെ അവി െടനിന്ന് ഒഴിവാക്കാന്‍ സോണിയ പരിവാറിന് ധൈര്യവുമില്ല. സ്വയം നശിച്ചാലും, പടുകുഴിയിലാക്കപ്പെട്ടാലും ചാക്കോയെ കേരളത്തിലേക്ക് പറഞ്ഞുവിടില്ല എന്നതാണത്രേ നിലപാട്. 2ജി തട്ടിപ്പ് അന്വേഷിച്ച ജെപിസിയുടെ അധ്യക്ഷന്‍ ചാക്കോ ആയിരുന്നു എന്നത് ഓര്‍ക്കേണ്ടതുമുണ്ട്. എല്ലാമറിയുന്നയാള്ക്ക് മുന്തിയ പരിഗണന നല്കിയല്ലേ തീരൂ എന്നതാവും ജനപഥിലെ വിചാരം.
9447010010
പ്രതികരിക്കാൻ ഇവിടെ എഴുതുക: