ഗുവാഹത്തി: ഓണ്‍ലൈനില്‍ നിന്നും അസം ദേശീയ പൗരത്വ രജിസ്റ്റര്‍ അപ്രത്യക്ഷമായതിനു പിന്നില്‍ മുന്‍ ജീവനക്കാരി. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഇവര്‍ ജോലി രാജിവെച്ചപ്പോള്‍ പാസ്വേഡ് നല്‍കാതിരുന്നതാണ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണം.
എന്‍ആര്‍സി മുന്‍ പ്രൊജക്ട് മാനേജരാണ് ഇത്തരത്തില്‍ പാസ്വേഡ് കൈമാറാതെ ജോലിയില്‍ നിന്നും രാജിവെച്ചത്. കഴിഞ്ഞ നവംബറിലാണ് ഇവര്‍ സ്ഥാനമൊഴിഞ്ഞത്. രണ്ട് ഔദ്യോഗിക ഇമെയില്‍ ഐഡി കൂടി ഇവര്‍ ജോലി ഉപേക്ഷിച്ചപ്പോള്‍ കൈമാറിയിയിരുന്നില്ല. അതിനാല്‍ ക്ലൗഡ് അക്കൗണ്ടിന്റെ കാലാവധി പുതുക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ഐടി കമ്പനിയായ വിപ്രോയുമായി ചേര്‍ന്നാണ് വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഈ വിവരങ്ങള്‍ നല്‍കിയിരുന്ന ഇമെയില്‍ അക്കൗണ്ടുകളും പാസ്വേഡുകളും കൈമാറാതിരുന്നതോടെ സംസ്ഥാനത്തിന് വിപ്രോയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിച്ചില്ല. ക്ലൗഡ് സ്റ്റോറേജില്‍ ഡാറ്റ സൂക്ഷിക്കുന്നതിന് വിപ്രോയുമായുണ്ടാക്കിയ കരാര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അവസാനിച്ചതാണ്.
വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട എന്‍ആര്‍സി സംസ്ഥാന കോ- ഓഡിനേറ്റര്‍ പ്രതീക് ഹാജേലയെ സുപ്രീംകോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശിലേയ്ക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് കമ്പനിയുമായുള്ള കരാര്‍ പുതുക്കാന്‍ സാധിക്കാതെ വന്നത്. ഈ ഉദ്യോഗസ്ഥന് സ്ഥലംമാറിയതിനു പിന്നാലെ പ്രോജക്ട് മാനേജര്‍ രാജിവെക്കുകയും ചെയ്തു.
അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉള്‍പ്പെട്ടവരെയും സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച പട്ടികയിലെ വിവരങ്ങളാണ് ഡിസംബര്‍ 15-ന് ശേഷം ഓണ്‍ലൈനില്‍നിന്ന് അപ്രത്യക്ഷമായത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് എന്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന മഹന്തയാണ് മുന്‍ പ്രോജക്ട് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ജോലി രാജിവെക്കുന്നതിന് മുമ്പ് ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ഔദ്യോഗിക ഇ മെയില്‍ ഐഡികള്‍ കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഇവര്‍ ഇമെയില്‍ ഐഡിയുടെ പാസ്വേഡുകള് നല്‍കാതിരുന്നത് തുടര്‍ന്നുള്ള നടപടികളെ ബാധിച്ചെന്നും ഇതാണ് ഓണ്‍ലൈനില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമാകുന്നതിലേയ്ക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സന്നദ്ധ സംഘടനയുടെ പരാതിയില്‍ പ്രതീക് ഹാജേലയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സ്ഥലംമാറി പോകുന്നതിന് മുമ്പ് വിപ്രോയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കാട്ടിയാണ് പ്രതീക് ഹാജേലയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: