ഓക്ലന്‍ഡ്: ടി-20 തോല്‍വിക്ക് ഇന്ത്യയോട് മധുര പ്രതികാരം വീട്ടി ന്യൂസിലന്‍ഡ്. ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടും വിജയിച്ച കിവികള്‍ക്ക് പരമ്പര(2-0). ശ്രേയസ് ഐയ്യരൊഴികെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാര് തകര്‍ന്നടിഞ്ഞപ്പോള്‍ നാണംക്കെട്ട സ്ക്കോറില്‍ ഒതുങ്ങുമായിരുന്ന ഇന്ത്യയെ അതില്‍ നിന്ന് കരകയറ്റിയത് വാലറ്റത്തെ കൂട്ടുപിടിച്ചുള്ള രവീന്ദ്ര ജഡേജയുടെ പ്രകടനമായിരുന്നു. ജഡേജ 73 പന്തില്‍ 55 റണ്‍സ് നേടി.
274 റണ്‍സെന്ന വിജയലക്ഷയവുമായി മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. വെറും 21 റണ്‍സ് ടീമിനായി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (3) കൂടാരത്തിലെത്തി. ടീമിനായി 13 റണ്‍സ് കൂട്ടിച്ചേര്ത്തപ്പേഴേക്കും രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇത്തവണ പവലിയനിലെത്തിയത് പ്രഥ്വി ഷാ ആയിരുന്നു. ജാമിസണിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. ഇന്ത്യന്‍ സ്കോര്‍ 57ല്‍ എത്തിയപ്പോഴേക്കും നായകന് വിരാട് കോഹ്ലി ബൗള്‍ഡ്. സൗത്തിക്കായിരുന്നു വിക്കറ്റ്. ടി20 ടോപ് സ്കോററായിരുന്ന കെഎല്‍ രാഹുലിന് നേടാനായത് വെറും നാല് റണ്‍സ്. കേദാര്‍ ജാദവും(9) കൂടി വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെ ഇന്ത്യക്ക് 96 റണ്‍സ് എടുക്കുന്നതിനിടെ നഷ്ടമായത് അഞ്ച് പ്രമുഖ ബാറ്റ്സ്മാന്മാര്. സ്കോര്‍ 129ലെത്തിയപ്പോള്‍ ശ്രേയസ് അയ്യരേയും(52) ഇന്ത്യക്ക് നഷ്ടമായി. പിന്നീടായിരുന്നു വാലറ്റത്തെ കൂട്ടുപിടിച്ചുള്ള ജഡേജയുടെ ചെറുത്തു നില്‍പ്പ്. നവദീപ് സൈനിയുമായി(45) 76 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ജഡേജ പടുത്തുയര്‍ത്തിയത്. കിവീസിന് വേണ്ടി ബെനറ്റ്, സൗത്തി, ജാമിസണ്, ഗ്രാന്ഥോം എന്നിവര്‍ രണ്ട് വീതവും നീഷം ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിന്റെ തുടക്കം മികച്ചതായിരുന്നു. 16-ാം ഓവറില്‍ ഓപ്പണര്‍ ഹെന്റി നിക്കോളാസ്(41) ചഹലിന്റെ ബോളിന് മുന്നില്‍ കുരുങ്ങി പുറത്താകുമ്പോള്‍ അതിഥേയരുടെ സ്കോര്‍ബോര്‍ഡില്‍ 93 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും കിവീസിന് തങ്ങളുടെ രണ്ടാം വിക്കറ്റും നഷ്ടമായി. ഇത്തവണ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത് മൂന്നാമനായി ഇറങ്ങിയ ബ്ലണ്ടലായിരുന്നു(22). താക്കൂറിന് പന്തില്‍ സൈനിക്ക് ക്യാച്ച് സമ്മാനിച്ചായിരുന്നു ബ്ലണ്ടലിന്റെ മടക്കം. (കിവീസ് സ്കോര്‍ രണ്ട് വിക്കറ്റിന് 142).
15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മാര്ട്ടിന് ഗപ്റ്റിലും (79) മടങ്ങി. സിംഗിളെടുക്കാന്‍ ശ്രമിക്കുന്നതിനിടെ റണ്ണൗട്ടാവുകയായിരുന്നു. ഗപ്തില്‍, റോസ് ടെയ്ലര് ( പുറത്താവാതെ 73) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റുകള്‍ വീണത് കിവീസിന് വിനയായി. ലാഥം (7), നീഷം(3), ഗ്രാന്തോം(5), ചാപ്മാന് (1), സൗതി (3) എന്നിവര്‍ രണ്ടക്കം കാണാതെ പുത്തായത് കിവീസ് സ്കോറിങിന് വിലങ്ങ് തടിയായി. കെയ്ല്‍ ജാമിസണ് (24 പന്തില്‍ 25) പുറത്താവാതെ നിന്നു. ടെയ്ലര്- ജാമിസണ് സഖ്യം 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമിക്ക് പകരം നവ്ദീപ് സൈനി ടീമിലെത്തി. ആദ്യ മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വിട്ടുനല്‍കിയ കുല്‍ദീപ് യാദവിന് പകരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. കിവീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. സ്പിന്നര്‍മാരായ ഇഷ് സോഥിയേയും മിച്ചല്‍ സാന്റ്നറേയും തഴഞ്ഞു. പകരം മാര്‍ക് ചാപ്മാന്, കെയ്ല്‍ ജാമിസണ് എന്നിവര്‍ ടീമിലെത്തി. ഇന്ത്യക്ക് വേണ്ടി യൂസ്വേന്ദ്ര ചാഹല്‍ മൂന്നും ഷാര്‍ദുല്‍ ഠാകൂര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: