കോഴിക്കോട്: പോലീസിന്റെ ആയുധശേഖരത്തില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് പങ്കുണ്ടെന്നും രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന പലതും അട്ടിമറിക്കാന്‍ കഴിവുള്ളവര്‍ ആഭ്യന്തര വകുപ്പിന് അകത്തുണ്ടെന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു. കേരള പോലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാതായ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട് ഉത്തരമേഖലാ എഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 മുതല്‍ ഗുരുതരമായ സംഭവം മറച്ചുവച്ച ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ പങ്കുള്‍പ്പെടെ പുറത്തു വരാന്‍ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആയുധം കാണാതായ തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനിലെ സ്റ്റോക്ക് രജിസ്റ്റര്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെയാണെന്ന് മനസ്സിലാക്കാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല.
പോലീസിലെ പച്ചവെളിച്ചം വാട്‌സ് ആപ് ഗ്രൂപ്പ്, തൃശൂരില്‍ പോലീസിന്റെ ആയുധശേഖരത്തിലെ വെടിയുണ്ടകള്‍ കാണാതായ സംഭവം എന്നിവയെകുറിച്ചുള്ള അന്വേഷണമെല്ലാം അട്ടിമറിച്ചത് ഇടതു വലതു ഭരണത്തിലെ ആഭ്യന്തര വകുപ്പാണ്. പോലീസിലും സര്‍ക്കാരിലും ദേശവിരുദ്ധ ശക്തികള്‍ക്കുള്ള സ്വാധീനമാണ് സംഭവം വെളിപ്പെടുത്തുന്നത്. എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസ്സിലെ ഒന്നാം പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പോലീസിലെ പച്ചവെളിച്ചം ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ്.
കാണാതായ 25 റൈഫിളുകളും 12061 വെടിയുണ്ടകളും ആരുടെ കൈയ്യിലാണെന്നും എവിടയാണെന്നും കണ്ടുപിടിക്കാന്‍ കഴിവില്ലാത്ത പോലീസല്ല കേരളത്തിലുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയുടെ അറിവോടെ ചില ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കുകയാണ്. കോടികളുടെ അഴിമതി ഡിജിപി നടത്തിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ആയുധ കേസിലും പച്ചവെളിച്ചം വാട്‌സ്ആപ് ഗ്രൂപ്പ് കേസിലും പ്രതികളെ രക്ഷിച്ചതിലുള്ള പങ്ക് ഡിജിപി വെളിപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, ജില്ലാ പ്രസിഡന്റ് ഇ. സാലു എന്നിവര്‍ സംസാരിച്ചു. സിനൂപ് രാജ്, ടി.പി. നവജ്യോത്, കെ. സജീഷ്, കെ. രോഹിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: