രണ്ടുവര്‍ഷങ്ങളിലായി നേരിട്ട മഹാപ്രളയത്തെ കേരളം എങ്ങനെയാണ് അതിജീവിച്ചതെന്ന് ലോകം കണ്ടതാണ്. പ്രളയജലത്തില്‍ ഒലിച്ചുപോകുമായിരുന്ന ഒരുപാട് ജീവിതങ്ങളെയും വസ്തുവകകളെയും ഒത്തൊരുമിച്ചുള്ള പ്രയത്നത്തിലൂടെയാണ് കേരള ജനത ഒരുപരിധിവരെയെങ്കിലും കാത്തുരക്ഷിച്ചത്. എന്നിട്ടും ആയിരക്കണക്കിനാളുകള്‍ക്ക് വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടു. റോഡുകളും പാലങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം ഉപയോഗശൂന്യമായി. നഷ്ടങ്ങള്‍ നികത്തി കേരളത്തെ സാധാരണനിലയിലെത്തിക്കുക എന്നതിലുപരി പുതിയൊരു കേരളത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. നവകേരളം പദ്ധതി എന്നു പേരിട്ട ഈ ലക്ഷ്യത്തെ പൊതുസമൂഹം സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. എന്നാല്‍ പുതിയ കേരളത്തെ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ തുടക്കത്തിലേ പാളുന്നതാണ് നാം കണ്ടത്. പ്രളയ ബാധിതര്‍ക്ക് അടിയന്തിര സഹായമായി നല്‍കുമെന്ന് പ്രഖ്യാപിച്ച പതിനായിരം രൂപ പോലും നിരവധി പേര്‍ക്ക് ലഭിച്ചില്ല. അനര്‍ഹരായ ധാരാളം പേര്‍ക്ക് തുക ലഭിക്കുകയും ചെയ്തു. പൂര്‍ണമായും ഭാഗികമായും വീടുതകര്‍ന്നവര്‍ പലരും പ്രളയനാളുകളിലെ അതേ അവസ്ഥയില്‍ അരക്ഷിതമായ അവസ്ഥയില്‍ കഴിയുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ മാധ്യമങ്ങളിലൂടെ ഇപ്പോഴും പുറത്തു വന്നുകൊണ്ടിരിക്കുന്നു. റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. ഇപ്പോഴിതാ നവകേരളം പദ്ധതിക്കായി ലോകബാങ്ക് നല്കിയ പലിശരഹിത വായ്പയുടെ ആദ്യഗഡു വകമാറ്റി വിവിധ വകുപ്പുകള്‍ക്കായി വീതംവച്ചു നല്കിയ കാര്യം മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചിരിക്കുന്നു.
നവകേരളം പദ്ധതിക്കുള്ള ലോകബാങ്ക് വായ്പയുടെ ആദ്യഗഡുവായ 1779 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റിയത്. ഏഴ് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട പദ്ധതിയിലേക്ക് തുക നല്‍കണമെന്നും ഇല്ലെങ്കില്‍ പലിശ നല്‍കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ ഈ തുക ട്രഷറിയിലേക്ക് വകമാറ്റുകയാണ് ചെയ്തത്. ഇതോടെ വന്‍തുക പലിശ നല്‍കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷം ഇതുസംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയതോടെയാണ് വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടത്.
കേന്ദ്രസര്‍ക്കാരിന്റെ സഹായമായും ജനങ്ങളുടെയും സംഘടനകളുടെയുമൊക്കെ സംഭാവനകളായും എത്തിയ കോടികള്‍ സര്‍ക്കാര്‍ എന്തു ചെയ്തു എന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകളില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ബാക്കിവന്ന 2100 കോടി രൂപ എന്തു ചെയ്തു എന്ന ചോദ്യത്തിനും ഉത്തരമില്ല. വീട് തകര്‍ന്ന്, സര്‍ക്കാര്‍ സഹായം കാത്തുനിന്ന പലരും സ്വന്തം നിലയിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലും വീടുകള്‍ പുതുക്കിപ്പണിതു. അതിന് സാധിക്കാത്തവര്‍ പല്‍സ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച, ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലുമുള്ള വീടുകളില്‍ ദുരിതജീവിതം നയിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന് അടച്ചുറപ്പിലാതായിത്തീര്ന്ന വീടിനുമുന്നില്‍ പെണ്മക്കളുടെ സുരക്ഷയെ ഓര്‍ത്ത് മാസങ്ങളായി രാത്രിയില്‍ ഉറങ്ങാതെ കഴിയുന്ന ഒരു അച്ഛനെ കുറിച്ചുള്ള വാര്‍ത്ത പത്രങ്ങളില്‍ വന്നത് ഈയിടെയാണ്. സര്‍ക്കാരാകട്ടെ, പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ എങ്ങനെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാം എന്നതിനെ കുറിച്ച് ഗവേഷണം തുടങ്ങിയിട്ടേയുള്ളു.
പ്രളയത്തില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണം പതിനെണ്ണായിരത്തോളമാണ്. ഈ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് 2000 കോടിയിലേറെ രൂപ വേണം. പ്രളയബാധിത പ്രദേശങ്ങളില്‍ പലയിടത്തും ഇപ്പോഴും ഗതാഗത സൗകര്യം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പൂര്‍ണമായും നശിച്ച റോഡുകളുടെ പുനര്‍നിര്‍മ്മാണം, ഭാഗികമായി തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി എന്നിവയ്ക്കായി 13,000 കോടിയിലേറെ രൂപയാണ് ഏകദേശ കണക്കാക്ക്. സ്ഥാപനങ്ങളും സ്റ്റോക്കും എല്ലാം നഷ്ടപ്പെട്ട വ്യാപാരികളുടെ പുനരുദ്ധാരണത്തിനും വേണം കോടികള്‍. പുതിയ കേരളത്തെ സൃഷ്ടിക്കാന്‍ ഇത്രയൊക്കെ ചെയ്യാന്‍ ബാക്കി നില്‍ക്കുമ്പോഴാണ് ലോക ബാങ്കില്‍ നിന്ന് ലഭിച്ച വായ്പത്തുക സര്‍ക്കാര്‍ വകമാറ്റിയത്.
സംസ്ഥാനത്തു പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശിക തന്നെ 5500 കോടിയിലേറെയുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ട്. നികുതി കുടിശ്ശിക പിരിവിലുള്പ്പെടെ ധനസമാഹരണത്തില്‍ വന്‍ വീഴ്ച വരുത്തിവച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രളയാനന്തര നവകേരളത്തിനായി ലോക ബാങ്ക് നല്കിയ സഹായം വകമാറ്റി ചെലവഴിക്കുന്നത്. സ്വന്തം വീഴ്ചകള്‍ മറച്ചുവച്ച് ജിഎസ്ടി വിഹിതത്തിന്റെയും മറ്റും പേരില്‍ കേന്ദ്രത്തെ പഴിക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുകയാണെന്ന് ധനമന്ത്രി തന്നെ ജനങ്ങളോട് പറയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് അവസാനിപ്പിക്കാനും ചെലവുകുറക്കാനും ഒരു ശ്രമവും നടക്കുന്നില്ലെന്ന് മാത്രമല്ല, അനാവശ്യമായ ചെലവുകള്‍ അടിക്കടി വര്‍ദ്ധിപ്പിക്കുകയുമാണ്. പോലീസ് വകുപ്പിലെ ധൂര്‍ത്തിനെയും അഴിമതിയെയും കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണ്. അതുപോലെ തന്നെ മറ്റ് വകുപ്പുകളിലെയും വാഹനങ്ങളുടെ ഉപയോഗം, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യാത്രാച്ചെലവുകള്‍ എന്നിവ ചുരുക്കേണ്ടതുണ്ട്. ലോകബാങ്കിന്റെ വായ്പ വകമാറ്റിയതു മൂലം നവകേരളം പദ്ധതി അട്ടിമറിക്കപ്പെട്ടു എന്നതു മാത്രമല്ല, ലോക ബാങ്കിന് പലിശ നല്‍കേണ്ട ഇനത്തില്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത കൂടുകയും ചെയ്തിരിക്കുന്നു. നവകേരളം എന്നൊക്കെയുള്ള മനോഹരപദങ്ങള്‍ പറയുകയും, ജനങ്ങളുടെ നികുതിഭാരം താങ്ങാവുന്നതിനപ്പുറമാക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: