എന്നും സംവാദത്തിന്റെ മാര്‍ഗമായിരുന്നു പി. പരമേശ്വരന്‍ സ്വീകരിച്ചത്. ആശയസംവാദമാണ് ആദര്‍ശത്തെ വളര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള ശരിയായ മാര്‍ഗമെന്നതായിരുന്നു അദ്ദേഹത്തിന്റെ ബോധം. അതു ശരിയുമായിരുന്നെന്ന് പരമേശ്വര്‍ജി ജീവിതംകൊണ്ട് തെളിയിച്ചു. കേരളത്തിലെ സൈദ്ധാന്തിക മേഖല കമ്മ്യൂണിസ്റ്റുകാര്‍ കയ്യടക്കിവച്ച്, ഏതാണ്ട് ഏകപക്ഷീയമായി അവരുടെ വാദങ്ങള്‍ അവതരിപ്പിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്ത കാലത്താണ് പി. പരമേശ്വരന്‍ എന്ന ശബ്ദം ഉച്ചത്തില്‍ ഉയര്‍ന്നുവന്നത്. ഇഎംഎസ്സായിരുന്നു കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകന്‍. അദ്ദഹത്തിന്റെ വാക്കുകള്‍ക്കും എഴുത്തിനും ബൗദ്ധികരംഗത്ത് ശ്രദ്ധയും പിന്തുണയും ഏകപക്ഷീയമായി ലഭിച്ചുകൊണ്ടിരുന്നപ്പോഴാണ് പി.പരമേശ്വരന്‍ ഇഎംഎസ്സിന്റെ വാദങ്ങളുടെ മറുവശവും ശരിതെറ്റുകളും ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. കാര്യവും കാരണവും നിരത്തിയുള്ള പരമേശ്വര്‍ജിയുടെ വാദങ്ങളെ നിരാകരിക്കാന്‍ ബൗദ്ധികലോകത്തിനായില്ല. ആരോഗ്യപരമായ തര്‍ക്കത്തിലേക്കാണ് പരമേശ്വര്‍ജിയും ഇഎംഎസ്സും തമ്മിലുള്ള സംവാദം കടന്നത്.
1992 നവംബര്‍ 3ന് കോഴിക്കോട് കാലിക്കറ്റ് സര്‍വകലാശാല സംസ്‌കൃതം വകുപ്പ് മേധാവിയായിരുന്ന ഉണ്ണിത്തിരി സ്വന്തം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭാരതീയ ദര്‍ശനത്തെ കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചു. ഇഎംഎസ്സും പരമേശ്വര്‍ജിയുമായിരുന്നു പ്രബന്ധാവതാരകര്‍. ഭാരതത്തിലെ ബ്രാഹ്മണര്‍ ആത്മീയവാദികളും ശൂദ്രര്‍ ഭൗതികവാദികളുമാണെന്ന പഴയസിദ്ധാന്തത്തില്‍ തന്നെ ഉറച്ചു നിന്നായിരുന്നു ഇഎംഎസ്സിന്റെ പ്രബന്ധം. ആത്മീയവാദം മാത്രമല്ല, ഭൗതികവാദവും പ്രാചീന ഭാരതത്തില്‍ ശക്തമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പ്രാചീനഭാരതത്തില്‍ ഭൗതിക വാദമുണ്ടായിരുന്നെന്നും അത് ആധുനിക കമ്മ്യൂണിസമായിരുന്നെന്നും സ്ഥാപിക്കാനാണ് ഇഎംഎസ്സ് ശ്രമിച്ചത്.
എന്നാല്‍ ഇഎംഎസ്സടക്കമുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ വാദത്തെ യുക്തിഭദ്രമായി എതിര്‍ക്കുകയും അതിലെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്തു പരമേശ്വര്‍ജി. സര്‍വകലാശാലയിലെ സെമിനാര്‍ കഴിഞ്ഞ ശേഷവും പല ലേഖനങ്ങളിലും പ്രസംഗങ്ങളിലുമായി അവര്‍ തമ്മിലുള്ള സംവാദം തുടര്‍ന്നുകൊണ്ടിരുന്നു. കേരളം ഏറെ ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത സംവാദമായി അത് മാറി. വലിയതോതിലുള്ള വാര്‍ത്താപ്രാധാന്യവും അതിനു ലഭിച്ചു.
പരമേശ്വര്‍ജിയുടെ വാദങ്ങളിങ്ങനെ: ‘അധ്യാത്മിക ശബ്ദത്തിന് പാരമ്പര്യമായി ഭാരതം നല്‍കിവന്നിട്ടുള്ള അര്‍ഥം ഭൗതിക ജീവിതത്തിന്റെ നിഷേധമെന്നോ പരലോകത്തെ കുറിച്ചു മാത്രമുള്ള ചിന്തയെന്നോ, ഇക്കാണുന്ന ലോകം മിഥ്യയെന്നോ, വിശ്വാസത്തില്‍ ഒരു ഭാവനാലോകം സൃഷ്ടിച്ച് അതില്‍ വിഹരിക്കലോ അല്ല. അധ്യാത്മികതയും ഭൗതികതയും പരസ്പരം നിഷേധിക്കുന്നില്ല. എന്താണ് പരമമായ സത്യം എന്നതിനെക്കുറിച്ചുള്ള നിരൂപണത്തിലാണ് ഇവതമ്മിലുള്ള വ്യത്യാസം. ചേതനയില്‍ നിന്ന് പദാര്‍ഥമുണ്ടായി എന്ന് അധ്യാത്മികവാദികള്‍ വിശ്വസിക്കുമ്പോള്‍ പദാര്‍ത്ഥത്തില്‍ നിന്നാണ് ചേതനയുണ്ടായതെന്നാണ് ഭൗതികവാദികളുടെ വിശ്വാസം.’
പരമേശ്വര്‍ജിയുന്നയിച്ച യുക്തിസഹമായ വാദങ്ങളെ വിശ്വസനീയമായ രീതിയില്‍ ഖണ്ഡിക്കാന്‍ ഇഎംഎസ്സിനായില്ലെന്നതാണ് ആ സംവാദങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ മനസ്സിലാകുക. സര്‍വകലാശാലയിലെ പ്രബന്ധാവതരണത്തിനു ശേഷം ദേശാഭിമാനിയിലെ ‘ഇഎംഎസ്സിന്റെ ഡയറി’ എന്ന കോളത്തില്‍ അദ്ദേഹം പരമേശ്വര്‍ജിയുടെ വാദത്തെ എതിര്‍ത്ത് വീണ്ടും എഴുതി. ‘ദര്‍ശനത്തിന്റെ ഭാരതീയതയും വൈദേശികതയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പരമേശ്വര്‍ജിയുടെ വാദത്തെ അദ്ദേഹം എതിര്‍ത്തു. അതിനുമറുപടിയായി പരമേശ്വര്‍ജി ‘വഞ്ചിവീണ്ടും തിരുനക്കര തന്നെ’ എന്ന തലക്കെട്ടില്‍ ലേഖനമെഴുതി. ഇഎംഎസ് ഉന്നയിച്ചത് അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും ആക്ഷേപങ്ങളും അബദ്ധങ്ങളും നിറഞ്ഞ വാദങ്ങളാണെന്നായിരുന്നു പരമേശ്വര്‍ജി സ്ഥാപിച്ചത്.
പരമേശ്വര്‍ജി തുടരുന്നതിങ്ങനെ: ‘മാര്‍ക്‌സിസം ഭാരതീയ ദര്‍ശനമാണെന്നതിന്റെ അളവുകോലായി നമ്പൂതിരിപ്പാട് എടുത്തുകാണിക്കുന്നത് അത് ഭാരതത്തിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ രാഷ്‌ട്രീയപ്രസ്ഥാനമാണെന്നതാണ്. ദര്‍ശനത്തെ അളക്കാനുള്ള വിചിത്രമായ ഒരളവുകോലാണതെന്ന് എനിക്ക് തോന്നുന്നു. കയ്യാളുന്ന ഭരണാധികാരത്തിന്റെ വൈപുല്യമാണ് ദര്‍ശനമേന്‍മയ്‌ക്കുള്ള മാനദണ്ഡമെങ്കില്‍ കോണ്‍ഗ്രസ്സ്ദര്‍ശനം (അങ്ങനെയൊന്നുണ്ടെങ്കില്‍) മാര്‍ക്‌സിസത്തേക്കാള്‍ എത്രയോ മേലേയാണെന്ന് സമ്മതിക്കേണ്ടിവരും. ഒരു സംസ്ഥാനം മാത്രം ഭരിക്കുന്ന (അതും ഒറ്റയ്‌ക്കല്ല, കൂട്ടുകക്ഷികളുമൊത്തു ചേര്‍ന്ന്) മാര്‍ക്‌സിസ്റ്റുകളേക്കാള്‍ തനിച്ചു നാല് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ദര്‍ശനം മേന്‍മയേറിയതാണെന്നും നമ്പൂതിരിപ്പാടിനു സമ്മേതിക്കേണ്ടിവരും…’
പരമേശ്വര്‍ജി മുന്നോട്ടുവച്ച പല വാദങ്ങള്‍ക്കും വ്യക്തമായ മറുപടി പറയാന്‍ നമ്പൂതിരിപ്പാടിനായില്ലെന്നതാണ് ആ സംവാദത്തിന്റെ ഫലം. വളരെ രൂക്ഷമായ ഭാഷയില്‍ പരമേശ്വര്‍ജി ഇഎംഎസ്സിനെ വിമര്‍ശിച്ചപ്പോഴും അവര്‍ തമ്മിലുള്ള സൗഹൃദത്തിന് കോട്ടം തട്ടിയതേയില്ല. സഹോദരതുല്യമായ വാത്സല്യവും പരസ്പര ബഹുമാനവും അവര്‍ തമ്മില്‍ നിലനിന്നു.
മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായിരുന്ന പി.ഗോവിന്ദപ്പിള്ളയുമായും പരമേശ്വര്‍ജി സൗഹൃദവും ബഹുമാനവും നിലനിര്‍ത്തി. പലതവണ അദ്ദേഹം ഭാരതീയവിചാരകേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്‌കൃതിഭവനില്‍ പരമേശ്വര്‍ജിയുടെ അതിഥിയായെത്തി.
വിചാരകേന്ദ്രത്തിലെ വിശാലമായ ഗന്ഥപ്പുര ഉപയോഗിച്ചു. സഹോദരതുല്യമായ സൗഹൃദം നിലനില്‍ക്കുമ്പോഴും പലകാര്യത്തിലും പരമേശ്വര്‍ജിയുമായി പി.ഗോവിന്ദപിള്ള ആശയസംവാദത്തിലും ഏര്‍പ്പെട്ടു. മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍എസ്എസ്സിനെകുറിച്ച് ലേഖനപരമ്പര വന്നുകൊണ്ടിരുന്നപ്പോള്‍ ഗോവിന്ദപ്പിള്ള, പരമേശ്വര്‍ജിയുമായി ആശയസംഘട്ടനത്തിലേര്‍പ്പെട്ടു. ഗോവിന്ദപ്പിള്ളയുടെ വാദങ്ങളെ രൂക്ഷമായാണ് പരമേശ്വര്‍ജി എതിര്‍ത്തത്. ഇത്തരത്തില്‍ എതിര്‍ക്കുന്നവര്‍ വലിയ ശത്രുക്കളാകുമെന്നാണ് പലരും ധരിച്ചത്. എന്നാല്‍ ഗോവിന്ദപ്പിള്ളയുടെ അടുത്ത കൂട്ടുകാരനായിരുന്നു പരമേശ്വര്‍ജി.
വിവേകാനന്ദ ദര്‍ശനങ്ങളുടെ പ്രചാരകനായി പരമേശ്വര്‍ജി നിരവധി ലേഖനങ്ങളെഴുതി. വിവേകാനന്ദ ദര്‍ശനങ്ങള്‍ കൂടുതലായി പ്രചരിപ്പിക്കുന്നതിന് സംഘപ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എബിവിപിയും യുവമോര്‍ച്ചയും ഒത്തു ചേര്‍ന്ന് തൃശ്ശൂരില്‍ 1991ല്‍ യുവസംഗമം സംഘടിപ്പിച്ചത്.
തേക്കിന്‍കാട് മൈതാനത്ത് ലക്ഷക്കണക്കിന് യുവജനങ്ങളണിനിരന്ന പരിപാടിയില്‍ ഉമാഭാരതിയായിരുന്നു മുഖ്യപ്രഭാഷക. ‘മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്’ എന്നതായിരുന്നു സമ്മേളനത്തിന്റെ മുദ്രാവാക്യം. അതിനെതിരായി മാര്‍ക്‌സിസ്റ്റുകള്‍ ചുവരുകള്‍ തോറും എഴുതിവച്ചു, ‘ശാസ്ത്രത്തില്‍ നിന്ന് കൂടോത്രത്തിലേക്ക്’ എന്ന്. വിവേകാനന്ദസ്വാമിയെ ആക്ഷേപിക്കാനും അവര്‍ മുതിര്‍ന്നു. അതിനു മറുപടിയായിരുന്നു പരമേശ്വര്‍ജിയുടെ ‘മാര്‍ക്‌സും വിവേകാനന്ദനും’ എന്ന പുസ്തകം. കാലം കഴിഞ്ഞപ്പോള്‍ വിവേകാനന്ദനെ ഏറ്റെടുക്കാനും മാര്‍ക്‌സിസ്റ്റുകള്‍ തയ്യാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: